കൊച്ചി: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം മൂന്ന് അവതാരങ്ങളാണ് മാധ്യമ ലോകത്ത് നിന്ന് ചർച്ചയായത്. ഇതിൽ ആദ്യ രണ്ടു പേരും ചെയ്തത് ഗുരുതര കുറ്റങ്ങൾ. ഇതെല്ലാം സംസ്ഥാന സർക്കാർ പൊറുത്തു. രണ്ടു പേരേയും പ്രതിയാക്കി പൊലീസ് കേസൊന്നും എടുത്തില്ല. ഇതിന് പിന്നിൽ അവർക്കുള്ള ഉന്നത ബന്ധങ്ങളായിരുന്നു. ഇത് കണ്ട് ഷാജ് കിരണും വളർന്നു. നിർണ്ണായകമായ കേസിൽ ഇടനിലക്കാരായി അവതരിച്ചു. ആദ്യ രണ്ട് മാധ്യമ പ്രവർത്തകരുമായും ഷാജ് കിരൺ അടുപ്പത്തിലാണ്. കൊച്ചിയിലെ മാധ്യമ ലോകം രണ്ടു തട്ടിലാണ് സ്വപ്‌നാ സുരേഷ് കേസ് ചർച്ച ചെയ്യുന്നത്. ഷാജ് കിരണും കേസിൽ പ്രതിയാകില്ലെന്ന് അവർ പറയുന്നു.

സർക്കാരിലും രാഷ്ട്രീയക്കാരിലും പൊലീസിലും ഉന്നത ബന്ധങ്ങൾ ഉണ്ടെങ്കിൽ ആർക്കും എന്തും ചെയ്യാം എന്നതിന് തെളിവായിരുന്നു മുട്ടിൽ മരം മുറി കേസ്. വനം വകുപ്പ് ഉന്നതന്റെ റിപ്പോർട്ടിൽ പ്രതിക്കൂട്ടിലായ മാധ്യമ പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തില്ല. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അടക്കം കുടുങ്ങിയിട്ടും പൊലീസ് വെറുതെ വിട്ട ദീപക് ധർമ്മടം അങ്ങനെ താരമായി വിലസി. മോൻസൺ മാവുങ്കൽ വിവാദത്തിലും മാധ്യമ ബന്ധം ചർച്ചയായി. മോൻസണിന്റെ വ്യാജ ചെമ്പോല പുറത്തു വിട്ട് കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്ന ആരോപണം ഉയർന്നിട്ടും സഹിൻ ആന്റണിക്കെതിരെ അതുമായി ബന്ധപ്പെട്ട കേസൊന്നും എടുത്തില്ല. ഒറ്റ നോട്ടത്തിൽ തന്നെ വർഗ്ഗീയ കലാപ ശ്രമുള്ള വ്യാജ ചെമ്പോലയിൽ കേസ് രജിസ്റ്റർ ചെയ്യാൻ പോലും സർക്കാർ തയ്യാറായില്ല. ഇതിന്റെ തുടർച്ചയാണ് ഷാജ് കിരണിന്റെ വരവും.

വ്യാജ സർട്ടിഫിക്കറ്റുമായി പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് പോയ ദീപക് 2013ൽ തന്നെ വാർത്തകളിൽ ഇടം നേടി. പാസ്‌പോർട്ടിൽ ഇസിഎൻആർ എടുക്കാനും ഇതേ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചുവെന്നും തെളിഞ്ഞു. ഈ കേസിൽ ഉന്നത ഇടപെടൽ കാരണം അട്ടിമറികൾ ഉണ്ടായി. പിന്നീട് ഇഗ്നോയിൽ പഠനത്തിനും ദീപക് എത്തി. തലശ്ശേരി സെന്ററിലും വ്യാജ സർട്ടിഫിക്കറ്റ് നൽകിയോ എന്ന സംശയം സജീവമായിരുന്നു. എന്നാൽ എല്ലാ ആക്ഷേപങ്ങളിലും തെളിവും പരാതിയും ഉണ്ടായിട്ടും ദീപക്കിനെ ആരും ഒന്നും ചെയ്തില്ല. പിറന്നാൾ ആശംസകൾ ഇടണമെന്ന അഭ്യർത്ഥനയിൽ ഒരു നടന് അയച്ച ശബ്ദ സന്ദേശവും ഇതിനിടെ ചർച്ചയായി. ദീപക്കിനെതിരെയുള്ള കേസുകൾ ഒത്തുതീർപ്പാക്കിയവരുമായെല്ലാം ഷാജ് കിരണിനും അടുപ്പമുണ്ടെന്നതാണ് വസ്തുത. 

'ഇപ്പോൾ നിങ്ങൾ പറഞ്ഞതു കൊണ്ട് ആർക്കാണ് കേടുപാടുണ്ടായത്, അവരിൽനിന്നു പണം വാങ്ങണം'' സംസ്ഥാന പൊലീസിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായി ഫോണിൽ സംസാരിച്ച ശേഷം ഷാജ് കിരൺ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനോടു പറഞ്ഞ ഈ വാചകങ്ങൾ ആത്മവിശ്വാസത്തിന്റേതാണ്. തനിക്ക് ഒന്നും സംഭവിക്കില്ലെന്ന ഉത്തമ ബോധ്യത്തോടെയുള്ള ഇടപെടൽ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലാണു സ്വപ്ന മജിസ്‌ട്രേട്ട് മുൻപാകെ രഹസ്യമൊഴി നൽകിയത്. ഈ മൊഴികൾ ആർക്കാണോ കേടുപാടുണ്ടാക്കിയത് അവരോടു വിലപേശി പണം വാങ്ങണമെന്ന പ്രേരണയാണു ഷാജ് കിരൺ സ്വപ്നയ്ക്കു നൽകുന്നത്. ഇത്തരത്തിൽ പണം ലഭിക്കാൻ, മജിസ്‌ട്രേട്ടിനു മുൻപാകെ നൽകിയ മൊഴികൾ തള്ളിപ്പറഞ്ഞ്, അതു റെക്കോർഡ് ചെയ്തു ഷാജ് കിരണിനെ ഏൽപ്പിക്കണമെന്ന നിർദ്ദേശമാണു സ്വപ്നയ്ക്കു മുന്നിൽ വയ്ക്കുന്നത്.

എഡിജിപിമാരായ എം.ആർ.അജിത്കുമാർ, വിജയ് സാഖ്‌റെ എന്നിവരുമായാണു ഷാജ് കിരൺ ബന്ധപ്പെട്ടതെന്നു സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ ആരുടെ നിർദ്ദേശപ്രകാരമാണു രഹസ്യമൊഴി തള്ളിപ്പറഞ്ഞ് അതു ഫോണിൽ റെക്കോർഡ് ചെയ്തു കൈമാറാൻ ഷാജ് നിർദ്ദേശിച്ചതെന്നു കണ്ടെത്തണമെങ്കിൽ ഷാജിനെ ചോദ്യം ചെയ്യണം. ഇദ്ദേഹത്തിന്റെ നിർദ്ദേശങ്ങളോടു പ്രതികരിക്കുന്നതിനിടയിൽ സ്വപ്ന ഇടയ്ക്കിടെ പരാമർശിക്കുന്ന 'സ്വാമിജി'ക്കു സംഭവത്തിലുള്ള പങ്കാളിത്തവും അന്വേഷണ വിധേയമാണ്. ഇതിനെല്ലാം ഷാജ് കിരണിനെ ചോദ്യം ചെയ്യണം. എന്നാൽ വിവാദം തീരും വരെ ഷാജ് കിരണിനെ തമിഴ്‌നാട്ടിലേക്ക് പോകാൻ അനുവദിക്കുകയായിരുന്നു പൊലീസ് എന്ന വാദവും ശക്തമാണ്. ഷാജ് കിരണിന്റെ പരാതിയിലും അന്വേഷണം നടക്കുന്നു. അതിനപ്പുറം ഷാജ് കിരണിനെതിരെ നടപടികൾ ഒന്നുമില്ല.

ഷാജ് കിരണിനെ അറിയില്ലെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നു. ഷാജ് കിരൺ എന്ന വ്യക്തിയുമായി ഒരുബന്ധവുമില്ലെന്ന് ബിലീവേഴ്സ് ചർച്ചും പറയുന്നു. അഞ്ചുകമ്പനികളുടെ ഡയറക്ടറാണ് ഷാജ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. 20 കെ. അഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡ്, ഫാംകോ അഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രൈം ഗ്രോ അഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡ്, സ്വയംഭരം എന്റർപ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സ്പ്രിങ് ഗിവർ എന്റർപ്രൈസസ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഡയറക്ടറായാണ് ഷാജ് പ്രവർത്തിക്കുന്നത്.

മാധ്യമപ്രവർത്തകനായി ജോലിചെയ്തിരുന്ന ഷാജിന്റെ ചുരുങ്ങിയനാളിലെ വളർച്ചയ്ക്കുപിന്നിൽ ദുരൂഹതകൾ ഏറെയുണ്ടെന്നാണ് ആരോപണം. ബിലീവേഴ്സ് ചർച്ചുമായി ബന്ധപ്പെട്ടാണ് ഷാജ് കിരണിനെ പരിചയപ്പെട്ടതെന്നാണ് സ്വപ്ന പറയുന്നത്. സ്വർണക്കടത്തുകേസിലെ പ്രതിയായിരുന്ന ശിവശങ്കറാണ് ഷാജിനെ പരിചയപ്പെടുത്തിയതെന്ന് പറഞ്ഞ സ്വപ്ന ബിലീവേഴ്സ് ചർച്ചിന്റെ ഡയറക്ടറെന്നു ഷാജ് അവകാശപ്പെട്ടിരുന്ന കാര്യവും മാധ്യമങ്ങളോടു പങ്കുവെച്ചിരുന്നു. എന്നാൽ, ഷാജുമായി ഒരുബന്ധവുമില്ലെന്നാണ് ബിലീവേഴ്സ് ചർച്ചിന്റെ വിശദീകരണം. ഷാജിന്റെ ഭാര്യ ആറുമാസത്തോളം സഭയുടെ ആശുപത്രിയിൽ എൻജിനിയറിങ് വിഭാഗത്തിൽ ജോലിചെയ്തിരുന്നു.

ഷാജ് കിരണിനെതിരേ പൊലീസ് നടപടിയുണ്ടാകാത്തത് അയാളുടെ ഉന്നത രാഷ്ട്രീയബന്ധങ്ങൾക്കു തെളിവാണെന്നും ആരോപണമുണ്ട്. സ്വപ്നയോടു സംസാരിക്കുമ്പോൾ എ.ഡി.ജി.പി.യാണ് ഫോണിൽ മറുഭാഗത്തെന്നു ഷാജ് പറയുന്നുണ്ട്. അതു സത്യമല്ലെങ്കിൽ ഷാജിനെതിരേ പൊലീസ് ഉടൻ നടപടി സ്വീകരിക്കേണ്ടിയിരുന്നില്ലേയെന്ന ചോദ്യത്തിനും മറുപടിയില്ല. മാധ്യമപ്രവർത്തകനായി വിവിധ ടെലിവിഷൻ ചാനലുകളിൽ ജോലിചെയ്തശേഷമാണ് ഷാജ് പി.ആർ. രംഗത്തേക്കിറങ്ങുന്നത്. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയുടെ പ്രവർത്തകനാണെന്ന് തോന്നാത്തവിധം പ്രവർത്തിച്ചിരുന്ന ഷാജ് എല്ലാ രാഷ്ട്രീയപ്പാർട്ടികളിലുമുള്ള ഉന്നതനേതാക്കളുമായി ബന്ധം പുലർത്തിയിരുന്നു.

സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ പേര് സ്വപ്ന പറയുമ്പോൾ അതിന്റെ ഒത്തുതീർപ്പിനു ശ്രമിച്ച വ്യക്തിയെന്നു സംശയിക്കാവുന്നതരത്തിലാണ് ഷാജിനുനേരെയുള്ള പൊലീസ് സമീപനം. നിലവിൽ ഷാജ് കിരണിന്റെ ഫോൺ സ്വിച്ച് ഓഫാണ്. ഷാജ് കിരണിനേയും ഇബ്രാഹിമിനേയും ചോദ്യം ചെയ്യുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. കേസെടുത്താലും ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ മാത്രമേ ചുമത്തൂവെന്നാണ് സൂചന.