മലപ്പുറം: നിലമ്പൂരിൽ പരമ്പര്യവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മൃതദേഹം വെട്ടി നുറുക്കാൻ ഉപയോഗിച്ച പുളിമരപ്പലകയുടെ കുറ്റി കണ്ടെത്തി. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി നൗഷാദുമായി നിലമ്പൂർ സിഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പുളിമരക്കുറ്റി കണ്ടെത്തിയത്. ഇത് കേസിൽ നിർണായക തെളിവായി മാറുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മരക്കുറ്റിയിലെ അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനക്കയക്കും. നിലമ്പൂർ റെയിൽവെ സ്റ്റേഷന് സമീപം രാധാകൃഷ്ണൻ നായർ എന്ന ഉണ്ണിയുടെ വീട്ടുവളപ്പിലെ പുളിമത്തിന്റെ കുറ്റിയാണ് പൊലീസ് കണ്ടെത്തിയത്.

ഈ പുളിമരം, മര വ്യാപാരിയായ പറമ്പാടൻ ഉമ്മറിനാണ് രാധാകൃഷ്ണൻ വിറ്റത്. ഇയാളിൽ നിന്നാണ് ഷാബാ ഷെരീഫിന്റെ മൃതദേഹം വെട്ടി നുറുക്കിയ നൗഷാദ് ഒന്നര മീറ്റർ നിളമുള്ള മരക്കഷ്ണം വാങ്ങിയത്. കൊലപാതകത്തിനു തൊട്ടടുത്ത ദിവസമാണ് മരക്കഷ്ണം വാങ്ങിയത്. വെട്ടി നുറുക്കാൻ അനുയോജ്യവും ബലമുള്ളതുമായതിനാലാണ് പുളിമരക്കഷ്ണം തെരഞ്ഞെടുത്തതെന്ന് പ്രതി നൗഷാദ് പൊലീസിനോട് പറഞ്ഞു. പൊലീസ് കണ്ടെത്തിയ പുളിമര കുറ്റിയിൽ നിന്നുള്ള കഷ്ണം തന്നെയാണ് വാങ്ങിയതെന്നു പ്രതി സമ്മതിച്ചു. നൗഷാദിന് മരക്കഷ്ണം വിറ്റതായി മര വ്യാപാരി ഉമ്മറും പൊലീസിൽ മൊഴി നൽകി.

ഇന്നു വൈകുന്നേരം നാലു മണിയോടെയാണ് പ്രതിയുമായി സിഐ പി. വിഷ്ണു, എസ്ഐമാരായ കെ. ബഷീർ, നവീൻ ഷാജ് എന്നിവരുടെ നേതൃത്വത്തിൽ റെയിൽവെ സ്റ്റേഷനു സമീപമുള്ള വീട്ടിൽ തെളിവെടുപ്പ് നടത്തിയത്. ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങിയ പ്രതി നൗഷാദിനെ ഇന്നു കോടതിയിൽ് തിരിച്ചേൽപ്പിക്കും. നൗഷാദുമായി ഒരു ദിവസം മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ വീട്ടിലും മറ്റുമായി മൂന്നു ദിവസങ്ങളിലായാണ് തെളിവെടുപ്പ് നടത്തിയത്. നൗഷാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ട ഷാബാ ഷെരീഫിനെ താമസിപ്പിച്ചിരുന്ന മുറിയിൽ നിന്നും കൊലപാതക ശേഷം മൃതദേഹം വെട്ടി നുറുക്കിയ ശുചിമുറിയിൽ നിന്നും മൃതദേഹം പുഴയിൽ തള്ളാൻ കൊണ്ടുപോയ കാറിൽ നിന്നുമായി രക്തക്കറ, മുടി, ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഇവ കൊല്ലപ്പെട്ട ഷാബാ ഷെരീഫിന്റെതാണെന്നു സ്ഥിരീകരിക്കാനായാൽ കേസ് വഴിത്തിരിവിലെത്തും. ഫോറൻസിക് പരിശോധനക്ക് ശേഷം ഡിഎൻഎ സാമ്പിളുകൾ കൊല്ലപ്പെട്ട ഷാബാ ഷെരീഫിന്റെതാണെന്നു തെളിയിക്കാൻ കഴിയുമെന്നു തന്നെയാണ് പരിശോധനക്ക് നേതൃത്വം നൽകിയ ഫോറൻസിക് സംഘത്തിന്റെ പ്രതീക്ഷ. കൊല്ലപ്പെട്ട ഷാബാ ഷെരീഫിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങടങ്ങിയ പെൻഡ്രൈവും പൊലീസ് ഫോറൻസിക് സംഘം പരിശോധിച്ചു വരികയാണ്.

പൊലീസ് കസ്റ്റഡിയിലുള്ള നൗഷാദിന്റെ വെളിപ്പെടുത്തലാണ് കൊലപാതകത്തിന്റെ ചുരുളഴിയാൻ കാരണം. റിമാൻഡിലായ പ്രതികളിൽ നൗഷാദിനെ മാത്രമാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. മറ്റു പ്രതികളെയും പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും. അതേ സമയം കേസിൽ ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.

മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ബന്ധു ഉൾപ്പെടുന്ന അഞ്ചുപേരാണ് ഒളിവിലുള്ളത് . എല്ലാവരും നിലമ്പൂർ സ്വദേശികളാണ്. ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവരും വധശ്രമം ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും ഒളിവിൽ കഴിയുന്നവരിലുണ്ട്. ഷാബാ ഷെരീഫിന്റെ കൊലപാതകത്തിൽ ഇവർക്കു പങ്കുള്ളതായി പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ഷൈബിൻ അഷ്‌റഫിന്റെ അടുത്ത ബന്ധുവും വിശ്വസ്തനുമായ നിലമ്പൂർ ഇയ്യംമടയിലെ കൈപ്പഞ്ചേരി ഫാസിലിന്റെ വീട്ടിൽ വെള്ളിയാഴ്ചയും നിലമ്പൂർ മുക്കട്ട പഴയ പോസ്റ്റ് ഓഫീസിന് സമീപമുള്ള ഷമീമിന്റെ വീട്ടിൽ ശനിയാഴ്ചയും പൊലീസ് മിന്നൽ പരിശോധന നടത്തിരുന്നു. ഇരുവരും ഒളിവിൽപോയ സംഘത്തിൽപ്പെട്ടവരാണ്.

കേസിൽ ഇതുവരെ ഒമ്പതു പ്രതികളാണുള്ളത്. മുഖ്യപ്രതി നിലമ്പൂർ മുക്കട്ട ഷൈബിൻ അഷ്‌റഫ്(37), ഷൈബിന്റെ മാനേജരായിരുന്ന വയനാട് സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദീൻ (36), കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ്(41), ഡ്രൈവർ നിലമ്പൂർ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാക്കി അഞ്ചു പ്രതികളെയും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. മൂലക്കുരുവിനുള്ള ഒറ്റമൂലിക പറഞ്ഞു കൊടുക്കാത്തതിലാണ് മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്നു ഒരു വർഷത്തിലേറെ തടങ്കലിൽ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി ചാലിയാർ പുഴയിലെറിഞ്ഞത്.

സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിനെതിരെ നിരവധി കൊലപാതക പരാതികളാണ് ഉയർന്നത്. ഷൈബിന്റെ ബിസിനസ് പങ്കാളിയായിരുന്ന മുക്കം സ്വദേശി ഹാരിസിന്റെ ആത്മഹത്യ കൊലപാതകമാണെന്നും ഷൈബിൻ അഷ്‌റഫ് കൊലപ്പെടുത്തിയതാകാമെന്നും ആരോപിച്ച് ഹാരിസിന്റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. വയനാട് ബത്തേരി സ്വദേശിയുടെ മരണത്തിലും ഷൈബിന്റെ ബിസിനസ് പങ്കാളി ദുബായിൽ ആത്മഹത്യ ചെയ്തതിലും ദുരൂഹതയേറുന്നുണ്ട്. റിട്ടയേർഡ് എസ്ഐ അടക്കമുള്ളവരുടെ സഹായവും ഇയാൾക്കു ലഭിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വയനാട് സ്വദേശിയായ റിട്ടയേർഡ് എസ്ഐയും ഒളിവിലാണ്.