മലപ്പുറം: ഹയർസെക്കണ്ടറി പ്രിൻസിപ്പൽ സഹപ്രവർത്തകയായ അദ്ധ്യാപികക്കെതിരെ ലൈംഗികാതിക്രമണം നടത്തിയതായി പരാതി. അശ്ലീല സംഭാഷണവും ആംഗ്യവും തനിക്കെതിരെ പ്രിൻസിപ്പൽ പതിവാക്കിയെന്ന് കാണിച്ചാണ് അദ്ധ്യാപിക വനിതാ കമ്മീഷനിൽ പരാതി നൽകിയത്. മലപ്പുറത്തിനടുത്ത എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.

പ്രാദേശിക ചാനൽ അവതാരകനായ മാധ്യമപ്രവർത്തകൻ കൂടിയാണ് പരാതി ആരോപിക്കപ്പെട്ട പ്രിൻസിപ്പൽ. പരാതി ഒതുക്കിത്തീർക്കാൻ മാനേജ്‌മെന്റ് ശ്രമിച്ചതായും അദ്ധ്യാപിക പരാതിപ്പെട്ടു.സംഭവം ചൂണ്ടിക്കാട്ടി മാനേജ്‌മെന്റിന് പരാതി നൽകിയെങ്കിലും പ്രിൻസിപ്പലിന്റെ സ്വാധീനത്തിൽ വഴങ്ങി മാനേജ്‌മെന്റ് നടപടിയെടുക്കാതെ പരാതി തള്ളുകയായിരുന്നു.

വനിതാ കമ്മീഷനിൽ അദ്ധ്യാപിക നൽകിയ പരാതി, കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങിൽ പരിഗണിച്ചെങ്കിലും അദ്ധ്യാപകന്റെ കൂടി വാദം കേൾക്കേണ്ടതുള്ളതിനാൽ അടുത്ത സിറ്റിങിലേക്ക് മാറ്റി. കമ്മീഷൻ അംഗം എം.എസ് താരയുടെ നേതൃത്വത്തിലായിരുന്നു സിറ്റിങ്.

സ്‌കൂളിൽ വച്ച് നിരന്തരം ശല്ല്യം ചെയ്യുകയാണെന്ന് അദ്ധ്യാപിക പരാതിയിൽ പറയുന്നു. സംഭവം ശ്രദ്ധയിൽപെടുത്തിയെങ്കിലും മാനേജർ പ്രിൻസിപ്പലിനൊപ്പം നിൽക്കുകയാണെന്നും പരാതിയിലുണ്ട്. എന്നാൽ പരാതി വാസ്തവമല്ലെന്ന് അദ്ധ്യാപകൻ സിറ്റിങിൽ പറഞ്ഞു.
അദ്ധ്യാപികക്കെതിരായ പ്രിൻസിപ്പലിന്റെ വാദങ്ങളും അടുത്ത സിറ്റിങിൽ പരിഗണിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.

അതേസമയം, സംഭവം സ്‌കൂളിൽ അദ്ധ്യാപകർക്കിടയിൽ ചേരിതിരിവിനും കാരണമാക്കിയിട്ടുണ്ട്. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ തസ്തികയിലേക്ക് മാനേജ്‌മെന്റ്, ആരോപണ വിധേയനായ അദ്ധ്യാപകനെ പരിഗണിച്ചതാണ് പരാതിക്ക് കാരണമെന്ന് ഒരു വിഭാഗം അദ്ധ്യാപകർ ഉന്നയിക്കുന്നു. പ്രിൻസിപ്പൽ ലിസ്റ്റിലുള്ള മറ്റൊരധ്യാപകന് വേണ്ടി പരാതിക്കാരി രംഗത്ത് വന്നുവെന്നാണ് ഇവരുടെ ആക്ഷേപം.