കൊച്ചി: ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്ന നടൻ വിനായകന്റെ പരാമർശം വിമർശനം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്.

ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നുമാണ് നടൻ വിനായകൻ ഒരുത്തീ എന്ന സിനിമയുടെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിനിടെ പ്രതികരിച്ചത്. മീ ടൂ എന്നാൽ എന്താണെന്ന് തനിക്കറിയില്ലെന്നും നിങ്ങൾക്കറിയാമെങ്കിൽ പറഞ്ഞു തരണമെന്നും മാധ്യമപ്രവർത്തകരോട് വിനായകൻ പറഞ്ഞു.

'എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറിപ്പിടിക്കുന്നതാണോ? ഞാൻ ചോദിക്കട്ടെ, ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്തു ചെയ്യും? എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് ഞാനാണു ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും. ഒരു സ്ത്രീയോട് സെക്സ് ചെയ്യണമെന്ന് തോന്നിയാൽ ഞാൻ നേരിട്ട് ചോദിക്കും. അപ്പോൾ അവർ മാന്യമായി എന്നോട് പറയും, 'നോ'. ഞാൻ വീണ്ടും ചോദിക്കുന്നു, എന്താണ് മീ ടൂ.?' - വിനായകൻ പറഞ്ഞു.

വിനായകന്റെ പ്രതികരണത്തെ തുടർന്ന് അത് കേട്ടിരുന്ന മാധ്യമപ്രവർത്തകർക്ക് നേരേ ഹരീഷ് പേരടിയും, സന്ദീപ് വചസ്പതിയും ഒക്കെ വിമർശനം ഉയർത്തുകയും ചെയ്തു.

വിനായകന് മാത്രമല്ല, ഇത്തരത്തിൽ ചിന്തിക്കുന്ന എല്ലാവർക്കും മറുപടിയുമായി മാധ്യമ പ്രവർത്തക കെ കെ ഷാഹിന ഫേസ്‌ബുക്ക് കുറിപ്പിട്ടു.

ഷാഹിനയുടെ കുറിപ്പ് ഇങ്ങനെ:

വിനായകന്മാരോട് ,

ഞാൻ ഒരു ജേർണലിസ്റ്റ് ആണ്. ഒരു സ്ത്രീയുമാണ്. നിങ്ങളുടെ പ്രസ് മീറ്റിൽ ഞാൻ അടക്കമുള്ളവർ വന്നിരിക്കുന്നത് ജോലി ചെയ്യാനാണ്. നിങ്ങളുടെ പ്രസ്സ് മീറ്റ് അറ്റൻഡ് ചെയ്യാൻ വന്ന എന്നോട്, എന്റെ ജോലി ചെയ്യാൻ വന്ന എന്നോട്, സെക്‌സ് ചെയ്യാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചാൽ പല്ലടിച്ചു താഴെയിടും. അത്രയേ ഉള്ളൂ. അതിന് പറ്റാത്ത ദൂരത്താണ് ഇരിക്കുന്നതെങ്കിൽ നീയാരെടാ മൈരേ എന്ന് മൈക്കിലൂടെ ചോദിക്കും.

അന്നേരം, അയ്യോ ,ഞാൻ കൺസന്റ് ചോദിച്ചതല്ലേ, അപ്പൊ എന്തിനാ എന്നെ തല്ലിയത്, തെറി പറഞ്ഞത് എന്ന ഡിബേറ്റ് പിന്നെ പൊലീസ് സ്റ്റേഷനിൽ പോയി നടത്താം. ഇന്നലെ ആ അപമാനം നേരിട്ട എന്റെ സഹപ്രവർത്തകക്ക് വേണ്ടിയാണ് ഇത് പറയുന്നത്. അവർ ആരാണെന്ന് എനിക്കറിയില്ല ആരായാലും അവർക്ക് അപ്പോൾ പറയാൻ പറ്റാതെ പോയത്,ദേ ഇപ്പൊ പറയുന്നു എന്ന് കൂട്ടിയാൽ മതി. ഫെമിനിസ്റ്റുകൾ ഒക്കത്തിരുത്തി, അമ്പിളിമാമനെ കാട്ടി, ആണുങ്ങൾക്ക് കൺസന്റ് എന്താണെന്ന് ഉരുട്ടി വായിൽ തരണം എന്ന് കരുതുന്ന എല്ലാ ഊളകൾക്കും കൂടി ചേർത്താണ് ഈ പോസ്റ്റ്.

ഓരോരോ ലിംഗവിശപ്പുകൾ ! ! തലക്ക് വെളിവുള്ള ആൺസുഹൃത്തുക്കളേ , നിങ്ങൾ അനുഭവിക്കുന്ന നാണക്കേട് ഓർത്ത് നിങ്ങളോട് എനിക്ക് പാവം തോന്നുന്നു .