കൊച്ചി: കേരളത്തിന്റെ സമൂഹ മനസാക്ഷിയെ വിറങ്ങലിപ്പിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. കൊട്ടിയൂരിലെ ഫാദർ റോബിനിന്റെ ക്രൂരത. പാലക്കാട്ടെ പിഞ്ചു കുഞ്ഞുങ്ങളുടെ ആത്മഹത്യ. ഇതിനൊപ്പം വയനാട് മുട്ടിലിലെ യത്തീംഖാനയിലെ കുട്ടികൾക്ക് നേരെയുണ്ടായ അതിക്രമം. ഇതിൽ യത്തീംഖാന പീഡനത്തിൽ ഒഴികെ പൊലീസിന്റെ കള്ളക്കളികളും ചർച്ചയാകുന്നു. കൊട്ടിയൂരിൽ ഫാദർ റോബിന് സഹായം ചെയ്ത കന്യാസ്ത്രീകളെ പോലും പിടിക്കാൻ പൊലീസിന് കഴിയുന്നില്ല.

നടിയെ ആക്രമിച്ച കേസിന് പിന്നാലെ കേരളത്തിൽ ഉയർന്ന് കേൾക്കുന്നത് വിവിധ തരത്തിലെ പീഡനമാണ്. അത് കൂടുകയാണെന്ന സൂചനയാണ് കഴിഞ്ഞ ദിവസവും കിട്ടുന്നത്. വേട്ടക്കാരെല്ലാം ഇരയക്ക് പിന്നാലെയാണ്. അങ്ങനെ ദൈവത്തിന്റെ സ്വന്തം നാട് ദേശീയ തലത്തിൽ പീഡനങ്ങളുടെ നാടെന്ന തരത്തിൽ ചർച്ച സജീവമാവുകയാണ്. ഫോർട്ട്‌കൊച്ചിയിൽ യുകെ സ്വദേശിനിയായ യുവതിയെ അപമാനിക്കാൻ ശ്രമിച്ചതിന് ഊമയായ യുവാവ് അറസ്റ്റിായി. ഈരവേലി സ്വദേശി ഷാനവാസ് (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 10.30ന് ഹോംസ്റ്റേയിലേക്കു പോകുകയായിരുന്ന യുവതിയുടെ പിന്നാലെ എത്തിയ ഇയാൾ കടന്നുപിടിക്കാൻ ശ്രമിക്കുകയും യുവതി ബഹളമുണ്ടാക്കി കുതറി ഓടുകയുമായിരുന്നു.

യുവതി താമസിച്ചിരുന്ന ഹോംസ്റ്റേക്ക് സമീപമായിരുന്നു സംഭവം. മതിലിനു സമീപം പതുങ്ങിയിരുന്ന യുവാവിനെ ഫോർട്ട്‌കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ കോടതിയിൽ ഹാജരാക്കി. കൊട്ടിയൂരിലും പാ്‌ലക്കാടും നടിയെ ആക്രമിക്കപ്പെട്ട കേസിലും പഴി കേട്ട പൊലീസിപ്പോൾ പരാതി കിട്ടിയാൽ ഉടൻ തന്നെ ഇടപെടുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളാണ് ഇരകളെങ്കിൽ പോസ്‌കോയും ചുമത്തുന്നു. അങ്ങനെ പൊലീസ് കൂടുതൽ ഉണർന്ന് പ്രവർത്തിക്കുന്നുവെന്നും വിലയിരുത്താം.

കേരളത്തിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന അരക്ഷിതാവസ്ഥയെച്ചൊല്ലി രാജ്യാന്തര വനിതാദിനത്തിൽ നിയമസഭയും പ്രക്ഷുബ്ധമായിരുന്നു. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള പെൺകുട്ടികൾ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പീഡിപ്പിക്കപ്പെട്ടതിനെക്കുറിച്ചു ആശങ്കയും രേഖപ്പെടുത്തി. വയനാട്ടിൽ അനാഥാലയത്തിലെ കുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതികളെ പിടികൂടി. കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ വൈദികൻ വിദേശത്തേക്കു രക്ഷപ്പെടാതെ അറസ്റ്റ് ചെയ്യാനായതു പൊലീസിന്റെ ജാഗ്രതകൊണ്ടാണ്. ഇയാളെ സഹായിച്ചവർക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. സ്ത്രീകൾക്കുനേരേയുള്ള അക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ചർച്ചയോട് പ്രതികരിച്ചത്.

എല്ലാ സംഭവത്തിലും ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണു കഴിഞ്ഞ 10 വർഷത്തിനിടെ ലൈംഗികകുറ്റകൃത്യത്തിൽ ഏർപ്പെട്ടവരുടെ രജിസ്റ്റർ എല്ലാ പൊലീസ് സ്റ്റേഷനിലും സൂക്ഷിക്കാനുള്ള തീരുമാനം. സ്‌കൂൾ തലത്തിൽ ബോധവത്കരണപരിപാടികൾ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനിടെയിലും പീഡന വാർത്തകൾ തന്നെയാണ് ഉയർന്ന് കേൾക്കുന്നതും.

കൊടുമണ്ണിൽ പീഡനത്തിന് ഇരയായത് 85കാരി

85 വയസുള്ള വയോധികയെ പീഡിപ്പിക്കാൻ ശ്രമമെന്ന് പരാതിയാണ് പത്തനംതിട്ടിയിൽ നിന്ന് കഴിഞ്ഞ ദിവസം ഉണ്ടായ പരാതി. കൊടുമണിലാണ് സംഭവം. ബന്ധുവിനെ കസ്റ്റഡിയിലെടുത്തതായി സൂചന. ഐക്കാട് ഭാഗത്തു കഴിഞ്ഞദിവസമാണു സംഭവം. ഐക്കാട് സ്വദേശിയായ അറുപതുകാരനാണ് പ്രതി. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തു വയോധികയെ ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ശരീരത്തിൽ മുറിവേറ്റ സ്ത്രീക്കു പ്രാഥമിക ചികിൽസ നൽകി. പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് അറിയുന്നത്.

കൽപ്പറ്റയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

വയനാട്ടിൽ നിന്ന് മറ്റൊരു പീഡന അറസ്റ്റ് കൂടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ഗർഭിണിയാക്കിയ കേസിൽ ചെറുകാട്ടൂർ മതിശ്ശേരി തൈപ്പറമ്പിൽ വീട്ടിൽ സിജോ ജോർജ് (23) കസ്റ്റഡിയിൽ. പെൺകുട്ടിയുമായുള്ള അടുപ്പം മുതലെടുത്തു പീഡിപ്പിക്കുകയായിരുന്നു. ഗർഭിണിയായ പെൺകുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രസവശുശ്രൂഷയ്ക്കു സഹായം നൽകുകയും ചെയ്തു. പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ കോഴിക്കോട്ടെ കോൺവന്റിനോട് ചേർന്ന അനാഥാലയത്തിലാണു പാർപ്പിച്ചത്. പതിനെട്ടു വയസ്സു തികയുമ്പോൾ വിവാഹം കഴിക്കാമെന്ന സിജോയുടെ വാഗ്ദാനം വിശ്വസിച്ചാണ് പെൺകുട്ടി ഇതിനെല്ലാം സമ്മതിച്ചത്.

എന്നാൽ, പ്രതിയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല. ഇതോടെ ആത്മഹത്യ ചെയ്യാനൊരുങ്ങുമ്പോഴാണ് പ്രതി അറസ്റ്റിലായതെന്നും പോക്‌സോ, ജുവനൈൽ ജസ്റ്റിസ് ആക്ട്, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ പ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

മാനന്തവാടി ദളിത് പീഡനത്തിലും രണ്ട് പേർ അറസ്റ്റിൽ

പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെയും ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെയും പൊലീസ് അറസ്റ്റു ചെയ്തു. ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തവിഞ്ഞാൽ വെൺമണി അടിമാരി അച്ചപ്പ(39) നെയാണ് തലപ്പുഴ എസ്‌ഐ എം. മനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ദളിത് യുവതിയെ രാത്രിയിൽ വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തലപ്പുഴയിലെ കരുണാലയം മുരളീധരനെയാണ് (46)മാനന്തവാടി സ്‌പെഷൽ മൊബൈൽ സ്‌ക്വാഡ് അറസ്റ്റു ചെയ്തത്.

രണ്ടു മാസം മുൻപായിരുന്നു സംഭവം. തലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം എസ്എംഎസിനു കൈമാറുകയായിരുന്നു. ഹൈക്കോടതിയിൽ മുൻകൂർജാമ്യത്തിനു പ്രതി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട് കോടതിയിൽ കീഴടങ്ങിയ ഇയാളെ റിമാൻഡ് ചെയ്തു.

ബാലികമാരെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റ്

ആലുവയിൽ മൂന്നും ഏഴും വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മുപ്പത്തടം കാരോത്തുകുന്ന് പഴമ്പിള്ളി വീട്ടിൽ ഉണ്ണി തോമസിനെ (52) പൊലീസ് അറസ്റ്റ് ചെയ്തു. വാർക്കപ്പണിക്കാരനാണ് ഇയാൾ. കുട്ടികളുടെ പെരുമാറ്റത്തിൽ സംശയം തോന്നി രക്ഷിതാക്കൾ കൗൺസലിങ് നടത്തിയപ്പോഴാണ് വിവരം അറിഞ്ഞതെന്നു സിഐ വിശാൽ ജോൺസൺ പറഞ്ഞു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

പ്രകൃതി വിരുദ്ധ പീഡനക്കേസിൽ യുവാവ് അറസ്റ്റിൽ

കൊടുങ്ങല്ലൂരിൽ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂറ്റ് പഴയ പോസ്റ്റ് ഓഫിസിനു സമീപം വിളക്കത്തറ അനൂപിനെയാണ് (35) അറസ്റ്റ് ചെയ്തത്. മൂന്ന് ആഴ്ച മുൻപാണ് സംഭവം പുറത്തറിയുന്നത്.

രക്ഷിതാക്കളുടെ പരാതിയിൽ പ്രതിയെ പൊലീസ് വിളിച്ചു വരുത്തിയെങ്കിലും കേസെടുക്കാതെ വിട്ടയച്ചിരുന്നു. ഇയാളെക്കുറിച്ച് വീണ്ടും പരാതി ഉയർന്നതിനെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികൾക്കു മിഠായി വാങ്ങി നൽകി രണ്ടു വർഷമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പരാതി. ഇന്നു കോടതിയിൽ ഹാജരാക്കും.