കാസർഗോഡ്: പാലക്കാട് വിക്ടോറിയ കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകർ വിദ്യാർത്ഥികൾക്ക് ശവകുടീരമൊരുക്കിയതും, എറണാകുളം മഹാരാജാസിൽ പ്രിൻസിപ്പലിന്റെ കസേര കത്തിച്ചതും മലയാളികളുടെ ഓർമകളിൽ നിന്ന് മാഞ്ഞിട്ടില്ല.ഏറ്റവുമൊടുവിൽ കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിൻസിപ്പലിന് വിരമിക്കുന്ന ദിവസം ആദരാഞ്ജലി ബോർഡുകൾ വച്ച് വിദ്യാർത്ഥികൾ യാത്രയയപ്പ് നൽകിയതും വിവാദമാവുകയാണ്.

വിദ്യാർത്ഥി മനസ്സിൽ മരിച്ച പ്രിൻസിപ്പൽ ഒഴിയുന്നു...ദുരന്തം ഒഴിയുന്നു...കാമ്പസ് സ്വതന്ത്രമാകുന്നു..നെഹ്‌റുവിന് ശാപമോക്ഷം എന്നാണ് ആദരാഞ്ജലി അർപ്പിക്കുന്ന ബോർഡുകളിൽ എഴുതിയരിക്കുന്നത്. സ്റ്റാഫ് മുറിയിൽ പ്രിൻസിപ്പൽ പി.വി.പുഷ്പജയയ്ക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകുമ്പോൾ ചില വിദ്യാർത്ഥികൾ കോളേജിന്റെ വരാന്തയിൽ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്തു. വിദ്യാർത്ഥികളിൽ നിന്ന് പണപ്പിരിവ് നടത്തി മധുരവിതരണം നടത്തിയതായും ആരോപണമുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ എസ്.എഫ്.ഐ നിഷേധിച്ചു.

പതിവായി ക്ലാസിൽ കയറാതിരുന്ന വിദ്യാർത്ഥികൾക്ക് അറ്റൻഡൻസ് നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ഉപരോധ സമരമടക്കം നടത്തിയിരുന്നതായി പ്രിൻസിപ്പൽ പറയുന്നു. എന്നാൽ താൻ വഴങ്ങിയില്ല. കോളേജിലെ അക്കാദമിക് കാര്യങ്ങൾ മെച്ചപ്പെടുത്താനും അച്ചടക്കം വർദ്ധിപ്പിക്കുവാനും വേണ്ട നടപടികളെടുത്തിരുന്നു. ഇതിലുള്ള വൈരാഗ്യമാകാം ഇപ്പോഴത്തെ വിദ്യാർത്ഥികളുടെ പ്രവർത്തനത്തിന് പിന്നിലെന്നും അവർ പറയുന്നു. എസ്എഫ്ഐയുടെ ഭീഷണിക്കെതിരെ പ്രിൻസിപ്പൽ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുത്തതാണ് പുതിയ സംഭവങ്ങൾക്ക് കാരണമെന്നാണ് വിവരം.

പാലക്കാട് വിക്ടാറിയാ കോളേജ് പ്രിൻസിപ്പലായിരുന്ന പ്രൊഫ.ടി.എൻ സരസു വിരമിക്കുന്ന ദിവസം ശവകുടീരം നിർമ്മിച്ച് എസ്എഫ്ഐ അപമാനിച്ചത് വൻവിവാദമായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലും പ്രിൻസിപ്പലിന്റെ കസേര കത്തിച്ച് എസ്എഫ്ഐ പ്രതിരോധത്തിലായിരുന്നു.മഹാരാജാസിൽ കസേര കത്തിച്ച സംഭവത്തിൽ ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ എകെജിസിടിയെ പൂർണമായും പ്രതിരോധത്തിലാക്കുന്ന റിപ്പോർട്ടാണ് അന്വേഷണ കമ്മീഷൻ സമർപ്പിച്ചത്.

2017 ജനുവരി 19ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ കസേര കത്തി്ക്കും മുമ്പ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥികളുടെ പ്രകടനത്തിൽ കോളേജിന് പുറത്തു നിന്നുള്ള നാല് അദ്ധ്യാപകരുൾപ്പടെ 11 അദ്ധ്യാപകർ പങ്കെടുത്തിരി. കസേര കത്തിച്ചത് കോളേജ് യൂണിയൻ ചെയർമാൻ ഉൾപ്പടെയുള്ള 10 എസ്എഫ്ഐ പ്രവർത്തകരാണെന്നായാരുന്നു അന്വേഷണ കമ്മീഷൻ റിപ്പോർട്ട്.സംഭവവുമായി ബന്ധപ്പെട്ട മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും, ഇവരെ സംഘടനയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.സദാചാര പൊലീസായി പ്രിൻസിപ്പൽ പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചാണ് എസ്എഫ്‌ഐ പ്രവർത്തകർ പ്രിൻസിപ്പലിന്റെ കസേര കത്തിച്ചത്.