- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാന ചിത്രമാകുമെന്ന് കരുതിയില്ല; സത്യം ഉടൻ പുറത്തുവരണം; നിങ്ങൾ ഞങ്ങളെ എല്ലാവരെയും വിട്ടുപോയി എന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല; പറയാൻ വാക്കുകൾ ഇല്ല; ഷഹനക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും പങ്കുവച്ച് നടൻ മുന്ന; ഷഹനയുടെ മൃതദേഹത്തിലെ മുറിവുകളിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്
കോഴിക്കോട്: മോഡലും നടിയുമായ ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയ ഞെട്ടലിലാണ് കേരളം. വ്‌ലോഗർ റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം ഊർജ്ജിതമാകുന്ന ഘട്ടത്തിലാണ് സിനിമയിൽ ഉയരങ്ങളിൽ എത്താൻ മഹോച്ച മറ്റൊരു പെൺകുട്ടിക്കും അകാല മരണം സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ ഭർത്താവ് സജാദിനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
ഷഹനയുടെ മരണവാർത്ത കേട്ട് ഞെട്ടിയവർ നിരവധിയാണ്. ഇപ്പോഴിതാ ഷഹന അവസാനമായി തനിക്കൊപ്പമാണ് അഭിനയിച്ചതെന്നും മരണവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നും പറയുകയാണ് നടൻ മുന്ന. ഇൻസ്റ്റഗ്രാമിലൂടെയാണ് ഷഹനയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ അടക്കം മുന്ന വേദന പങ്കുവച്ചത്.
'നീ ഞങ്ങളെ വിട്ടുപോയി എന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി. ഞങ്ങൾ ഒരുമിച്ച് എടുത്ത ആദ്യ ചിത്രം. വാഗ്ദാനമായിരുന്ന നടിയാണ്. ദാരുണമായ അന്ത്യം. പ്രിയപ്പെട്ട ഷഹനയോടൊപ്പം അഭിനയച്ചപ്പോഴുണ്ടായത് നല്ല ഓർമകളാണ്. നിന്നെ വളരെയധികം മിസ് ചെയ്യും. വളരെ സങ്കടകരമാണ്. കുടുംബത്തിന് എന്റെ പ്രാർത്ഥനകൾ.' ഇൻസ്റ്റഗ്രാം കുറിപ്പിൽ മുന്ന പറഞ്ഞു.
ഇത് നമ്മൾ ഒരുമിച്ചുള്ള അവസാന ചിത്രങ്ങളായിരിക്കുമെന്ന് കരുതിയില്ലെന്നും ഷൂട്ടിന്റെ അവസാന ദിവസം എടുത്തതാണെന്നും ഷഹനക്കൊപ്പമുള്ള മറ്റൊരു ചിത്രം പങ്കുവച്ച് മുന്ന കുറിച്ചു. സത്യം ഉടൻ പുറത്തുവരണം. നിങ്ങൾ ഞങ്ങളെ എല്ലാവരെയും വിട്ടുപോയി എന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. വളരെ ചെറുപ്പമാണ്. പറയാൻ വാക്കുകളില്ല, പ്രാർത്ഥനകൾ മാത്രമെന്നും മുന്ന വേദനയോട് പറയുന്നു.
അതേസമയം ഷഹനയുടെ മരണം ആത്മഹത്യയെന്നാണ് പുറത്തുവരുന്ന പ്രാഥമിക നിഗമനം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഭർത്താവ് സജ്ജാദിനെ അറസ്റ്റ് ചെയ്തു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. ഷഹനയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായിരുന്നു. രാസപരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചു. ശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറി. ഷഹനയുടെ ദേഹത്ത് കണ്ട മുറിവുകളുടെ പാടുകളിൽ വിശദമായ അന്വേഷണം നടത്താനും പൊലീസ് ഒരുങ്ങുന്നുണ്ട്. യുവതിക്ക് മർദ്ദനമേറ്റിരുന്നോ എന്ന പരിശോധിക്കാൻ വേണ്ടിയാണിത്.
നേരത്തെ ഷഹന തൂങ്ങി മരിച്ചതാണെന്നാണു ഭർത്താവ് സജ്ജാദ് പൊലീസിനോടു പറഞ്ഞത്. എന്നാൽ, മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാണെന്നുമായിരുന്നു ഷഹനയുടെ മാതാപിതാക്കളുടെ ആരോപണം. വെള്ളിയാഴ്ച പുലർച്ചെ കോഴിക്കോട് പറമ്പിൽ ബസാറിലെ വാടകവീട്ടിൽ ജനലഴിയിൽ തൂങ്ങിയ നിലയിലായിരുന്നു ഷഹനയുടെ മൃതദേഹം കണ്ടെത്തിയത്. മുറിക്കുള്ളിലെ ജനൽക്കമ്പിയിൽ ഷഹന കെട്ടിയതാണെന്നു സംശയിക്കുന്ന പ്ലാസ്റ്റിക് കയറും കണ്ടെത്തിയിരുന്നു. മറ്റെന്തെങ്കിലും രീതിയിൽ ജീവനൊടുക്കിയതായി തെളിവുകളുണ്ടായിരുന്നില്ല. ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളോ മുറിയിൽ മൽപിടിത്തം നടന്നതിന്റ സൂചനകളോ ഇല്ല.
പണത്തെച്ചൊല്ലി ഷഹനയുമായി നിരന്തരം തർക്കിച്ചിരുന്നതായി സജ്ജാദ് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇരുവരും തമ്മിൽ സ്ഥിരം വഴക്കിട്ടിരുന്നുവെന്നും വീടൊഴിയണമെന്ന് പലതവണ മുന്നറിയിപ്പു നൽകിയിരുന്നുവെന്നും വീട്ടുടമ ജംസാദ് പറഞ്ഞു. അയൽവാസികളുമായി ഇരുവരും അടുപ്പം പുലർത്തിയിരുന്നില്ല. ഡ്രൈവർ ആണെന്നായിരുന്നു സജ്ജാദ് വീട്ടുടമയോട് പറഞ്ഞിരുന്നത്. സംഭവം ഉണ്ടായതിന് ശേഷമാണ് ഷഹന മോഡൽ ആണെന്ന വിവരം വീട്ടുടമ അറിയുന്നത്. അഭിനയിച്ച ശേഷം ഷഹനയ്ക്ക് ലഭിക്കുന്ന പണത്തെക്കുറിച്ചുള്ള തർക്കമാണു മരണത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റ പ്രാഥമിക നിഗമനം.
മറുനാടന് മലയാളി ബ്യൂറോ