തൃശ്ശൂർ: നാട്ടികയിൽ ക്രൂരമായ പീഡനത്തിനിരയായ ബധിരയും മൂകയുമായ യുവതി പീഡിപ്പിച്ച ബീഹാറി ബിജുവെന്ന ഉണ്ണ്യാരംപുരയ്ക്കൽ ബിജുവിനെ തിരിച്ചറിഞ്ഞു. ആംഗ്യ ഭാഷ അറിയുന്ന ആളുടെ സഹായത്തോടെ പൊലീസ് യുവതിയുടെ മൊഴിയും രേഖപ്പെടുത്തി. പ്രതിയുടെ മുഖം തോർത്തുകൊണ്ട് മൂടിയാണ് തെളിവെടുപ്പിനായി യുവതി ചികിൽസയിലുള്ള തൃശ്ശൂർ മെഡിക്കൽ കോളേജിൽ കൊണ്ടുവന്നത്. പ്രതിയെ കൊണ്ടുവന്നതറിഞ്ഞ് തിങ്ങിക്കൂടിയ ആളുകളെ നിയന്ത്രിക്കാനായി സുരക്ഷാ ജീവനക്കാർ വാർഡിന്റെ ഗേറ്റ് പൂട്ടിയിട്ടു. വലപ്പാട് സിഐ രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. അതിനിടെ യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ജേക്കബ് പറഞ്ഞു. അടുത്ത ദിവസങ്ങളിൽ യുവതിക്ക് ആശുപത്രി വിടാനാകുമെന്നും അദ്ദേഹം അറിയിച്ചു.

ഇതോടെ മറ്റൊരു ജിഷക്കേസായി ഈ പീഡനം മാറാനള്ള സാധ്യതയും അടഞ്ഞു. പ്രതിയെ പിടികൂടാൻ പൊലീസും നാട്ടുകാരും ഒരുമിക്കുകയായിരുന്നു. ബിജുവിനായി നടത്തിയ തിരച്ചിലിൽ നാട്ടുകാരും പങ്കാളികളായി. ശനിയാഴ്ച വൈകീട്ട് ഏഴ് മുതൽ ഞായറാഴ്ച പുലർച്ചെ അഞ്ച് വരെ തിരച്ചിൽ തുടർന്നു. ഒടുവിൽ സന്ധ്യയ്ക്ക് നാട്ടിക ബീച്ചിലെ വീട്ടിൽനിന്ന് പിടിയിലായി. ബിജുവാണ് പ്രതിയെന്ന സംശയം തോന്നിയ നിമിഷം മുതൽ പൊലീസ് തിരച്ചിൽ തുടങ്ങിയിരുന്നു. 3000 രൂപ നൽകി ബിജുവിനെ ഉറ്റബന്ധു യാത്രയാക്കി എന്ന് മനസ്സിലാക്കിയ പൊലീസ് സംഘം നേരെ പോയത് ചെറായിയിലേയ്ക്കാണ്.

അവിടെ ഉറ്റബന്ധുവിന്റെ ഭാര്യവീട്ടിൽ ബിജുവുണ്ടാകുമെന്ന പൊലീസിന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. പൊലീസ് എത്തിയപ്പോഴേക്കും ബിജു അവിടെനിന്ന് മുങ്ങിയിരുന്നു. ആദ്യം പൊലീസിനോട് സഹകരിക്കാതിരുന്ന നാട്ടുകാർ കാര്യമറിഞ്ഞപ്പോൾ സഹായികളായി. ബിജു ഒളിച്ചിരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം നാട്ടുകാരോടൊപ്പം പൊലീസെത്തി. രാത്രി പതിനൊന്നിന് അരയത്തിക്കടവിനടുത്തുവച്ച് പൊലീസ് ബിജുവിനെ കണ്ടു. വഞ്ചിയിൽ കണ്ടൽക്കാടുകൾക്കുള്ളിലേയ്ക്ക് ബിജുവിനെ കൊണ്ടുപോയി ബന്ധു രക്ഷപ്പെടുത്തി. പുലർച്ചെ 4.30ന് ബിജു വീണ്ടും തിരച്ചിൽ സംഘത്തിന് മുന്നിൽപ്പെട്ടു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് പിന്തുടർന്നെങ്കിലും ഇടയ്ക്ക് പൊന്തക്കാട്ടിൽ കയറി മറഞ്ഞു.

ഒടുവിൽ നാട്ടിലേയ്ക്ക് എത്തുമെന്ന പൊലീസിന്റെ പ്രതീക്ഷ തെറ്റിയില്ല. പ്രതി വലയിലുമായി. വലപ്പാട് അഡീ. എസ്‌ഐ ടി.ആർ. ജോഷി, ഗ്രേഡ് എസ്‌ഐ യു.സി. ലാൽസൻ, സീനിയർ സി.പി.ഒ. ബാബു, ഇരിങ്ങാലക്കുട ഡിവൈ.എസ്‌പി.യുടെ സ്‌ക്വാഡിലെ പൊലീസുകാരായ ഹബീബ്, അഷറഫ്, ഗോപി എന്നിവരുടെ നേതൃത്വത്തിലാണ് ബിജുവിന് വേണ്ടി ചെറായിയിൽ അന്വേഷണം നടന്നത്. പ്രതിയെ എത്രയും വേഗം പിടികൂടണമെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശവും ഉണ്ടായിരുന്നു. പ്രതി രക്ഷപ്പെടുന്നത് ഒഴിവാക്കാനുള്ള മുൻകരുതലും എടുത്തു.

അതിനിടെ മെഡിക്കൽ കോളേജിൽ യുവതിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നുവെന്ന ആരോപണവും സജീവമാണ്. തൃശ്ശൂർ മെഡിക്കൽ കോളേജിലെ ജനറൽ വാർഡിലാണ് സ്വകാര്യതയില്ലാതെ ഇവരെ കിടത്തിയിരിക്കുന്നത്. പ്രതിയുടെ ക്രൂരതയ്ക്ക് പിന്നാലെ അധികാരികളുടെ ക്രൂരതകൂടി നേരിടേണ്ടിവരികയാണ് ഇവർ. തിങ്കളാഴ്ച തിരിച്ചറിയലിനായി പ്രതിയെ കൊണ്ടുവന്നതും ഈ വാർഡിലേയ്ക്കാണ്. എട്ട് രോഗികളുള്ള വാർഡിലാണ് യുവതി കഴിയുന്നത്.

തിങ്കളാഴ്ച പ്രതിയെ ഇവിടേയ്ക്ക് കൊണ്ടുവന്നതോടെ ഇരയെ രോഗികളും കൂട്ടിരിപ്പുകാരും മറ്റു വാർഡുകളിലുള്ളവരും തിരിച്ചറിഞ്ഞു. നിയമപ്രകാരം ഇത്തരം കേസിലെ ഇരകൾക്ക് സ്വകാര്യതയും ഏറ്റവും മികച്ച സൗകര്യങ്ങളും ഒരുക്കണമെന്നുണ്ട്. എന്നാൽ ഈ കേസിൽ ഇതൊന്നും പാലിക്കുന്നില്ല.