- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുജോലിക്കായി സ്ത്രീകളെ റിക്രൂട്ട് ചെയ്യും; കാറിന്റെ ഡിക്കിയിൽ കൊണ്ടു പോയി അറബികൾക്ക് സമ്മാനിക്കും; ഇന്റർപോൾ പിടിയിലായ സുരേഷ് അനേകം മലയാളി സ്ത്രീകളുടെ കണ്ണുനീരിന്റെ ശാപം പേറുന്നയാൾ
കൊച്ചി: ദുബായിലെ പെൺവാണിഭ സംഘങ്ങൾക്കു വേണ്ടി യുവതികളെ കടത്തിയ കേസിലെ മുഖ്യപ്രതിയായ തൃശൂർ വലപ്പാട് ചന്തപ്പടി കൊണ്ടിയറ കെ.വി. സുരേഷിനെ ഇന്റർപോൾ ദുബായിൽ അറസ്റ്റ് ചെയ്തു. ഇന്നലെ ന്യൂഡൽഹിയിലെത്തിച്ച പ്രതിയെ സിബിഐ സംഘം അടുത്തദിവസം തെളിവെടുപ്പിനായി കേരളത്തിലേക്കു കൊണ്ടുവരും. ഇയാൾക്കെതിരെ അതീവഗൗരവ (റെഡ്‌കോർണർ) തിരച്ചിൽ നോട്ടിസ് ഇന്റ
കൊച്ചി: ദുബായിലെ പെൺവാണിഭ സംഘങ്ങൾക്കു വേണ്ടി യുവതികളെ കടത്തിയ കേസിലെ മുഖ്യപ്രതിയായ തൃശൂർ വലപ്പാട് ചന്തപ്പടി കൊണ്ടിയറ കെ.വി. സുരേഷിനെ ഇന്റർപോൾ ദുബായിൽ അറസ്റ്റ് ചെയ്തു. ഇന്നലെ ന്യൂഡൽഹിയിലെത്തിച്ച പ്രതിയെ സിബിഐ സംഘം അടുത്തദിവസം തെളിവെടുപ്പിനായി കേരളത്തിലേക്കു കൊണ്ടുവരും. ഇയാൾക്കെതിരെ അതീവഗൗരവ (റെഡ്‌കോർണർ) തിരച്ചിൽ നോട്ടിസ് ഇന്റർപോൾ പുറപ്പെടുവിച്ചിരുന്നു. കൊച്ചി, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളങ്ങൾ വഴി യുവതികളെ കടത്തിയ കേസ് സിബിഐ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷിക്കുന്നത്.
നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസിൽ 13 പേരെ പ്രതി ചേർത്താണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സുരേഷ് ആണ് മുഖ്യസൂത്രധാരൻ. കൊടുങ്ങല്ലൂർ കരുമാത്തറ മഠത്തിവിലാകം ലിസി സോജൻ, ലോകമലേശ്വരം അണ്ടുരുത്തിയിൽ വീട്ടിൽ സേതുലാൽ എന്ന ബഷീർ, തിരുവനന്തപുരം വട്ടപ്പാറ ചിറ്റഴ വിശ്വവിഹാറിൽ അനിൽകുമാർ, ഇടുക്കി കട്ടപ്പന പാറക്കൽ വീട്ടിൽ പി.വി. ബിന്ദു, കൊല്ലം പുനലൂർ മണിയാർദേശം കുഴിവിള വീട്ടിൽ ശാന്ത, കൊടുങ്ങല്ലൂർ എറിയാട് അവണിത്തറയിൽ എ.പി.മഹേഷ്, തിരുവനന്തപുരം നല്ലയമ്പലം സ്വദേശി കെ.സുധർമൻ, കൊച്ചി ചമ്പക്കര പായപ്പിള്ളി വർഗീസ് റാഫേൽ, ചാവക്കാട് കൂട്ടാലിങ്ങൽ പണിക്കവീട്ടിൽ പി.കെ.കബീർ, തൃശൂർ പാഴൂർ വലിയകത്ത് സിറാജ്, കൊടുങ്ങല്ലൂർ തോട്ടുങ്ങൽ വീട്ടിൽ റഫീഖ് എന്ന സുനിൽ, മലപ്പുറം ചേലമ്പ്ര മരിയടത്ത് വീട്ടിൽ എം.രമേശൻ എന്ന ബാബു എന്നിവർക്കെതിരെയാണ് കുറ്റപത്രം. മുഖ്യപ്രതി സുരേഷ് അടക്കം മൂന്ന് പ്രതികളെ പിടികൂടാനായിട്ടില്ല. പ്രതികൾക്കെതിരെ ഐപിസി 120 (ബി), 342, 343, 355, 366, 368, 376, 420 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വീട്ടുജോലിക്കെന്ന പേരിൽ വ്യാജ പാസ്‌പോർട്ടിൽ യുവതികളെ വിദേശത്തേക്ക് കൊണ്ടുപോകുകയും അവിടെ ലൈംഗിക വൃത്തിക്ക് ഉപയോഗിക്കുകയും ചെയ്‌തെന്നാണ് ഇയാൾക്കെതിരായ കേസ്. ദുബായിൽ അൽ വാസി സ്റ്റുഡിയോ നടത്തുകയാണ് സുരേഷ്. ന്യൂഡൽഹി, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി പ്രധാന വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് സുരേഷിന്റെ നേതൃത്വത്തിൽ യുവതികളെ കടത്തിയിരുന്നത്. പാവപ്പെട്ട കുടുംബങ്ങളിലെ യുവതികൾക്ക് 20000 രൂപ മുകളിൽ ശമ്പളമുള്ള വീട്ടുജോലി വാഗ്ദാനം ചെയ്യും. യുവതികളെ തേടിപ്പിടിച്ച് റിക്രൂട്ട് ചെയ്യാൻ സ്ത്രീകുൾ ഉൾപ്പെടെ കേരളത്തിലുടനീളം ഏജന്റുമാരുണ്ട്. വ്യാജ പാസ്‌പോർട്ടിൽ ദുബായിൽ എത്തി കുറച്ചുദിവസം കഴിയുമ്പോൾ യുവതികൾ സെക്‌സ് റാക്കറ്റിന്റെ ഭാഗമാകും. ഗൾഫിൽ എത്തിയതിന് തൊട്ടുപിന്നാലെ സ്ത്രീകളുടെ മൊബൈൽ ഫോണും പാസ്‌പോർട്ടും വാങ്ങിവയ്ക്കും. കരച്ചിലോ ബഹളമോ ഉണ്ടാക്കിയാൽ നാട്ടിലുള്ള സംഘാംഗങ്ങളെ കൊണ്ട് വീട്ടുകാരെ പച്ചയ്ക്ക് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തും. അതോടെ ഭയപ്പെട്ട് സ്ത്രീകളൊതുങ്ങും. മുഖ്യനടത്തിപ്പുകാരിയും രണ്ടാംപ്രതിയുമായ ലിസി സോജന്റെ കസ്റ്റഡിയിലാണ് സ്ത്രീകളെ താമസിപ്പിക്കുക.
ഗൾഫിൽ വേശ്യാവൃത്തി കുറ്റകരമായതിനാൽ കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചാണ് ആവശ്യക്കാർക്ക് സ്ത്രീകളെ എത്തിക്കുക. ഒരു തവണ ലൈംഗിക ബന്ധത്തിലേർപ്പെടാൻ 50 ദിർഹമാണ് ഫീസ്. പണം ഇടനിലക്കാരനാണ് വാങ്ങുക. തിരക്കേറിയ ദിവസങ്ങളിൽ 30 മുതൽ 50 ആളുകളുടെ കൂടെ വരെ ശരീരം പങ്കിടേണ്ടി വരും. വിശ്രമത്തിനോ ഭക്ഷണം കഴിക്കാനോ സമയം കൊടുക്കില്ല. 50 ദിർഹത്തിന്റെ പകുതി കമ്മിഷനായി സംഘം എടുക്കും. ബാക്കി ഇരുപത്തിയഞ്ചിന്റെ പകുതി യാത്ര, ഭക്ഷണം മരുന്ന് എന്നിവയുടെ പേരിലും കവരും. 12.5 ദിർഹമാണ് ഇരകൾക്ക് കിട്ടുക. ആ പണവും കൈവശം വയ്ക്കാനാവില്ല. ആർത്തവ സമയത്ത് സ്ത്രീകളെ താമസിപ്പിക്കുന്നത് ഗോഡൗൺ എന്ന് വിളിപ്പേരുള്ള കെട്ടിടത്തിലാണ്. ആവശ്യക്കാരുണ്ടെങ്കിൽ ഗുളിക കഴിപ്പിച്ചും അല്ലാതെയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കും. സമ്മതിച്ചില്ലെങ്കിൽ ക്രൂരമായ ശാരീരിക പീഡനങ്ങളാണ് സുരേഷിന്റെ നേതൃത്വത്തിൽ അരങ്ങേറുക.
ദുബായിൽ അൽ വാസി സ്റ്റുഡിയോയുടെ മറവിലാണ് കെ.വി.സുരേഷ് പെൺവാണിഭവും പണമിടപാടുകളും നടത്തിയിരുന്നത്. അജ്മാനിലും ഷാർജയിലും സുരേഷിന്റെ ഉടമസ്ഥതയിലുള്ള അനാശാസ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുകാരിയാണ് രണ്ടാംപ്രതി ലിസി സോജൻ. അനിൽകുമാർ, ബിന്ദു, ശാന്ത എന്നീ ഏജന്റുമാർ വഴിയാണ് ലിസി സോജൻ യുവതികളെ വിദേശത്തേക്ക് കടത്തിയിരുന്നത്. ഇവർക്ക് എല്ലാവിധ സഹായവും ചെയ്ത് നൽകിയത് സേതുലാലാണ്. ഏഴാംപ്രതി മഹേഷാണ് ഇടപാടുകാരിൽ നിന്ന് പണം സ്വീകരിച്ചിരുന്നത്. തിരുവനന്തപുരത്തെ ട്രാവൽ ഏജന്റായ എട്ടാം പ്രതി സുധർമൻ യുവതികളെ കടത്തി വിട്ടതിനൊപ്പം ഇവരിലൊരാളെ പീഡിപ്പിച്ചിട്ടുമുണ്ട്. സുരേഷിന്റെ സംഘത്തിലെ ലൈംഗിക തൊഴിലാളികളായിരുന്ന ബിന്ദുവും ശാന്തയും പിന്നീട് ഏജന്റുമാരായി മാറുകയായിരുന്നു. ലിസിയും സേതുലാലും 'ഗോഡൗണിൽ' ഭാര്യഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞിരുന്നത്.
ഇയാൾ കടത്തിയ ചിറയിൻകീഴ്, കട്ടപ്പന സ്വദേശികളായ യുവതികൾ പിടക്കപ്പെട്ടതോടെയാണു മലയാളികൾ ഇടനിലക്കാരായ പെൺവാണിഭ റാക്കറ്റിന്റെ വിവരങ്ങൾ പുറത്തുവന്നത്. ചിറയിൻകീഴിലെ യുവതിയെ 2012 ജൂൺ 11 നാണു ദുബായിൽ ശുചീകരണ തൊഴിലാളിയായി ജോലിയും 25,000 രൂപ ശമ്പളവും വാഗ്ദാനം ചെയ്തു പെൺവാണിഭസംഘത്തിനു വേണ്ടി കടത്തിയത്. ഇതിനു മുൻപ് 2011 ഓഗസ്റ്റ് 17 നു കട്ടപ്പന സ്വദേശിനിയെ കടത്തിയ കേസിലെ പ്രതികളെ കണ്ടെത്താൻ അന്വേഷണസംഘം ശ്രമിക്കുന്നതിനിടയിലാണു സമാനസ്വഭാവമുള്ള കേസ് ശ്രദ്ധയിൽപെട്ടതും സുരേഷിന്റെ നേതൃത്വത്തിൽ ദുബായിൽ നടക്കുന്ന പെൺവാണിഭം സംബന്ധിച്ച വിവരം ലഭിച്ചതും.
മസ്‌കറ്റിൽ നിന്നും തിരുവനന്തപുരത്തേക്കു മടങ്ങിയ യുവതി മതിയായ യാത്രാരേഖകൾ കൈവശമില്ലാത്തതിനാൽ മുംബൈ വിമാനത്താവളത്തിൽ പിടിക്കപ്പെട്ടതാണു കേസിനു വഴിത്തിരിവായത്. ഈ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് സമാന അവസ്ഥയിൽ വഞ്ചിതരായ ഒട്ടേറെ യുവതികളുടെ വിവരവും സുരേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന മനുഷ്യക്കടത്തും പെൺവാണിഭവും പുറത്തറിഞ്ഞത്. അന്വേഷണം ഏറ്റെടുത്ത സിബിഐ, സുരേഷ് കടത്തിക്കൊണ്ടുപോയ എട്ടു യുവതികളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു വിവരം ശേഖരിച്ചിരുന്നു. ഇടപാടുകൾക്കു മറയായി ദുബായിൽ സുരേഷ് അൽ വാസി എന്ന പേരിൽ സ്റ്റുഡിയോ നടത്തിയിരുന്നു. അജ്മാനിലും ഷാർജയിലും ഇയാൾ പെൺവാണിഭ കേന്ദ്രങ്ങൾ നടത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇന്റർപോൾ, ദുബായ് പൊലീസ് എന്നിവരുടെ സഹകരണത്തോടെ മുഴുവൻ തെളിവുകളും ശേഖരിച്ചു കുറ്റപത്രം സമർപ്പിക്കാനാണു സിബിഐ ഒരുങ്ങുന്നത്.