മോസ്‌കോ: ഒരു കൊലപാതകക്കേസിൽ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തപ്പോൾ പൊലീസുകാർ ഞെട്ടിപ്പോയി. മുൻ പൊലീസുകാരനായ പ്രതി അതുവരെ എൺപതോളം സ്ത്രീകളെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊന്നുതള്ളിയെന്ന വിവരമാണ് അയാൾ വെളിപ്പെടുത്തിയത്. മിഖായേൽ പോപ്കോവ് എന്ന മുൻ റഷ്യൻ പൊലീസുകാരൻ അടുത്തിടെ അറസ്റ്റിലായതോടെ ആണ് ഈ വെളിപ്പെടുത്തൽ ഉണ്ടായത്. 

തുടർന്ന് ഇയാളെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തെ ഞെട്ടിക്കുന്നതായിരുന്നു പോപ്കോവിന്റെ തുറന്നുപറച്ചിൽ. എൺപതിലധികം സ്ത്രീകളെയാണ് ഇയാൾ ബലാൽസംഗത്തിനു ശേഷം നിർദ്ദയം കൊല ചെയ്തത്.

എത്ര സ്ത്രീകളെ ഭോഗിച്ച് കൊന്നിട്ടുണ്ട് എന്ന് കോടതിയിൽ വച്ച് ജഡ്ജി ചോദിച്ചപ്പോൾ താൻ കണക്ക് സൂഷിക്കാറില്ല എന്നായിരുന്നു പോപ്കോവിന്റെ മറുപടി. ഏകദേശം 82 സ്ത്രീകൾ ഇയാളുടെ ക്രുരതയ്ക്കിരയായിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. യഥാർത്ഥ സംഖ്യ ഇതിൽ കൂടുതൽ ആയിരിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മനോനിലയിലെ തകരാറും ഭാര്യ വിശ്വാസ വഞ്ചന കാട്ടിയെന്ന തിരിച്ചറിവും കൊലപാതകം ചെയ്യാൻ ഇയാളെ പ്രേരിപ്പിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.

സൈബീരിയയിലെ അങ്കാർസ്‌കിലാണ് ഇയാൾ കൂട്ടക്കുരുതി നടത്തിയത്. പതിനെട്ട് വർഷ കാലയളവിലാണ് പോപ്കോവ് ക്രൂരകൃത്യം മുഴുവൻ ചെയ്തത്. താൻ ബലാത്സംഗം ചെയ്തുകൊല്ലുന്ന സ്ത്രീകളുടെ തലയറുത്ത് മാറ്റുന്നതും ഇയാളുടെ ശൈലിയായിരുന്നു. ചിലരുടെ ഹൃദയം തരുന്നെടുത്തിരുന്നു. തന്റെ ഇരകളെ മരണത്തിന് മുമ്പും ശേഷവും ലൈംഗിക വൈകൃതത്തിന് ഇരയാക്കുന്നതിൽ ഇയാൾ ആനന്ദം കണ്ടെത്തിയിരുന്നു. മാതൃകാ പൊലീസ് ഉദ്യോഗസ്ഥനായും കുടുംബനാഥനായും സമൂഹത്തിൽ ജീവിക്കുമ്പോൾ തന്നെയാണ് ഇയാൾ ക്രൂരമായ കൊലപാതകങ്ങൾ ചെയ്തിരുന്നത്.

പോപ്കോവിന്റെ ഇരയായവരിൽ സർക്കാർ ജീവനക്കാരും വേശ്യകളും ഫാക്ടറി ജീവനക്കാരും വിദ്യാർത്ഥിനികളും ഉൾപ്പെട്ടിരുന്നു. തങ്ങൾക്ക് മുന്നിൽ മാതൃകാ പുരുഷനായി ജീവിച്ച പോപ്കോവ് ഇത്രയും ക്രൂരകൃത്യം ചെയ്തുവെന്ന വാർത്ത മക്കളും ബന്ധുക്കളും ഞെട്ടലോടെയാണ് കേട്ടത്.

1992ലാണ് പോപ്കോവ് ആദ്യ കൊലപാതകം ചെയ്തത്. ഒരു സ്ത്രീയെ കൊല്ലണമെന്ന അതിയായ മോഹത്തിന്റെ പേരിൽ താൻ വാഹനത്തിൽ ലിഫ്റ്റ് നൽകിയ സ്ത്രീയെ കൊല്ലുകയായിരുന്നെന്ന് പോപ്കോവ് വെളിപ്പെടുത്തി. പിന്നീട് മനസ് മരവിപ്പിക്കുന്ന നിരവധി കൊലപാതകങ്ങൾ പോപ്കോവ് ചെയ്തു കൂട്ടി. ഏറ്റവും ക്രൂരനായ സീരിയൽ കില്ലറായിട്ടായിട്ടായിരിക്കും ഇനി ചരിത്രത്താളുകളിൽ ഇയാൾ അറിയപ്പെടുക.