പെരുമ്പാവൂർ: കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം അനുദിനം വർദ്ധിച്ചു വരികയാണ്. നാടും വീടും ഉപേക്ഷിച്ച് കേരളത്തിൽ പണിയെടുക്കുന്ന അവർ ലൈംഗിക പൂരണത്തിനായി സ്വന്തം മാർഗ്ഗങ്ങളും തേടുന്നു എന്നതാണ് പുതിയ വിവരം. ഇതിനായി കേരളത്തിൽ തന്നെ ഒരു പെൺവാണിഭ ശൃംഖല ഇവർ വളർത്തിയെടുത്തു എന്നതാണ് പുറത്തുവരുന്ന വാർത്തകൾ. നിയമസംവിധാനങ്ങളെ നോക്കുകുത്തികളാക്കിയാണ് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിലും വാടകമുറികളിലും പെൺവാണിഭം നടക്കുന്നത്.

ഭാര്യയെന്ന വ്യാജേന സ്വന്തം നാട്ടിൽനിന്നു കൊണ്ടുവരുന്ന സ്ത്രീകളെയാണ് ഇതരസംസ്ഥാനക്കാരുടെ സംഘം ഇടുങ്ങിയ മുറികൾക്കുള്ളിൽ വിൽക്കുന്നത്. ഇവരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ഏറെയാണ്. ഇടയ്ക്കിടെ നാട്ടിൽ പോകുന്ന ഇത്തരം വാണിഭസംഘത്തിലെ അംഗങ്ങൾ പുതിയ പെൺകുട്ടികളുമായി തിരിച്ചെത്തുകയും ഭാര്യയെന്ന വ്യാജേന കൂടെ താമസിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് വീട്ടിലെത്തുന്ന ആവശ്യക്കാർക്ക് ഇവരെ വിൽക്കും. ഇതരസംസ്ഥാനക്കാർക്കു പുറമെ ഇതുപോലുള്ള അനാശ്യാസ്യ കേന്ദ്രങ്ങൾ തേടി എത്തുന്ന മലയാളികളും നിരവധിയാണ്.

ബംഗാളിൽ നിന്നും അടക്കമുള്ള ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തിൽ കൂടുതലും. അതുകൊണ്ട് തന്നെ സോനാഗച്ചിയിലെ വേശ്യാതെരുവിലെ സ്ത്രീകൾ പോലും പുതിയ വരുമാനമാർഗ്ഗമെന്ന നിലയിൽ സംസ്ഥാനത്തേക്ക് എത്തുന്നു എന്നതാണ് പുറത്തുവരുന്ന വാർത്ത. വേശ്യാവൃത്തി തൊഴിലാക്കിയവരെ സംബന്ധിച്ചിടത്തോളം കേരളം സമ്പാദിക്കാൻ പറ്റിയ നാടാണ് താനും.

അതേസമയം, വർഷങ്ങളായി പെൺവാണിഭം തുടരുന്ന സംഘങ്ങൾക്കെതിരേ നടപടിയെടുക്കാൻ നിയമ സംവിധാനങ്ങൾക്ക് കഴിയുന്നില്ല എന്നതാണു സത്യം. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ വിവാഹിതരാകുന്ന ദമ്പതിമാർ വിവാഹ രജിസ്ട്രേഷൻ ചെയ്യുന്നതു ചുരുക്കമാണ്. സ്വന്തം മതപരമായ ആചാരങ്ങൾക്കുശേഷം ഒരുമിച്ചു ജീവിച്ചുതുടങ്ങുന്ന ഇവർ വിവാഹിതരായതിനു തെളിവുകൾ ഒന്നും ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ തൊഴിൽ തേടി കേരളത്തിൽ എത്തുന്ന ഇതരസംസ്ഥാനക്കാരും അവരോടൊപ്പം എത്തുന്ന സ്ത്രീകളും യഥാർഥത്തിൽ ഭാര്യാഭർത്താക്കന്മാരാണോയെന്ന് ഉറപ്പുവരുത്താനും സാധിക്കില്ല.

ഈ പ്രതിസന്ധിയാണു വ്യാപകമാകുന്ന പെൺവാണിഭ സംഘങ്ങളെ തുരത്താൻ നിയമസംവിധാനങ്ങൾക്ക് വിലങ്ങുതടിയാകുന്നത്. ഇവർ താമസിക്കുന്ന വാടക കെട്ടിടങ്ങളിൽ നിരവധി യഥാർഥ ദമ്പതികളും കുട്ടികളും താമസിക്കുന്നതിനാൽ സംശയത്തിന്റെ പേരിലുള്ള പരിശോധനകൾപോലും അസാധ്യമാണ്.

ഇത്തരം സാഹചര്യങ്ങൾ മറയാക്കി ഇതരസംസ്ഥാനക്കാരുടെ അനാശാസ്യ കേന്ദ്രങ്ങൾ കൊഴുക്കുമ്പോൾ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണു പ്രദേശവാസികൾ. ഇതുമായി ബന്ധപ്പെട്ട് വിവിധ റസിഡൻസ് അസോസിയേഷനുകളും നാട്ടുകാരും പരാതിയുമായി രംഗത്തുണ്ടെങ്കിലും ശാശ്വതമായ പരിഹാരങ്ങളൊന്നും കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇതരസംസ്ഥാന തൊഴിലാളികളോടൊപ്പം താമസിക്കുന്ന സ്ത്രീകൾ ഭാര്യമാരെന്ന് തെളിയിക്കാനാവശ്യമായ രേഖകളൊന്നും ഇവരുടെ കൈവശമില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഇവർ വിവാഹം രജിസ്റ്റർ ചെയ്യാറില്ല എന്നതാണ് യാഥാർത്ഥ്യം.

മതിയായ രേഖകളില്ലാത്തതിനാൽ തൊഴിലാളികളുടെ കൂടെ താമസിക്കുന്ന സ്ത്രീകൾ ഭാര്യമാരാണോ എന്നത് ഉറപ്പുവരുത്തുന്നത് പൊലീസിനും ശ്രമകരമായ ജോലിയാണ്. അതിനാൽ പൊലീസും ഇതിനുനേരെ കണ്ണടയ്ക്കുകയാണ്. ഭാര്യമാരെന്ന വ്യാജേന സ്ത്രീകളെ കൂടെതാമസിപ്പിക്കുന്നവരുണ്ടെങ്കിലും, ഇവിടെ നിരവധി കുടുംബങ്ങളും താമസിക്കുന്നുണ്ട്. അതിനാൽ സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരം ലേബർ ക്യാമ്പുകളിൽ പരിശോധന നടത്തുന്നത് അസാദ്ധ്യമാണെന്നാണ് അധികൃതർ പറയുന്നത്.