കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷം തടയാനെത്തിയ അസിസ്റ്റന്റ് കമ്മീഷ്ണർ ഉൾപ്പടെയുള്ള പൊലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ 14 എസ്.എഫ്.ഐ പ്രവർത്തകരെ റിമാന്റ് ചെയ്തു. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് അമീർ ഉൾപ്പടെയുള്ളവരെയാണ് റിമാന്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് കോളേജിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ആക്രമണം തുടങ്ങിയത്. കോളേജ് ഓഡിറ്റോറിയത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി കെ.എസ്.യു നടത്തിയ ഓപ്പൺ ഡേയുടെ ഭാഗമായി ഗാനമേള നടക്കുകയായിരുന്നു.

ഇതിനിടെയാണ് ഓഡിറ്റോറിയത്തിന് പുറത്ത് ഒന്നാം വർഷ വിദ്യാർത്ഥിനിയെക്കൊണ്ട് രണ്ടാം വർഷ വിദ്യാർത്ഥികളായ എസ്.എഫ്.ഐ പ്രവർത്തകർ പാട്ട് പാടിച്ചു. പാട്ട് പാടിയതിന് ശേഷം പോയ വിദ്യാർത്ഥിനി ഒന്നാം വർഷ എസ്എഫ്ഐ പ്രവർത്തകരോട് ഇക്കാര്യം പറഞ്ഞു. രണ്ടാം വർഷ എസ്എഫ്ഐ പ്രവർത്തകരോട് ഒന്നാം വർഷ എസ്എഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്യാൻ വന്നതോടെയാണ് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്.

പുറത്തുനിന്ന് എത്തിയവർ കഞ്ചാവ് അടിച്ചാണ് എത്തിയതെന്ന് വിദ്യാർത്ഥികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. കോളേജിന് പുറത്തേക്ക് ബഹളം എത്തിയതോടെ ഗേറ്റിന് പുറത്തുണ്ടായിരുന്ന പൊലീസ് സംഘം ക്യാമ്പസിനകത്തേക്ക് പ്രവേശിച്ചു. എന്നാൽ വിഷയത്തിൽ പൊലീസ് ഇടപെടേണ്ടെന്ന എസ്എഫ്ഐ നേതാക്കളുടെ അഭ്യർത്ഥനയെത്തുടർന്ന് പൊലീസ് സംഘം ആദ്യം മടങ്ങി. ഇതോടെ ഒന്ന്, രണ്ട് വർഷ എസ്എഫ്ഐ പ്രവർത്തകർ തമ്മിലുള്ള വിഷയത്തിൽ അവസാന വർഷ എസ്എഫ്ഐ പ്രവർത്തകരും ഇടപെട്ടു. ഇതോടെ ചില നേതാക്കളും പ്രവർത്തകരും തമ്മിലുള്ള വ്യക്തി വൈരാഗ്യങ്ങൾ മുതലെടുത്ത് ഉന്തും തള്ളിനുമിടെ അടിതുടങ്ങി. ഇതോടെയാണ് നേരത്തെ പിൻവലിഞ്ഞ പൊലീസ് സംഘം തിരിച്ചെത്തി. ഇതോടെ വിദ്യാർത്ഥികൾ പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ സിവിൽ പൊലീസ് ഓഫീസർക്ക് പരിക്കേറ്റു.

ഇതോടെയാണ് എസ്ഐയും സിഐയും എസിയും ഉൾപ്പടെയുള്ളവർ ക്യാമ്പസിലേക്ക് എത്തിയത്. സംഘർഷം നിയന്ത്രിക്കുന്നതിനായി ലാത്തി വീശി പൊലീസ് വിദ്യാർത്ഥികളെ വിരട്ടിയോടിച്ചു. കോളേജ് മുറികളിലേക്ക് ഓടിക്കയറിയ എസ്എഫ്ഐ പ്രവർത്തകർ പിന്നീട് ബിയർ കുപ്പിയും കല്ലും വടിയും പൊലീസിന് നേരെ മുകളിലത്തെ നിലയിൽ നിന്ന് വലിച്ചെറിഞ്ഞു. ഈ ആക്രമണത്തിൽ എറണാകുളം അസിസ്റ്റന്റ് കമ്മീഷ്ണർ കെ ലാൽജി, സെൻട്രൽ സി അനന്തലാൽ, എസ്ഐ ജോസഫ് സാജൻ, പ്രബേഷൻ എസ്ഐ ജോബി, സിവിൽ പൊലീസുകാരായ അനിൽ, ശ്യാംരാജ്, ശ്യാംകുമാർ എന്നിവരടക്കം എട്ട് പൊലീസുകാർക്ക് പരിക്കേറ്റത്.

എസിയുടെ കാലിനാണ് പരിക്ക്. സിഐയ്ക്ക് കാലിന്റെ അസ്ഥിക്ക് പൊട്ടലുണ്ട്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനന്തലാൽ വിശ്രമത്തിലാണ്. മറ്റുള്ളവർക്ക് വയറിനും പുറത്തും മുഖത്തും കാലിനുമാണ് പരിക്കേറ്റത്. വൈകിട്ട് ആറ് മണിയോടെയാണ് ക്യാമ്പസ് ശാമായത്. കണ്ടലാറിയാവുന്ന 60 വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രിൻസിപ്പാളിന്റെ കസേര കത്തിച്ച കേസിൽ പ്രതിയും നിലവിൽ അഡ്‌മിഷൻ റദ്ദുചെയ്തതുമായ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അമീർ, രാഗേഷ്, ജിഷ്ണു, ജോസ് മാത്യു, ശബരീഷ്, ആനന്ദ്, രാഹൂൽ, മുഹമ്മദ് ആഷിക്, വൈശാഖ്, അർഷാൻ, മുഹമ്മദ് റഷീദ്, അതുൽ സുരേന്ദ്രൻ, അതുൽ, അനന്ദ പത്മനാഭൻ എന്നിവരെയാണ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.