ആലപ്പുഴ:നഴ്‌സിങ് വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാധിക്ഷേപം ചൊരിഞ്ഞതടക്കം ചേർത്തല എസ്എച്ച് നഴ്സിങ് കോളേജിനെതിരെ ഗുരുതര ആരോപണങ്ങൾ. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ സർവകലാശാലയ്ക്ക് നഴ്സിങ് കൗൺസിൽ റിപ്പോർട്ട് നൽകി. വൈസ് പ്രിൻസിപ്പിലിന് എതിരെയാണ് പരാതി. വൈസ് പ്രിൻസിപ്പൽ ലൈംഗികമായി അധിക്ഷേപിച്ചെന്ന് നഴ്‌സിങ് വിദ്യാർത്ഥിനികൾ പരാതിപ്പെട്ടു. ഒരുമിച്ചു നടക്കുന്നവരെ സ്വവർഗാനുരാഗികളെന്ന് ആരോപിക്കുന്നു. നിർബന്ധിച്ചു ഡോക്ടർമാരുടെ ചെരുപ്പ് വൃത്തിയാക്കിച്ചെന്നും പരാതിയിൽ പറയുന്നു.

നേരത്തേ സംഭവത്തിലെ ചില ഓഡിയോ ക്ലിപ്പുകൾ നഴ്‌സിങ് കൗൺസിലിനു ലഭിക്കുകയും കോളജിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. പരിശോധനയിൽ വിദ്യാർത്ഥികൾ പരാതി പറഞ്ഞുവെന്നാണു റിപ്പോർട്ടിൽ പറയുന്നത്. യൂണിഫോമിൽ ചുളിവ് വീണാൽ പോലും വൈസ് പ്രിൻസിപ്പൽ അതു ലൈംഗികമായി വ്യാഖ്യാനിക്കുന്നുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിലെ ശുചിമുറിയും വിദ്യാർത്ഥിനികളെകൊണ്ടു വൃത്തിയാക്കിച്ചു. വിദ്യാർത്ഥികളെ വീടുകളിലേക്കു പോകാൻ അനുവദിക്കുന്നില്ലെന്നും നഴ്‌സിങ് കൗൺസിലിന്റെ റിപ്പോർട്ടിൽ പരാതിയായുണ്ട്.

ദിവസേന നിർബന്ധമായും പ്രാർത്ഥനാചടങ്ങുകളിൽ പങ്കെടുക്കണമെന്ന നിബന്ധനയും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ജയിലിന് സമാനമെന്നാണ് ഹോസ്റ്റലിനെ നഴ്സിങ് കൗൺസിൽ റിപ്പോർട്ടിൽ വിശേഷിപ്പിച്ചിരിക്കുന്നത്. അവധി ദിനത്തിൽ പോലും വീട്ടിൽ പോവാൻ സാധിക്കില്ല. പോയാൽ പിഴ ഈടാക്കും, മൊബൈൽ ഫോൺ ഉപയോഗിക്കാൻ ഒരു മണിക്കൂർ മാത്രമാണ് അനുമതി, ഹോസ്റ്റൽ മുറി തിങ്ങി നിറഞ്ഞതിൽ പരാതിപ്പെട്ടാൽ ഇരുട്ടു മുറിയിലേക്ക് മാറ്റും.

റിപ്പോർട്ട്് സംബന്ധിച്ച് പത്താം തീയതി പിടിഎ യോഗം ചേരും. യോഗത്തിൽ ആരോഗ്യ സർവകലാശാലയും പങ്കെടുക്കും. നിയമ നടപടികൾ ആവശ്യമാണെങ്കിൽ സ്വീകരിക്കുമെന്ന് ആരോഗ്യ സർവകാശാല വ്യക്തമാക്കിയിട്ടുണ്ട്. കോളേജിൽ നേരിടുന്ന ദുരനുഭവങ്ങൾ സംബന്ധിച്ച് ഒരു വിദ്യാർത്ഥി നഴ്സിങ് കൗൺസിലിനയച്ച ശബ്ദ സന്ദേശമാണ് ആദ്യം നഴ്സിങ് കൗൺസിലിന് ലഭിച്ചതെന്നും ഇതാണ് ഇടപെടലിലേക്ക് നയിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ച നഴ്സിങ് കൗൺസിലിന്റെ മൂന്ന് പ്രതിനിധികൾ കോളേജിൽ എത്തി പരിശോധന നടത്തി. വിദ്യാർത്ഥികളിൽ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.