ലോക ഗുരു ശ്രീനാരായണഗുരുദേവന്റെ ജന്മ ദിനമായ ഓഗസ്റ്റിലെ ചതയത്തിൽ ആഘോഷം പ്രൗഢഗംഭീരമാക്കുന്നതിനുള്ള ഒരുക്കങ്ങൾ യുകെയിലേക്ക് കുടിയേറിയ ശ്രീനാരായണീയർ ആരംഭിച്ചു. യുകെയിലെ ശ്രീനാരായണീയരുടെ സംഘടനയായ സേവനം യുകെയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചതയദിന ആഘോഷത്തിൽ മന്ത്രി അടൂർ പ്രകാശ് മുഖ്യാതിഥിയാകും. ഓഗസ്റ്റ് 30 ന് യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റ് എന്ന സ്ഥലത്താണ് യുകെയിലെ ആദ്യത്തെ അപൂർവ്വമായ ചതയാഘോഷം നടക്കുക. നാട്ടിലെ ഓണാഘോഷം പോലും ഉപേക്ഷിച്ചാണ് കേരള റവന്യു മന്ത്രി അടൂർ പ്രകാശ് ഗുരുജയന്തി ആഘോഷത്തിനായി എത്തുന്നത്.

കഴിഞ്ഞ ആറു മാസമായി ജയന്തി ആഘോഷം അടിപൊളിയാക്കാനുള്ള ഒരുക്കങ്ങൾ സേവനം യുകെയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. വിവിധ കുടുംബ യൂണിറ്റുകൾ ഒരുമിച്ചു അണിനിരക്കുന്ന ചതയ ദിനാഘോഷം വർണ്ണാഭമാക്കാൻ വിവിധ കമ്മറ്റികൾക്കാണ് ചുമതല. ജയന്തി ആഘോഷം ഉജ്വലമാക്കുവാൻ സ്‌റ്റോക്ക് ഓൺ ട്രെന്റ് കുടുംബ യൂണിറ്റ് കൺവീനർ കൂടിയായ എം.ജി മുരളീധരനെ കൺവീനറാക്കി 101 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ഭക്ഷണം, സ്വീകരണം, കലാപരിപാടികൾ എന്നിവക്കായി വിവിധ സബ് കമ്മറ്റികളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഗുരുദേവജയന്തി സ്ഥലത്ത് നാട്ടുവാനുള്ള കൊടിമരം ഇത്തവണ ഗ്ലോസ്റ്റർ ചെത്‌നം കുടുംബ യൂണിറ്റാണ് കൊണ്ട് വരുന്നത്. ഇത്തവണ സേവനം യു.കെ രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ ജയന്തി ആഘോഷം കൂടിയാണ് എന്നുള്ള പ്രത്യേകതയുമുണ്ട്. വ്യക്തിഗത പണപിരിവും ഇല്ലാതെ നടത്തുന്ന ജയന്തി എന്ന പ്രത്യേകതയും ആഘോഷങ്ങൾക്കുണ്ട്. ഇപ്പോൾ 200 ലേറെ കുടുബങ്ങൾ അംഗങ്ങളാണ് സേവനം യുകെയിൽ. ജയന്തി ആഘോഷങ്ങൾക്ക് മന്ത്രിയെ കൂടാതെ പ്രമുഖ വ്യക്തിക്ത്വങ്ങളും പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപള്ളി നടേശന് ദീർഘദൂരം വിമാന യാത്ര ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് ജയന്തി ആഘോഷത്തിനു എത്തുവാൻ കഴിയാത്തതെന്ന് സേവനം യു.കെ വൈസ് ചെയർമാൻ ശ്രീകുമാർ കല്ലിട്ടതിൽ അറിയിച്ചു. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപള്ളി നാട്ടിൽ നിന്നും ജയന്തി ആഘോഷ സമയത്ത് വിട്ടു നില്ക്കാൻ കഴിയാത്തതിനാലാണ് എത്താത്തതെന്നും ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു. യോഗത്തിന്റെ മുഴുവൻ പിന്തുണയും യോഗം നേതാക്കൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

യു.കെയിൽ ശാഖകളുടെ പ്രവർത്തനം നടത്താൻ സാങ്കേതികമായി ബുദ്ധിമുട്ടുള്ളതിനാൽ കുടുംബ യൂണിറ്റുകളായി രൂപീകരിച്ചു പ്രവർത്തനം ശക്തമാക്കണമെന്ന യോഗം വൈസ് പ്രസിഡന്റ് ആയ തുഷാർ വെള്ളാപള്ളിയുടെയും കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് യു.കെയിൽ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചു കുടുംബ യൂണിറ്റുകൾ രൂപീകരിച്ചതും തുടർന്ന് സേവനം യു.കെ രൂപീകരിച്ചതും. യു.കെയിലെ മുഴുവൻ ശ്രീനാരായണീയ സമൂഹത്തിന്റെ ഏക കൂട്ടായ്മയായി മാറിയ സേവനം യു.കെ യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും, മറ്റു പുരോഗമന പ്രവർത്തനങ്ങളും എസ്.എൻ ഡി.പി യോഗവുവുമായും ചേർന്ന് യു.കെയിലെ യോഗത്തിന്റെ പോഷക സംഘടന എന്ന പോലെ നടത്തുവാനും സേവനം യു.കെ തീരുമാനിച്ചു. സേവനം കർമ്മ പദ്ധതികൾ യോഗം ജനറൽ സെക്രട്ടറിയുമായി ചർച്ച ചെയ്തു മാത്രമാണ് നടപ്പിലാക്കുന്നത്.