സ്ത്രീകൾ മദ്യപിക്കുന്നതിൽ എന്താണു തെറ്റ്? ആണുങ്ങൾ മദ്യപിക്കുന്നുണ്ടല്ലോ. അതുപോലെ എന്തുകൊണ്ട് സ്ത്രീകൾക്കും മദ്യപിച്ചുകൂടാ? സീരിയൽ നടി സ്‌നേഹ നമ്പ്യാരുടേതാണു ചോദ്യം. താൻ മദ്യപിക്കുമെന്നു തുറന്നു പറയാനും ഈ താരത്തിനു മടിയില്ല.

മദ്യപിക്കുന്നത് ആരുടെ കൂടെ, എവിടെ എന്നതാണ് പ്രശ്‌നം എന്നു സ്‌നേഹ പറയുന്നു. 'ഞാൻ മദ്യപിക്കുന്നത് ഒരുപക്ഷേ എന്റെ ഭർത്താവിനൊപ്പമായിരിക്കും. അല്ലെങ്കിൽ അടുത്ത കൂട്ടുകാർക്കൊപ്പം. അതുകൊണ്ട് സമൂഹത്തിന് ഒരു നഷ്ടവുമില്ല. മദ്യത്തെ ന്യായീകരിക്കുകയല്ല. മദ്യം കഴിക്കുന്നത് തെറ്റാണെന്ന വിശ്വാസക്കാരിയാണ് ഞാനും. പക്ഷേ അത് ഒരു വ്യക്തിയുടെ സ്വകാര്യതയാണ്.'- മംഗളം വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ സ്‌നേഹ പറഞ്ഞു.

ഭർത്താവിനൊപ്പമാണ് പരീക്ഷമെന്ന നിലയ്ക്ക് ആദ്യം ബിയർ കുടിച്ചതെന്നും സ്‌നേഹ പറയുന്നു. തമിഴ്‌നാട് സ്വദേശിയായ ഈശ്വറാണ് സ്‌നേഹയുടെ ഭർത്താവ്. മദ്യപിച്ചിരിക്കുമ്പോൾ ഭർത്താവ് ഒരു ദിവസം 'എന്തുകൊണ്ട് സ്‌നേഹയ്ക്ക് കഴിച്ചുകൂടാ?' എന്നു ചോദിക്കുകയായിരുന്നു. അങ്ങനെയാണ് ഒരു പരീക്ഷണമെന്ന നിലയ്ക്ക് ബിയർ കഴിച്ചത്. ബിയർ മാത്രമല്ല, ഹോട്ടും പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. മദ്യപിക്കുന്നു എന്നു പറയാൻ പലർക്കും മടിയാണ്. അവരെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല. അബദ്ധത്തിൽ ട്രാഫിക്കിലോ മറ്റോ പെട്ടാൽ മദ്യപിച്ച് വണ്ടിയോടിച്ചു എന്നൊക്കെയായിരിക്കും വാർത്തകൾ. അല്ലെങ്കിൽ ഏതെങ്കിലുമൊരുത്തൻ വാട്ട്‌സപ്പിലിട്ടാലും തീർന്നില്ലേ ജീവിതം? ഞാൻ പേടിക്കേണ്ടത് എന്റെ കുടുംബത്തെയാണ്. അല്ലാതെ മറ്റാരെയും ബോധ്യപ്പെടുത്തേണ്ടതില്ല. അതുകൊണ്ടുതന്നെ സമൂഹത്തിന് ഇക്കാര്യത്തിൽ എന്നെ വിമർശിക്കാൻ അധികാരമില്ലെന്നും സ്‌നേഹ തുറന്നടിക്കുന്നു.

സംശയരോഗം ഏറ്റവും കൂടുതലുള്ളത് മലയാളികൾക്കാണെന്നും സ്‌നേഹ പറയുന്നു. വിവാഹശേഷം അഭിനയിക്കുന്ന കാര്യത്തിൽ ഭർത്താവിൽ നിന്നു പൂർണ പിന്തുണയാണു ലഭിച്ചത്. തനിക്ക് താൽപര്യമുണ്ടെങ്കിൽ അഭിനയം തുടർന്നോളൂ എന്നാണ് ഈശ്വർ പറഞ്ഞതെന്ന് സ്‌നേഹ ഓർക്കുന്നു. ഒരുപക്ഷേ ഒരു മലയാളിയെയാണ് വിവാഹം കഴിച്ചതെങ്കിൽ ഇത്രയും സ്വാതന്ത്ര്യം കിട്ടുമായിരുന്നില്ല എന്നു തോന്നിയിട്ടുണ്ട്. മലയാളികൾക്ക് സംശയരോഗം കൂടുതലാണ്.

ചിലപ്പോഴൊക്കെ സീരിയൽ ആവശ്യാർഥം രാത്രി പതിനൊന്ന് മണിക്കൊക്കെയാവും ഫോൺ വരിക. മാത്രമല്ല, ഈ മേഖലയിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. അവരുമായുള്ള കമ്യൂണിക്കേഷനിലൊന്നും ഈശ്വർ അസ്വസ്ഥപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. തമിഴനായ ഒരാൾ ജീവിതത്തിലേക്ക് വന്നാൽ കമ്യൂണിക്കേഷൻ പ്രശ്‌നമാവുമോ എന്ന ആശങ്കയുണ്ടായിരുന്നു. രണ്ട് സംസ്‌കാരങ്ങൾ, സാഹചര്യങ്ങൾ എന്നിവയോട് പൊരുത്തപ്പെട്ടുപോകുമോ എന്ന സംശയം. എന്നാൽ അതെല്ലാം അസ്ഥാനത്താണെന്ന് പിന്നീട് തെളിഞ്ഞു. നിനക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുക. അതൊരിക്കലും മറ്റുള്ളവരെ വേദനിപ്പിക്കുന്നതാവരുത് എന്നാണ് ഭർത്താവിന്റെ സിദ്ധാന്തമെന്നും സ്‌നേഹ പറഞ്ഞു.

ആദ്യത്തെ തമിഴ് സീരിയലായ 'അഹല്യ'യിലെ മീര എന്ന മോഡൽ ഗേളിന്റെ വേഷമാണ് സ്‌നേഹയ്ക്കു കുടുംബജീവിതം സമ്മാനിച്ചത്. സീരിയൽ കണ്ട വീട്ടമ്മയാണ് തന്റെ മകനു വേണ്ടി സ്‌നേഹയെ വിവാഹം ആലോചിച്ചത്. തുടർന്ന് വീട്ടിൽ ആലോചനകൾക്കു ശേഷം വിവാഹം ഉറപ്പിക്കുകയായിരുന്നു.

പുരുഷനും സ്ത്രീയും ഒരിക്കലും തുല്യരല്ലെന്ന് എനിക്ക് നന്നായി അറിയാമെന്നും സ്‌നേഹ പറയുന്നു. ആണുങ്ങളെപ്പോലെ ഷർട്ടിടാതെ നടക്കാൻ സ്ത്രീകൾക്ക് കഴിയുമോ? ആണുങ്ങൾക്ക് കള്ളുകുടിച്ച് റോഡിൽ കിടക്കാം. അവർക്കറിയാം, എന്തു ചെയ്താലും താങ്ങാനൊരു പെണ്ണുണ്ടാവുമെന്ന്. ആണിന് എത്ര ചീത്തപ്പേര് വന്നാലും കുഴപ്പമില്ല.
എന്നാൽ പെണ്ണ് മദ്യപിച്ചുവന്നാൽ ഭർത്താവ് വരെ ഇട്ടിട്ടുപോകും. ഭാര്യ മരിച്ച എത്രയെത്ര ഭർത്താക്കന്മാർ പുനർവിവാഹം ചെയ്യുന്നു. എന്നാൽ ഭർത്താവ് മരിച്ച പെണ്ണിന് വിവാഹാലോചന പോലും വരില്ല. വന്നാൽത്തന്നെ അവൾ ശരിയല്ലെന്ന് സമൂഹം വിധിയെഴുതും. ഇങ്ങനെയുള്ള വിവേചനങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അത് പെട്ടെന്നൊന്നും മാറ്റാൻ കഴിയില്ലെന്നും സ്‌നേഹ അഭിമുഖത്തിൽ പറയുന്നു.