കൊച്ചി: കമ്മോദിറ്റി വിപണിയിൽ നിക്ഷേപിക്കുന്നതിലൂടെ പ്രതിവർഷം മുപ്പതു ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്ത് സംസ്ഥാനത്തു നിന്ന് സമാഹരിച്ച വൻ തുകയുമായി വൈക്കം തലയോലപ്പറമ്പ് സ്വദേശികൾ മുങ്ങിയതായി പരാതി. ഗൾഫിലെത്തിയ ഇവർ അവിടെയും തട്ടിപ്പു തുടരുന്നതായാണ് വിവരം. 300 കോടിയിലേറെ തുക ഇവർ ഇത്തരത്തിൽ സമാഹരിച്ചതായാണ് പരാതിയിൽ പറയുന്നത്. 

വടയാർ വില്ലേജിലെ തലയോലപ്പറമ്പ് മാളിയേക്കൽ വീട്ടിലെ ഓമനക്കുട്ടൻ, ഭാര്യ സിനി, മകൻ ശരത് മാളിയേക്കൽ എന്നിവരാണ് ആദ്യ മൂന്നു പ്രതികൾ. കൂ്ട്ടാളികളായ മറവൻ തുരുത്തു മഠത്തിൽ വീട്ടിൽ ബൈജു, വയലാർ വേലമഠത്തിൽ സലി എന്നിവരാണ് മറ്റു പ്രതികൾ.

ഓഹരി വിപണിക്ക് സമാനമായ നിക്ഷേപമാർഗ്ഗമാണ് കമ്മോദിറ്റി എക്ചേഞ്ച്. കമ്പനികളുടെ ഓഹരികൾക്കു പകരം അവിടെ വിപണനം ചെയ്യപ്പെടുന്നത് സ്വർണ്ണവും പ്്ളാറ്റിനവും ക്രൂഡോയിലും ഉൾപ്പടെയുള്ള കമ്മോദിറ്റികളാണ്. ഓഹരി നിക്ഷേപത്തിനേക്കാൾ കൂടുതൽ ലാഭം കുറഞ്ഞ കാലം കൊണ്ട് നേടാൻ കഴിയുമെന്നതാണ് ഈ നിക്ഷേപത്തെ ഭാഗ്യാന്വേഷകർക്ക് പ്രിയംകരമാക്കുന്നത്. എന്നാൽ ഏതൊരു നിക്ഷേപത്തേക്കാൾ റിസ്‌ക്ക് കൂടിയതാണ് ഇതിലെ അപകടം. അതീവ ശ്രദ്ധയും കരുതലും ഈ രംഗത്തെത്തുന്നവർക്കുണ്ടായില്ലെങ്കിൽ ഏതു നിമിഷവും പണം നഷ്ടമാകാം.

അവതാർ ആനിമേഷൻസ് പ്രൈവറ്റ് ലിമിറ്റ്ഡ്,സൂര്യഗയ ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്,സെലിബ്രസ് കമോദിറ്റീസ് ലിമിറ്റഡ് എന്നീ കമ്പനികൾ നിലവിലുണ്ടെന്നും,നാഷണൽ മൾട്ടി കമോദിറ്റി എക്്‌സ്‌ച്ചേഞ്ച് ഓഫ് ഇന്ത്യയിൽ അംഗത്വമുള്ളതാണെന്നും,നാഷണൽ സ്‌റ്റോക്ക് എക്്‌സേഞ്ചിന്റെ അംഗീകാരമുള്ളതാണെന്നും വ്യാപകമായ പ്രചാരണം നടത്തിയായിരുന്നു സംഘത്തിന്റെ തട്ടിപ്പ്.ബിസിനസിൽ പണം മുടക്കിയാൽ വൻലാഭമെന്നായിരുന്നു പ്രലോഭനം.25 ലക്ഷത്തിൽ അധികം നിക്ഷേപിക്കുന്നവർക്ക് സിങ്കപ്പൂർ യാത്ര, പുതിയ അംഗങ്ങളെ ചേർ്ക്കുന്നവർക്ക് അഞ്ച ശതമാനം മുതൽ 24 ശതമാനം വരെ കമ്മീഷൻ എന്നിങ്ങനെ പോകുന്നു പ്രലോഭനങ്ങൾ.

എറണാകുളത്ത് പനമ്പള്ളി നഗറിലും, തലയോലപ്പറമ്പ് -എറണാകുളം റോഡിൽ ഇൻഡസ് മോട്ടോഴ്‌സിന് സമീപം സെലിബ്രസ് എന്ന കമ്പനിയുടെ ബോർഡ് വച്ചുമായിരുന്നു പ്രവർത്തനം.ഓമനക്കുട്ടനടക്കമുള്ളവർ ഇടപാടുകാരെ തങ്ങളുടെ വാക്‌സാമർഥ്യത്തിലൂടെയും, മധുരഭാഷണത്തിലൂടെയും മയക്കിയെടുക്കുകയായിരുന്നു.എന്നാൽ, 2016 നവംബറോടെ, തട്ടിപ്പുകാർ, ഇടപാടുകാർക്ക് പണം തിരികെ നൽകാതായി.ആദായനികുതി-എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുടെ ഇടപെടലിനെ പഴിചാരിയാണ് ആദ്യം ഇക്കൂട്ടർ രക്ഷപ്പെട്ടത്. ഒടുവിൽ ഹയർ സെക്കൻഡറി അദ്ധ്യാപകൻ അടക്കമുള്ളവരെ വഞ്ചിച്ച് ഓഫീസും പൂട്ടി സംഘം ഗൾഫിലേക്ക് കടന്നു.

കമോദിറ്റി എക്‌സച്ചേഞ്ചിൽ പണം മുടക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് സംഘം ഇടപാടുകാരിൽ നിന്ന് 300 കോടിയോളമാണ് തട്ടിയെടുത്തത്. കുറ്റകരമായ വഞ്ചനയ്ക്കും, ചതിക്കും, സത്യവിരുദ്ധമായി പണം തട്ടിയെടുത്തതിനും, പ്രതികളെ അറസ്റ്റ് ചെയ്യമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ അദ്ധ്യാപകനും മറ്റുചിലരും കേസ് നൽകിയിട്ടുണ്ട്. എന്നാൽ തട്ടിപ്പ് സംഘം ഇതിനിടെ ദുബായിലും മറ്റും പുതിയ ഓഫീസ തുറന്ന് പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. തട്ടിപ്പ് സംഘത്തെ എത്രയും വേഗം പിടികൂടി നാട്ടിലെത്തിച്ച് ഈ റാക്കറ്റിന്റെ വഞ്ചനയ്ക്കിരയാകുന്നവരെ  രക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.