കൊച്ചി: ഗർഭിണിയായി യുവതിയെ റെയിൽവേ സ്‌റ്റേഷനിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞ യുവാവിനെ തേടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഹോംനഴ്‌സിനെ വേണമെന്ന് പരസ്യം കൊടുത്ത് യുവതികളെ കണ്ടെത്തി പീഡനം പതിവാക്കിയ അബ്ദുറഹിമാനെ കണ്ടെത്താനാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. 23 വയസുകാരനായ അബ്ദു റഹ്മാൻ നിരവധി പെൺകുട്ടികളെ സമാനമായി രീതിയിൽ വലയിലാക്കിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളുടെ നേതൃത്വത്തിൽ പെൺവാണിഭത്തിന് പെൺകുട്ടികളെ ഉപയോഗിച്ചിരുന്നോ എന്നും പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഗർഭിണിയായ യുവതിയെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് കാമുകനായ അബ്ദുൾ റഹ്മാൻ കടന്നു കളഞ്ഞത്. തുടർന്ന് യുവതി കാക്കനാട് ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലെത്തി പരാതി കൊടുക്കുകയായിരുന്നു. ഇതോടെയാണ് പെൺവാണിഭ ശൃംഖലയെ കുറിച്ച് അടക്കമുള്ള വിവരം പുറത്തുവന്നത്.

പാലക്കാട് ഒരു വീട്ടിൽ ജോലി ചെയ്യുകയായിരുന്ന യുവതി. പത്രത്തിൽ പരസ്യം കണ്ടാണ് അബ്ദുൾ റഹ്മാന്റെ അമ്മൂമ്മയുടെ സഹായത്തിന് യുവതി കാക്കനാട് എത്തുന്നത്. അബ്ദുറഹ്മാന്റെ അമ്മൂമ്മയെ പരിചരിക്കാൻ ഹോംനഴ്‌സ് എന്ന നിലയിലാണ് ഇയാൾ യുവതിയെ കൊണ്ടുവന്നത്. പിന്നീട്, തൃക്കാക്കര ഭാരതമാത കോളജിന് സമീപമുള്ള ഈ വീട്ടിൽ നിന്നും അബ്ദുൾ റഹ്മാന്റെ അമ്മ യുവതിയെ കാക്കനാടുള്ള സ്വന്തം ഫ്‌ളാറ്റിലേക്ക് കൂട്ടികൊണ്ടു പോവുകയായിരുന്നു.

ഇവിടെ എത്തിയപ്പോഴാണ് പെൺകുട്ടിക്ക് താൻ കെണിയിൽപെട്ട അവസ്ഥ ബോധ്യമായത്. പെൺകുട്ടിയെ വ്യഭിചാരത്തിന് പ്രേരിപ്പിക്കുകയായിരുന്നു അവർ. ഇതു നടക്കാതെ വന്നപ്പോൾ കാക്കനാടുള്ള ഇൻഫോപാർക്കിന് സമീപത്തെ ഫ്‌ളാറ്റിൽ അബ്ദുൾ റഹ്മാന്റെ അനുജത്തിയെ നോക്കാനായി അമ്മ എത്തിക്കുകയായിരുന്നു. ഇവിടെ വച്ച് അബ്ദുൾ റഹ്മാനും യുവതിയും പ്രണയത്തിലായി. തുടർന്ന് യുവതി ഗർഭിണിയായി.

അബ്ദുൾ റഹ്മാൻ യുവതിയോട് അടുത്തിടപഴകുന്നത് അമ്മയുടെ മൗനാനുവാദത്തോടെ ആയിരുന്നു എന്നാണ് യുവതി പറഞ്ഞത്. പെൺകുട്ടിയെ അബ്ദുൾ റഹ്മാൻ വിവാഹം കഴിക്കുമെന്നുമാണ് യുവതി വിശ്വസിച്ചത്. ഇങ്ങനെ മൗനാനുവദം കൊടുത്തത്ത അവരും കാമുകനും തമ്മിലുള്ള ബന്ധത്തിന് തടസം ആകാതിരിക്കാനായിരുന്നു. പിന്നീട് പെൺകുട്ടി ഗർഭിണി ആയതോടെ അബ്ദുൾ റഹ്മാനും അമ്മയും ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചു. എന്നാൽ, യുവതി വഴങ്ങാതെ ആയതോടെ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു.

മാതാപിതാക്കൾ വളരെ ചെറുപ്പത്തിലെ മരിച്ച യുവതി അമ്മൂമ്മയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ രണ്ട് വർഷം മുൻപ് അമ്മൂമ്മ മരിച്ചതിനെത്തുടർന്ന് വീടുകളിൽ ജോലി ചെയ്താണ് ഇവർ ജീവിച്ചിരുന്നത്. അബ്ദുൾ റഹ്മാന്റെ അമ്മയുടെ കാമുകനായ എറണാകുളത്തെ കോളാ കമ്പനിയിലെ ജോലിക്കാരാനായ തിരുവനന്തപുരം സ്വദേശിയായ 26 കാരനും ഇവരുടെ കൂടെ ആയിരുന്നു താമസം. ഇവിടെ സ്ത്രീകളെ എത്തിച്ച് പെൺവാണിഭം നടക്കുന്നതായി യുവതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വെളിപ്പെടുത്തൽ പെൺവാണിഭ ശൃംഖലയുടെ വ്യാപ്തി കൂടുതൽ വെളിവാക്കുന്നതാണ്.

ഇവിടെ വന്നുപോകുന്നവരെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരുന്നു. പെൺകുട്ടിയെ വ്യഭിചാരത്തിന് പ്രേരിപ്പിച്ചു ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചു എന്നീ കേസുകളിൽ പ്രതിയുടെ അമ്മയെയും അവരുടെ കാമുകനെയും ഇൻഫോപാർക്ക് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അബ്ദുൾ റഹ്മാനും കുടുംബവും അയൽക്കാരുമായൊന്നും അടുപ്പം പുലർത്തിയിരുന്നില്ല.

അതിനാൽ തന്നെ കാര്യങ്ങൾ പുറംലോകം അറിഞ്ഞില്ല. യുവതി ഇൻഫോപാർക്ക് സ്റ്റേഷനിലെത്തി പരാതി നൽകിയപ്പോഴാണ് കഥകൾ പുറത്ത് വരുന്നത്. അബ്ദുൾ റഹ്മാന്റെ പിതാവ് വിദേശത്താണ്. ഇയാളുമായി പിരിഞ്ഞാണ് ഇവർ താമസിക്കുന്നത്. അബ്ദുൾ റഹ്മാന്റെ ബന്ധുക്കൾ തമിഴ്‌നാട്ടിലുണ്ട്. ഇയാൾ അങ്ങോട്ട് കടന്നിരിക്കാമെന്ന് പൊലീസ് പറയുന്നു. ഇൻഫോപാർക്ക് സി.ഐ സാജൻ സേവ്യറിന്റെ നേതൃത്വത്തിൽ അഞ്ചുപേരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. എസ്.ഐ തൃപീക് ചന്ദ്രൻ, എഎസ്ഐ സജി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജേഷ്, ജയന്തി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ള മറ്റുള്ളവർ.