ശ്രമിച്ചാൽ ഏത് സ്വപ്നവും നമുക്ക് മുന്നിൽ മുട്ടു കുത്തുമെന്നാണ് വടകരക്കാരൻ ഷാഹിദ് പറയുന്നത്. പട്ടിണിയകറ്റാൻ യത്തീം ഖാനയിൽ നിന്നുള്ള പഠനം മുതൽ നോവലെഴുതി നടന്നും വിറ്റുമെല്ലാം ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നതിനിടിയലാണ് ഷാഹിദ് ഐഎഎസ് എന്ന സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുന്നത്. അതും ആറു തവണ എഴുതിയാണ് ഷാഹിദ് ഐഎഎസ് പദവിയിൽ എത്തുന്നത്. അഞ്ച് തവണ തോറ്റെങ്കിലും വിധിക്ക് മുന്നിൽ മുട്ടുകുത്താൻ മനസ്സിലാതിരുന്ന ഷാഹിദിന്റെ നിശ്ചയ ദാർഡ്യമാണ് 2017ലെ 693-ാം റാങ്കിലെത്തിച്ചത്.

യത്തീം ഖാനയിലെ ജീവിതത്തിനിടെ 2012ലാണ് ഷാഹിദ് ആദ്യമായി സിവിൽ സർവീസിന്റെ പ്രിലിമിനറി പരീക്ഷ എഴുതിയത്. പിന്നീട് അഞ്ചു തവണ കൂടി എഴുതേണ്ടി വന്നു. ഓരോ തവണയും പൊട്ടി. എന്നാൽ സിവിൽ സർവ്വീസ് എന്ന മോഹം ഷാഹിദിന്റെ മനസ്സിൽ ഉറച്ചു പോയിരുന്നു. ആ ലക്ഷ്യം സാധിക്കാൻ ഷാഹിദ് ജീവിതത്തോട് നടത്തിയ പോരാട്ടങ്ങൾ ആരെയും അത്ഭുതപ്പെടുത്തും.

മൂന്ന് നേരം ഭക്ഷണം കഴിക്കാൻ വേണ്ടിയാണ് ചെറു പ്രായത്തിൽ തന്നെ ഷാഹിദ് യത്തീം ഖാനയിൽ എത്തിയത്. മതപഠനത്തോടൊപ്പം അവിടുന്ന് പ്ലസ്ടുവും ഡിഗ്രിയുമൊക്കെ ഡിസ്സ്റ്റൻസായി ചെയ്തു.ഇംഗ്ലീഷ് സാഹിത്യത്തിലായിരുന്നു ബിരുദം എടുത്തത്. ഇതിനിടയിൽ അറബി ട്രാൻസലേഷനും ഇംഗ്ലീഷ് ട്രാൻസലേഷനുമൊക്കെ നടത്തിയാണ് വീട്ടു ചെലവിന് പണം കണ്ടെത്തി. ചെറു മാസികൾക്കും മറ്റും മതപരവും അല്ലാത്തതുമായ ധാരാളം ലേഖനങ്ങളെഴുതി പ്രസിദ്ധീകരിച്ചു. ദാരിദ്ര്യം കഠിനമായതിനാൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ കഷ്ടപ്പെട്ട് നോം ചോംസ്‌കിയുടെ ലേഖനം വരെ ഉറക്കമൊഴിച്ച് ഒരു ഡിക്ഷണറിയും വെച്ച് വിവർത്തനം ചെയ്തു!ഇതിനിടയിൽ 'എനിക്കല്ല ലോകത്തിനാണ് ഭ്രാന്ത് ' എന്ന ഒരു നോവലുമെഴുതി പ്രസിദ്ധീകരിച്ച് അതു വിറ്റു നടന്നു.ഇമാംഗസ്വാലി എന്ന ബാഗ്ദാദി എഴുത്തുകാരന്റെ യഹിയക്കഥകളൊക്കെ ഈ സമയത്താണ് ഞാൻ മലയാളത്തിലാക്കി

ഡിഗ്രി പഠനത്തിനു ശേഷം ഒന്നര വർഷത്തോളം ചന്ദ്രിക ദിനപത്രത്തിൽ കോഴിക്കോട് പത്രപ്രവർത്തകനായി മറ്റൊരു ജീവിതം തുടങ്ങി. അതോടൊപ്പം റിലീജിയസ് പി.ജി എടുത്ത് ഹസനി ബിരുദവും നേടി. ശേഷം പ്രവാസ ചന്ദ്രികയുടെ എഡിറ്റർ തസ്തികയിലേക്കു മാറി. പക്ഷെ സിവിൽ സർവീസ് എന്ന സ്വപ്നം മനസിലുള്ളതുകൊണ്ട് പത്രപ്രവർത്തനം ഉപേക്ഷിച്ച് മനസിൽ പുതിയ പദ്ധതികളൊക്കെയായി നാട്ടിലേക്കു വന്നു.

2014ൽ പാലയിലെ സിവിൽ സർവീസ് അക്കാദമിയുടെ പരസ്യം കണ്ട് അവിടെ ഒരാഴ്ചത്തെ ക്യാമ്പിനു പോയെങ്കിലും പണമില്ലാത്തതു കൊണ്ട് ക്യാമ്പ് പൂർത്തിയാക്കാതെ മൂന്നാം ദിവസം തിരിച്ചുപോന്നു. അവിടുന്ന് കിട്ടിയ അനുഭവം വെച്ച് ഡൽഹിയിലെ ഒരു കോച്ചിങ് സെന്ററുകാർ നടത്തിയ പരീക്ഷയ്ക്ക് തുണയാകുകയും സൗജന്യ പഠനത്തിന് സെലക്ഷൻ കിട്ടുകയും ചെയ്തു.അവിടെ പഠിക്കാൻ എം.എസ്.എഫിന്റെ സ്‌കോളർഷിപ്പുണ്ടായിരുന്നു. പിന്നെ ആറുമാസം ക്ലാസ്, പഠനം അങ്ങനെ പോയി. പക്ഷെ പ്രിലിമിനറി വീണ്ടും തോറ്റു. അതോടെ ഡൽഹി ജീവിതം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചു വന്ന് കണ്ണൂരിൽ പാപ്പിനിശേരിക്കടുത്ത് ഒരു മദ്രസയിൽ ഉസ്താദായി ഒരു വർഷക്കാലം ജോലി ചെയ്തു.

പിന്നീട് കീറാമുട്ടിയായ കണക്കിനെ വരുതിയിലാക്കാൻ മൊയ്ല്യാരുപണി ഉപേക്ഷിച്ചു കണക്ക് പഠിക്കാൻ തിരുവനന്തപുരത്തെത്തി ഒരു ഗവ: തൊഴിലായിരുന്നു ആദ്യ ലക്ഷ്യം. എന്നാൽ സിവിൽ സർവ്വീസും ട്രൈ ചെയ്യാലോ എന്നു കരുതിത്തന്നെ പഠിച്ചു. എന്നാൽ ആ വർഷവും പ്രിലിമിനറി പൊട്ടി.!പക്ഷെ രണ്ട് മാർക്കിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ. തോറ്റെങ്കിലും ആത്മവിശ്വാസം കട്ടാൻ ഇത് സഹായിച്ചു. ശ്രമിച്ചാൽ സിവിൽ സർവീസ് കൂടെപ്പോരുമെന്ന വിശ്വാസം പിന്നെയും എന്നിൽ ശക്തമായി.പക്ഷെ ഹോസ്റ്റൽ ഫീസും പഠനവുമൊക്കെയായി അവിടെ നിൽക്കാൻ പണമില്ലായിരുന്നു.അങ്ങനെ അവിടുന്ന് തിരിച്ചു വരികയും വയനാട്ടിലൊരിടത്ത് അഡ്വർടൈസിങ് കമ്പനിയിൽ തുച്ഛമായ വരുമാനത്തിൽ കണ്ടന്റ് റൈറ്ററായി ജോലി ചെയ്യുകയും ചെയ്തു.

ഇതിനിടയിൽ കേന്ദ്ര സർക്കാറിന്റെ ഐ.ബിയിലേക്ക് സെലക്ഷൻ കിട്ടിയെങ്കിലും. പേഴ്സണൽ പ്രൊഫൈൽ പൂരിപ്പിച്ചതിലെ അശ്രദ്ധ കാരണം ആ പണി കൈവിട്ടുപോയി.!പിന്നെയും ഒരു വട്ടംകൂടി പ്രിലിമിനറി എഴുതിത്ത്ത്ത്തോറ്റു. ഇതിനിടയിൽ ഷെറിൻ എന്ന പെൺകുട്ടിയെ വിവാഹവു കഴിച്ചു. എന്നിട്ടും സിവിൽ സർവീസ് ഒരു മോഹമായി മനസ്സിൽ തന്നെ കിടന്നു.

പിന്നീട് ഹൈദരാബാദിലെ മൗലാനാ നാഷണൽ ഉറുദു യൂണിവേഴ്സിറ്റിയിൽ സിവിൽ സർവ്വീസിന്റെ ഫ്രീ കോഴ്സിന്റെ പരസ്യം പത്രത്തിൽ കണ്ട് അവിടേക്ക് വണ്ടി കയറി. ക്ലാസിനു പോകാതെ ഹോസ്റ്റൽ റൂമിൽത്തന്നെ ഇരുന്നു പഠിക്കുകയായിരുന്നു ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ.അതൊരു പ്രശ്നമായി.ക്ലാസിൽ ഹാജരില്ല എന്ന കാരണത്താൽ അവർ അവിടുന്നെന്നെ പുറത്താക്കി. പിന്നെയും നാട്ടിലേക്ക് തിരിച്ചു വന്നു.

ആയിടയ്ക്ക് ഡൽഹിയിലെ ജാമിയ മിലിയ യൂണിവേഴ്സിറ്റി നടത്തുന്ന കോച്ചിംഗിന് അപേക്ഷ കൊടുത്തു. ഭാഗ്യത്തിനവിടെ സെലക്ഷൻ കിട്ടി.പിന്നെ ഒൻപത് മാസം ഡൽഹിയിൽ താമസം. അവിടെ നിന്നാണ് ഇപ്പോൾ കാണുന്ന ഈ അത്ഭുതങ്ങളെല്ലാം സംഭവിച്ചത്.2017ൽ നടന്ന പ്രിലിമിനറി പരീക്ഷ എനിക്കു കിട്ടി. അതോടെ വലിയ പ്രതീക്ഷയായി.ലക്ഷ്യത്തോട് അടുത്തതായും മനസ്സിലായി.

പ്രിലിമിനറി പാസായതിൽപ്പിന്നെ മെയിൻ പരീക്ഷക്കുള്ള തയ്യാറെടുപ്പായി.ഡൽഹിയിലെ കൊടും തണുപ്പിൽ പുലർച്ചെ നാലുമണിക്കെഴുന്നേറ്റ് രാത്രി പത്തു മണിവരെ പഠനം നീണ്ടും. ഒടുവിൽ ഷാഹിദ് വിധിയോട് പൊരുതി സിവിൽ സർവീസ് എന്ന സ്വപ്‌നം കൈപ്പടയിൽ ഒതുക്കി.