കൊച്ചി: സെക്‌സ് റാക്കറ്റിനെ പ്രോത്സാഹിച്ച് വീണ്ടും മാതൃഭൂമിയുടെ പരസ്യം. ഫ്രണ്ട്‌സ് ആൻഡ് ഫാമിലി എന്റർടൈന്മെന്റ് എന്ന കമ്പനിയുടെ പേരിലുള്ള പരസ്യം എൻർടൈയിന്മെന്റ് വിഭാഗത്തിലാണ് നൽകിയിരിക്കുന്നത്.

എറണാകുളത്തെ മരട് എന്ന സ്ഥലത്തെ മുകുന്ദം ആർക്കൈഡിൽ രണ്ടാമത്തെ നിലയിലെ 301-ാം നമ്പർ റൂമാണ് കമ്പനിയുടെ വിലാസം. പരസ്യത്തിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചാൽ ഫോൺ എടുക്കുന്ന സ്ത്രീയുടെ ശബ്ദം കേട്ടാൽ നാൽപതു വയസിനു മുകളിൽ തോന്നും. എന്താണ് സേവനം എന്നു ചോദിക്കുന്നവരോട് പറയുന്ന ഉത്തരം വ്യക്തം.

ഭർത്താക്കന്മാർ മരിച്ചതും ഗൾഫിലുള്ളതും ഉപേക്ഷിച്ചവരുമായ വിവാഹിതരായ സ്ത്രീകളുടെ കൂട്ടായ്മ. ഇത് ഒരു ക്ലബാണ്. അവർക്ക് ലൈംഗികസുഖം നൽകുകയാണ് വിളിക്കുന്നവരുടെ കടമ. രജിസ്ട്രഷൻ ഫീസായി 5750 രൂപ നൽകണം. മുപ്പതുശതമാനം ക്ലബിന്റെ മെമ്പർഷിപ്പ ് എടുക്കാനാണ്. ബാക്കി തുക ഡെപ്പോസിറ്റായി ആവശ്യക്കാരന്റെ പേരിൽ കിടക്കുമെന്നാണ് വാദം.

വിളിക്കുന്നയാൾക്ക് നല്ല ജോലിയുണ്ടായിരിക്കണം എന്നത് ഉറപ്പ്. വിദ്യാർത്ഥികളെ ഇവർ പ്രോത്സാഹിപ്പിക്കില്ല. വിദ്യാർത്ഥികളാണെങ്കിൽ പറ്റില്ല എന്ന കർക്കശമായി പറയും. സമൂഹത്തിലെ ഉന്നത നിലയിലുള്ളവരും, സീരിയൽ താരങ്ങളും പ്രമുഖ വനിതാ രാഷ്ട്രീയക്കാരും എന്തിനും തയ്യാറായി ഉണ്ടെന്നാണ് ഇവരുടെ അവകാശവാദം. ഇതിനായുള്ള സ്ഥലവും അവർതന്നെ നൽകുമത്രേ. ആവശ്യക്കാരന് അക്കൗണ്ട് നമ്പർ നൽകും.

പിന്നീടാണു തട്ടിപ്പ് അരങ്ങേറുന്നത്. 5750 രൂപ അടച്ചുകഴിഞ്ഞാൽ പിന്നെ എത്ര തവണ ഫോൺ വിളിച്ചാലും അവർ എടുക്കില്ല. വേറെ നമ്പറുകളിൽനിന്നു വിളിച്ച് നേരത്തെ വിളിച്ചിരുന്നവരാണെന്നു പറഞ്ഞാൽ ഉടൻ ഫോൺ കട്ടുചെയ്യുകയാണ് പതിവ്. ചിലരോട് ആദ്യം അടച്ചത് മെമ്പർഷിപ്പ് പണമാണെന്നും കൂടുതൽ തുക നൽകിയാൽ മാത്രമേ ആളെ ലഭിക്കുവെന്നും പറയുന്നു. പണമടച്ചു കഴിയുമ്പോഴാണു തട്ടിപ്പ് മനസിലാകുന്നത്. അഭിമാനക്ഷതമായതിനാൽ പോയ പണം പോട്ടെ എന്നു കരുതി ആരും പരാതിപ്പെടാറുമില്ല. ഇതിനോടകം നിരവധി പേർ ഈ തട്ടിപ്പിൽപെട്ടിട്ടുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് റിപ്പോർട്ടർ ചാനലിൽ ഈ വാർത്ത നൽകിയിരുന്നു. തട്ടിപ്പാണെന്ന് മനസിലാക്കി പൊലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. എന്നാൽ തട്ടിപ്പുകാരെ പിടിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നതിന്റെ തെളിവായാണ് പരസ്യവുമായി വീണ്ടും തട്ടിപ്പുകാർ സജീവമായത്.