തൃശൂർ: ഇടവകയിലെ സ്ത്രീകളും പെൺകുട്ടികളുമായി ഫോണിൽ പതിവായി ലൈംഗികസംഭാഷണം നടത്തുന്ന യുവവൈദികൻ തൃശൂർ അതിരൂപതയ്ക്ക് തലവേദനയായി. വെളുത്തുരു പള്ളിയിലെ യുവ വികാരിക്കെതിരെ നടപടി വേണമെന്ന് നാട്ടുകാർ ശക്തമായി ആവശ്യപ്പെട്ടിട്ടും അതിരൂപതയിൽനിന്നു കുറ്റകരമായ നിശബ്ദതയാണു പുലർത്തിവരുന്നതെന്ന് ഇടവകാംഗങ്ങൾ ആരോപിച്ചു.

വികാരിയച്ചൻ പല സ്ത്രികളെയും പെൺകുട്ടികളെയും ഫോണിൽ വിളിച്ചു നടത്തുന്ന ലൈംഗിക-അശ്ലീലസംഭാഷണങ്ങൾ തൃശൂർ ശക്തൻ മാർക്കറ്റിൽ വരെ വ്യാപകമായി പ്രചരിച്ചിട്ടും വിവാദ വൈദികനെതിരെ യാതൊരു നടപടിയും തൃശൂർ രൂപത സ്വീകരിച്ചില്ലെന്നാണ് ആരോപണം. രണ്ടു മാസം മുൻപ് ഇടവകയിലെ വിശ്വാസികളുടെ കയ്യിൽ അച്ചന്റെ സ്വകാര്യ ഫോൺ സംഭാഷണത്തിന്റെ ശബ്ദശകലങ്ങൾ കിട്ടുകയും ഇടവകയിലുള്ള ചിലർ തന്നെയിതു സിഡിയാക്കി ഇടവക വിശാസികളുടെ ഇടയിൽ വിതരണം ചെയ്യുകയും ചെയ്തു.

ഇതോടെ അച്ചനെതിരെ വ്യാപകമായി പരാതികൾ ഉയർന്നു. അതിരൂപതയിൽ നേരിട്ടു പലരും എത്തി പരാതികൾ പറഞ്ഞു. എന്നാൽ തൃശൂർ അതിരൂപതാധികൃതർ വിവാദ വൈദികനെ മറ്റൊരു ഇടവകയിലേക്ക് സ്ഥലം മാറ്റി മുഖം രക്ഷിക്കാനാണ് തുനിഞ്ഞത്. അദ്ദേഹത്തിനെതിരേ നടപടികളെടുത്താൽ രൂപതയുടെ പല സത്യങ്ങളും നേരിട്ടറിയാവുന്ന വിവാദ വൈദികൻ അവ വിളിച്ചു പറയുമെന്നു ഭയന്നാണിതെന്നാണ് ആരോപണം. രൂപതയിലെ പല കാര്യങ്ങളും ചോദ്യം ചെയ്യുന്ന അച്ചൻ സ്വയം സഭാവസ്ത്രം ഉപേക്ഷിച്ചു പുറത്തുപോകട്ടെയെന്നാണ് തൃശൂർ രൂപതയുടെ ലക്ഷ്യമെന്നും ആരോപണമുണ്ട്.

മുൻപേതന്നെ അച്ചന്റെ ഫോൺ വിളികളിൽ വ്യാപകമായ പരാതി നിലനിന്നിരുന്നു. കഴിഞ്ഞ വർഷം അവസാനസമയത്താണ് ഫോൺ സംഭാഷണങ്ങൾ ഇടവകയിൽ പ്രചരിച്ചത്. സംഭാഷണ സിഡിക്കൊപ്പം ഇടവക വികാരിക്കതിരെയുള്ള ഒരു കത്തും ഈ സമയത്ത് പ്രചരിച്ചിരുന്നു. അതോടെ പ്രശ്‌നങ്ങൾ കുടുതൽ വഷളാവാതിരിക്കാൻ വിവാദ വൈദികൻ തൃശൂർ അമല ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ആയി. ഇതോടെ കത്തും ഓഡിയോയും വ്യാപകമായി പ്രചരിച്ചു. ഇടവകകാർക്കെല്ലാം അറിയുന്നവരായിരുന്നു പെൺകുട്ടികൾ.

അവരെ നാട്ടിൽ തിരിച്ചറിഞ്ഞതോടെ പലരും പുറത്തുവച്ച് അവരെ പരസ്യമായി കമന്റടിക്കുകയും ഇത് വലിയ സംഘർഷങ്ങൾക്ക് വരെ വഴിവയ്ക്കുകയും ചെയ്തതായി നാട്ടുകാർ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിശ്വാസികൾ തൃശൂർ അതിരൂപതയിലെ പിതാവിനെ സമീപിച്ചിരുന്നു . അച്ചനെതിരെ നടപടിയെടുക്കുമെന്നു ഇടവകക്കാർ കരുതി. പകരം, കുന്നംകുളത്തിനടുത്തുള്ള ചിറളയം എന്ന ഇടവകയിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. ഈ മാസം മൂന്നിനു വൈദികൻ ചിറളയം ഇടവകയിലെ വികാരിയായി ചാർജെടുക്കും.

വെളുത്തുരു ഇടവകയിലെ സഭാംഗങ്ങളുടെ പരാതികൾക്കൊപ്പം ഇതേ ഇടവകയിലുള്ള പേര് വെളിപ്പെടുത്താത്ത ഒരു കന്യാസ്ത്രിയും വിവാദവൈദികന്റെ സ്വഭാവ ദൂഷ്യത്തെക്കുറിച്ചു പിതാവിനു നേരിട്ട് പരാതി അയച്ചിരുന്നു. അതിന്റെ പകർപ്പും നാട്ടിൽ പ്രചരിച്ചിട്ടുണ്ട്. ഇതിൽ സിഡിയിലെപ്പോലെ തന്നോടും അച്ചൻ ലൈംഗിക സംഭാഷണം നടത്തിയതായും ഇവർ പരാതിപ്പെടുന്നു. ഇടവകയിലെ 15 ഓളം സ്ത്രികളുമായി അച്ചന് വഴിവിട്ട ബന്ധമുണ്ടായിരുന്നതായി തനിക്കറിയാമെന്നും പരാതിയിൽ പറയുന്നുണ്ട്.

അതുപോലെ താൻ വൈദികർക്കിടയിലെ ഗുണ്ടയാണെന്നും പലപ്പോഴും സ്വയം വിശേഷിപ്പിക്കാറുണ്ടെന്നും രാത്രികാലങ്ങളിൽ സിനിമക്കും പുഴയിൽ കുളിക്കാനും തട്ടുകടയിൽ ഭക്ഷണം കഴിക്കാനും പോകുന്നതു പതിവാണെന്നും സിസ്റ്റർ പാരാതിയിൽ ആരോപിക്കുന്നുണ്ട്.. രാത്രി ഉറക്കമില്ലാത്ത വൈദികൻ പാതിരാത്രികളിലാണ് സ്ത്രികളെ വിളിച്ചെണീപ്പിച്ച് അശ്ലീലഭാഷണം നടത്തുന്നതെന്നും അടുത്തറിയുന്നവർ ഈ വൈദികന്റെയടുത്തു കുമ്പസാരിക്കാൻ പോലും ചെല്ലാറില്ലെന്നും, സഭാവസ്ത്രം കൊണ്ടുനടക്കാൻ സാധിക്കില്ലെന്നു തനിക്കുറപ്പുണ്ടെന്നും കന്യാസ്ത്രിയുടെ പരാതിയിൽ പറയുന്നു. പക്ഷെ ഇതിലും നടപടികൾ ഉണ്ടായില്ല.