കണ്ണൂർ: ജുവല്ലറി ഷോപ്പിലെ ജീവനക്കാരിയായ യുവതിയെ സീരിയൽ നടി ഗ്രീഷ്മക്ക് പരിചയപ്പെടുത്തിയ ആൾ അറസ്റ്റിലായി. മൊറാഴ സ്വദേശി എ ഷിജു(28) ആണ് അറസ്റ്റിലായത. യുവതിയെ പ്രേലോഭിപ്പിച്ച് അനാശാസ്യത്തിന് പ്രേരിപ്പിച്ചതിൽ ഇയാൾക്കും പങ്കുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഗ്രീഷ്മ ജോലി ചെയ്യുന്ന ജുവല്ലറിയുടെ മറ്റൊരു ശാഖയിലെ ജീവനക്കാരനാണ് ഇയാൾ. ഇയാളാണ് യുവതിയെ പ്രലോഭിപ്പിച്ച് വശത്താക്കാമെന്ന് ഗ്രീഷ്മയ്ക്കു വിവരം നൽകിയതും ഫോണിൽ ബന്ധപ്പെടാൻ സൗകര്യം ഒരുക്കിയതെന്നും പൊലീസ് പറഞ്ഞു.

അതിനിടെ ഗ്രീഷ്മ സമർപ്പിച്ച ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും. ഷിജുവിന്റെ അറസ്റ്റോടെ കേസിൽ രണ്ടു പേർ പിടിയിലായി. ഇയാളാണ് യുവതിയുടെ മൊബൈൽ നമ്പർ മുഖ്യപ്രതിയും സീരിയൽ നടിയുമായ ഗ്രീഷ്മയ്ക്കു കൈമാറിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയെ അനാശാസ്യത്തിനു പ്രേരിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിനാണ് ഗ്രീഷ്മ അറസ്റ്റിലായത്. സീരിയലിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചായിരുന്നു നടി ജൂവലറി ജോലിക്കാരിയെ ആദ്യം സമീപിച്ചത്. യുവതി താൽപര്യമില്ലെന്ന് പറഞ്ഞൊഴിഞ്ഞുവെങ്കിലും ഇവർ നിരന്തരം ഫോണിൽ വിളിച്ചു ശല്യപ്പെടുത്തി.

തന്നോടൊപ്പം രണ്ടോ മൂന്നോ ദിവസം വന്നാൽ ഇരുപതിനായിരമോ മുപ്പതിനായിരമോ രൂപവരെ സമ്പാദിക്കാമെന്നാണ് പറഞ്ഞത്. പെൺകുട്ടിക്ക് നല്ല കസ്റ്റമേഴ്‌സിനെ നൽകാമെന്നും നടി പറഞ്ഞു. പെൺവാണിഭ സംഘത്തിൽ കുടുക്കാൻ ശ്രമിച്ച സീരിയൽ നടി അറസ്റ്റിൽ. അതേസമയം അന്വേഷണം പുരോഗമിക്കവേ പൊലീസ് നേരത്തെ പറഞ്ഞ വാദങ്ങളിൽ നിന്നുമൊക്കെ പിന്നോട്ടു പോകുന്നുണ്ട്. പരാതിക്കാരിയായ യുവതിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടിലാണ് പൊലീസ് ഇപ്പോൾ.