അഹമ്മദാഹാദ് : ഗുജറാത്തിൽ ആർഎസ്എസ് സംഘടിപ്പിച്ച ചടങ്ങിൽ ആരോഗ്യ മന്ത്രി കെ.കെ ഷൈലജ പങ്കെടുത്ത സംഭവം വിവാദത്തിലേക്ക്. അഹമ്മദാബാദിൽ കഴിഞ്ഞ ദിവസം ആർഎസ്എസ് പരിവാർ സംഘടനയുടെ നേതൃത്വത്തിൽ നടന്ന ദേശീയതല പരിപാടിയിലാണ് ഷൈലജ ടീച്ചർ പങ്കെടുത്തത്. ആർ.എസ്.എസിന്റെ ദേശീയ തലത്തിലുള്ള ശാസ്ത്ര വിഭാഗമായ വിജ്ഞാൻ ഭാരതി നടത്തുന്ന വേൾഡ് ആയുർവേദ കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് ആരോഗ്യമന്ത്രി മുഖ്യാതിഥിയായി പങ്കെടുത്തതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത.

എന്നാൽ ചടങ്ങിൽ പങ്കെടുത്ത ശേഷം ഇതിനെ ക്കുറിച്ച് തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ ഷൈലജ ടീച്ചർ പങ്കുവെച്ചിരുന്നു. കേരളത്തിൽ സ്വദേശി ശാസ്ത്രപ്രസ്ഥാനം എന്ന പേരിലാണ് വിജ്ഞാൻ ഭാരതി പ്രവർത്തിക്കുന്നത്. ഗുജറാത്ത് സർവകലാശാല കൺവെൻഷൻ സെന്ററിൽ ഇന്നലെ ആരംഭിച്ച വേൾഡ് ആയുർവേദ കോൺഗ്രസ് ശില്പശാലയും ആരോഗ്യ എക്സ്പോയും 17നാണ് സമാപിക്കുക.

കേന്ദ്രത്തിലെ ആയുഷ് മന്ത്രാലയത്തിന്റെയും ഗുജറാത്ത് ആയുഷ് മന്ത്രാലയത്തിന്റെയും ആർഎസ്എസ് നിയന്ത്രണത്തിലുള്ള വേൾഡ് ആയുർവേദ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് വിജ്ഞാൻ ഭാരതി പരിപാടി നടത്തുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരെ വിജ്ഞാൻ ഭാരതി ക്ഷണിച്ചിരുന്നെങ്കിലും അവരാരും ചടങ്ങിനെത്തിയിരുന്നില്ല. 

വിശദീകരവുമായി ഷൈലജ ടീച്ചർ

കേന്ദ്ര സർക്കാരിന്റെ പരിപാടിയിൽ സർക്കാർ പ്രതിനിധിയായാണ് പങ്കെടുത്തതെന്ന വിശദീകരവുമായി ഷൈലജ ടീച്ചർ രംഗത്തെത്തയിരുന്നു. കേന്ദ്രത്തിന്റെ പരിപാടിയിൽ ആർഎസ്എസിനെ പങ്കെടുപ്പിക്കുന്നതിൽ എന്ത് ചെയ്യാനാകുമെന്ന് മന്ത്രി പ്രതികരിച്ചു.

ഷൈലജ ടീച്ചറുടെ ഫേസ്‌ബുക്ക് കുറിപ്പ്

അഹമ്മദാബാദിൽ വച്ച് നടന്ന വേൾഡ് ആയുർവേദ കോൺഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രത്യേക പ്രഭാഷണം നടത്തി. കേരളീയ ആയുർവേദത്തിന്റെ വിവിധ പ്രവർത്തനങ്ങൾ അന്തർദേശീയ ശ്രദ്ധയിലേക്കുയർത്തും. ഇത്തരത്തിൽ കേരളീയ ആയുർവേദത്തെ ഉയർത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായി അന്തർദേശീയ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂരിൽ സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചു.

ലോകത്തെമ്പാടു നിന്നും ആയുഷ് വിഭാഗത്തിൽ താത്പര്യമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് അന്തർദേശീയ ആയുഷ് കോൺക്ലേവ് ഫെബ്രുവരി മാസത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു.

ജീവിതശൈലീ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ആയുഷ് മേഖല മെച്ചപ്പെട്ട പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്. ഏഷ്യയിലാദ്യമായി സ്പോർട്സ് ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ട് ഒരു ഇൻസിറ്റിറ്റിയൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ തൃശൂർ ജില്ലയിൽ ഉദ്ഘാടന സജ്ജമായിട്ടുണ്ട്.