തൊഴിൽ സ്ഥലത്തെ പീഡനങ്ങൾ നിരവധി നടക്കുന്നുണ്ട്. എന്നാൽ ആരും പരാതിയുടെ പുലിവാല് പിടിക്കാൻ നിൽക്കില്ല. മുതലാളിമാർക്കെതിരെ നിലകൊണ്ടാൽ പരാതികൊടുക്കുന്നവർ അപമാനിക്കപ്പെടുന്ന സമൂഹമാണിത്. അതും പരാതി മാദ്ധ്യമസ്ഥാനപനത്തിലെ ഉന്നതനെതിരെ ആകുമ്പോൾ തീർത്തും സൂക്ഷിക്കണം. പക്ഷേ ചിലർ ഇതൊന്നും കാര്യമാക്കില്ല. അപ്പോൾ വമ്പന്മാരുടെ കൈയിൽ വിലങ്ങു വീഴും.

ജോലിസ്ഥലത്ത് സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ലോകമെമ്പാടും സംവാദങ്ങൾ നടന്നുവരുന്നു. ഇതിനായി പ്രത്യേക നിയമങ്ങളും നിലവിലുണ്ട്. ഈ വിഷയത്തിൽ ബോധവൽക്കരണം ഉണ്ടാക്കുന്നതിൽ മാദ്ധ്യമങ്ങൾക്ക് മുഖ്യപങ്കുണ്ട്. മാദ്ധ്യമസ്ഥാപനങ്ങളിൽ സ്ത്രീകൾക്കെതിരായ ക്രൂരതകൾ നടന്നാൽ പിന്നെ എന്തു ചെയ്യും. രാജ്യത്തെ പ്രമുഖ മാദ്ധ്യമ ഗ്രൂപ്പാണ് സൺ നെറ്റ് വർക്ക്. ഈ സ്ഥാപനത്തിൽ നിന്ന് രണ്ട് പീഡന വാർത്തകൾ പുറത്തുവന്നു. രണ്ടിലും അറസ്റ്റും ഉണ്ടായി.

2013 മാർച്ചിൽ സൺ ന്യൂസിന്റെ ന്യൂസ് എഡിറ്റർ രാജ ലൈംഗിക പീഡനക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ തമിഴ്‌നാട് മുഴുവൻ നടുങ്ങി. പരാതി നൽകിയ സ്ത്രീ അതേ ഓഫീസിൽ വാർത്താ അവതാരകയായി ജോലി ചെയ്തുവന്ന അഖില. ഈ കേസ് ഇപ്പോഴും സ്വേതാപേട്ട് കോടതിയിൽ നടന്നുവരികയാണ്. ഈ സംഭവം നടന്ന് ഒന്നര വർഷത്തിനു ശേഷം വീണ്ടും സൺ ഗ്രൂപ്പിൽ പീഡനപരാതി ഉയർന്നിരിക്കുന്നു.

ഇത്തവണ 'മന്മഥരാജാവ്' ആയി തുറന്നു കാട്ടപ്പെട്ടത് പ്രവീൺ. സൺ നെറ്റ്‌വർക്കിന്റെ സിഒഒ ആയി ചെന്നെയിൽ ചുമതലയിൽ ഇരിക്കുന്ന ആളാണ് ഇദ്ദേഹം. സ ൺഗ്രൂപ്പിന്റെ എല്ലാ ചാനലുകളുടെയും നിർവ്വഹണ, ഉത്തരവാദിത്തമുള്ള മുഖ്യപദവിയാണിത്. ഇയാളുടെ പേരിൽ പരാതി നൽകിയിരിക്കുന്ന പ്രീതി ശിവൻ (പേര് മാറ്റി) 38 വയസ്സുള്ള എൽഎൽബി, എംബിഎ ബിരുദധാരിയാണ്. പീഡിപ്പിച്ചയാളും പരാതിക്കാരിയും മലയാളികളാണ്.

സൺ നെറ്റ്‌വർക്കിന്റെ മലയാളം ചാനലായ സൂര്യ ടിവിയിൽ പ്രോഗ്രാം ഹെഡ് ആയി ജോലി ചെയ്തിരുന്നു ഇവർ. ജോലി സംബന്ധമായി ഇരുവരും ഇടയ്ക്കിടെ കാണേണ്ട സാഹചര്യം. ഈ സന്ദർഭങ്ങളിലാണ് സി പ്രവീൺ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതത്രെ. ഇത് സംബന്ധിച്ച് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച്് പൊലീസിൽ ഇവർ പരാതി നൽകി.

ഇതിന് തെളിവായി പ്രവീൺ സെൽഫോണിൽ അയച്ച എസ്എംഎസുകൾ, വാട്‌സ് അപ്പ് സന്ദേശങ്ങൾ, റെക്കോഡ് ചെയ്ത ഫോൺ കോളുകൾ എന്നിവ പ്രീതി പൊലീസിന് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 26 ന് രാവിലെ പ്രവീണിനെ ചെന്നൈ അണ്ണാ നഗറിലുള്ള സ്വവസതിയിൽ എത്തി പൊലീസ് അറസ്റ്റ് ചെയ്തു.

അവിടെ നിന്നും ചെന്നൈ പഴയ പൊലീസ് കമ്മീഷണർ ഓഫീസ് കോമ്പൗണ്ടിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ച്് ഓഫീസിൽ കൊണ്ടുവന്നു. തുടർന്ന് അസിസ്റ്റന്റ് കമ്മീഷണർ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ പ്രീതി ശിവയെക്കുറിച്ച് ചില പരാതികൾ പ്രവീൺ ഉന്നയിച്ചുവത്രെ. എന്നാൽ പ്രവീണയച്ച എസ്എംഎസ് സന്ദേശങ്ങൾ, വാട്‌സ് അപ്പ് സന്ദേശങ്ങൾ എന്നിവ കാണിച്ചതോടെ അയാൾ അടങ്ങി, സത്യം തുറന്നു പറയാൻ തുടങ്ങി.

പകൽനേരം മുഴുവൻ ചോദ്യം ചെയ്ത ശേഷം വൈകിട്ട് സ്വേതപെട്ട കോടതിയിൽ ഹാജരാക്കിയ പ്രവീണിനെ ജയിലിലടച്ചു. ആദ്യകാലത്ത് പ്രവീൺ തിരുവനന്തപുരത്ത് സൂര്യ ടിവിയുടെ ഹെഡ് പദവി വഹിച്ചിരുന്നു. സൺഗ്രൂപ്പിന്റെ സഹോദരസ്ഥാപനമായ റെഡ് എഫ്എം റേഡിയോയിൽ ഹെഡ് പദവിയിലായിരുന്നു അന്ന് പ്രീതി. അവിടെ വച്ച് പ്രവീൺ പ്രീതിയോടുള്ള ചേഷ്ടകൾ ആരംഭിച്ചിരുന്നത്രെ. ഇതിനാൽ 2011 ൽ പ്രീതി ശിവൻ ജോലി രാജിവച്ചു. പിന്നീട് ആരോ മുഖേന 2012 സെപ്റ്റംബറിൽ പ്രീതി ശിവൻ ചെന്നെയിലേക്ക് വന്നു. അവിടെ പ്രീതി ശിവൻ സൂര്യ ടിവിയുടെ പ്രോഗ്രാം ഹെഡായി നിയമിക്കപ്പെട്ടു.

പ്രവീണും ചില ചരടുവലികൾ നടത്തി സൺ നെറ്റ്‌വർക്കിന്റെ മുഴുവൻ ഉത്തരവാദിത്വമുള്ള ഉദ്യോഗനായി ചുമതലയേറ്റ് ചെന്നൈയിലെത്തി. ചെന്നൈയിൽ രാജ അണ്ണാമലപുരത്തുള്ള സൺ നെറ്റ്‌വർക്കിന്റെ ഹെഡ് ഓഫീസിലാണ് രണ്ടുപേർക്കും ജോലി. മേലുദ്യോഗസ്ഥനായ പ്രവീൺ പ്രീതിയെ ഇടയ്ക്കിടെ തന്റെ ക്യാബിനിലേക്ക് വിളിച്ചുവരുത്തുമത്രെ. പ്രീതി അകത്ത് വന്നിരുന്നാൽ ജോലി സംബന്ധമായി യാതൊന്നും സംസാരിക്കാതെ തന്റെ സ്വകാര്യ ആഗ്രഹത്തെ വെളിപ്പെടുത്തും മട്ടിലാണ് പ്രവീൺ പെരുമാറിയിരുന്നതത്രെ.

ചെന്നൈയിൽ തന്റെ കുട്ടികളുടെ വിദ്യാഭ്യാസം, പ്രായമായ അമ്മയുടെ ചികിത്സ തുടങ്ങിയ കാര്യങ്ങൾ ഉള്ളതിനാൽ പ്രീതി വളരെ ക്ഷമയോടെയാണ് ഈ സംഭവം കൈകാര്യം ചെയ്തിരുന്നത്. എന്നാലും ഒരു ഘട്ടത്തിൽ പ്രവീണിന്റെ ഉപദ്രവം അതിരു കടന്നതോടെ കഴിഞ്ഞ മാർച്ച് മാസം ജോലി രാജിവച്ച് കുടുംബത്തോടെ പ്രീതി ശിവൻ നാട്ടിലേക്ക് മടങ്ങി.

ഇതിന് ശേഷവും പ്രീതിക്ക് അർഹതപ്പെട്ട പിഎഫ്, ഗ്രാറ്റുവിറ്റി അടക്കം 36 ലക്ഷം രൂപ പ്രവീൺ തടഞ്ഞുവച്ചു. ഇതേപ്പറ്റി പ്രീതി ചോദിച്ചപ്പോൾ തന്റെ ആഗ്രഹം നിറവേറ്റിത്തന്നാലേ ഇക്കാര്യത്തിൽ സഹായിക്കാൻ പറ്റൂ എന്നായിരുന്നു പ്രവീണിന്റെ മറുപടി. ഇക്കാര്യങ്ങളെല്ലാം ചേർത്ത് തെളിവ് സഹിതം പ്രീതി ശിവൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

മാദ്ധ്യമരംഗത്ത് പ്രവർത്തിക്കുന്ന പ്രീതിയുടെ ചില സുഹൃത്തുക്കളോട് സംസാരിച്ചപ്പോൾ പ്രീതിയുടേത് കേരളത്തിൽ പ്രശസ്തമായ ഒരു സിനിമാ കുടുംബമാണ്. തുടക്കകാലത്ത് അവർ തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സിനിമാ സ്റ്റുഡിയോയിൽ പ്രൊഡക്ഷൻ ഡിസൈനറായി ജോലി ചെയ്തിരുന്നു. ഇത് സംബന്ധിച്ച് സാങ്കേതികകാര്യങ്ങളിൽ പ്രീതി മിടുക്കിയാണ്. ഇതിനാലാണ് സൺ നെറ്റ്‌വർക്കിന്റെ ഉടമസ്ഥതയിൽ 2007 ൽ ആരംഭിച്ച റെഡ് എഫ്എം റേഡിയോയിൽ അവർക്ക് നിയമനം ലഭിച്ചത്. കേരളത്തിൽ 5 മുഖ്യനഗരങ്ങളിൽ റെഡ് എഫ്എം റേഡിയോ സ്ഥാപിച്ച് അതിനെ വളർത്തിയെടുക്കുന്നതിൽ പ്രീതി മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവർ അവിടെ നിന്ന് രാജിവച്ച ശേഷവും ചെന്നൈയിൽ വിളിച്ചുവരുത്തി ഉയർന്നപദവി നൽകിയതെന്നും സുഹൃത്തുക്കൾ പറയുന്നു.

പുതുതായി വരുന്ന അവതാരകരെ വളയ്ക്കുന്നത് ഇവിടെ ഉയർന്നപദവിയിലിരിക്കുന്ന ചില വിരുതന്മാരുടെ പതിവാണെന്നും ഈ ചാനലിൽ ജോലി ചെയ്യുന്ന ചിലർ പറയുന്നു. കഴിഞ്ഞവർഷം സൺ ന്യൂസിന്റെ ന്യൂസ് എഡിറ്റർ രാജ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന് അയാളെ സസ്‌പെൻഡ് ചെയ്തതായി ആ മാദ്ധ്യമസ്ഥാപനം അറിയിച്ചിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം പേരിന് ചില വിചാരണ പ്രഹസനം നടത്തി, ചില മാസങ്ങൾക്ക് ശേഷം ഇയാളെ വീണ്ടും ജോലിയിൽ തിരിച്ചെടുത്തു.

കുറഞ്ഞപക്ഷം അയാളുടെ പേരിൽ കോടതിയിലുള്ള കേസിൽ തീർപ്പുവരുംവരെ കാത്തിരിക്കാൻ സൺഗ്രൂപ്പ് ക്ഷമ കാണിച്ചില്ല. രാജയുടെ മേൽ പരാതി ഉയർന്നപ്പോൾ മറ്റ് വനിതാ ജീവനക്കാരോട് അയാളുടെ സ്വഭാവ ശുദ്ധിയെപ്പറ്റി നല്ലവാക്ക് എഴുതിവാങ്ങി രക്ഷിക്കാൻ ഉത്സാഹം കാട്ടിയ ആളാണ് സി പ്രവീൺ. ഇപ്പോൾ രാജ അതേ നാണയത്തിൽ പ്രവീണിന് പ്രത്യുപകാരം ചെയ്തതായിരിക്കുമോ. ഇയ്യാംപാറ്റകളെപ്പോലെ ഇവിടെ ജോലിക്കെത്തുന്ന പാവം പെൺകുട്ടികളുടെ നില പരിതാപകരമാണെന്ന് ഇവർ പറയുന്നു.

കഴിഞ്ഞ ചില നാളുകളായി കല്യാണമെന്നും ഉപരിപഠനമെന്നും ഒക്കെ കാരണം പറഞ്ഞ് ജോലി രാജിവയ്ക്കാൻ പല വനിതാ അവതാരകരും തയ്യാറായി വരികയാണ്. രാജമാരും പ്രവീൺമാരും വീണ്ടും വീണ്ടും ഉയർത്തെഴുന്നേറ്റ് വരുമ്പോൾ പാവം പെൺകുട്ടികൾക്ക് വേറെന്ത് വഴി.

(അവലംബം-തമിഴ്‌വാരിക-കുമുദം റിപ്പോർട്ടർ, ലക്കം 77, 2-1-2015)