കൊച്ചി: സ്വപ്ന സുരേഷിനെ സന്ദർശിക്കാൻ ഷാജ് കിരൺ പാലക്കാട്ടേയ്ക്കു പുറപ്പെടും മുൻപു കേരള പൊലീസിലെ 2 എഡിജിപിമാരുമായി നേരിട്ടും ഫോണിലും ബന്ധപ്പെട്ടതിനുള്ള തെളിവുകൾ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചെന്ന് സൂചന. ഇതിൽ ഒരാൾ വിജിലൻസ് എഡിജിപി അജിത് കുമാറാണ്. സ്വപ്ന സുരേഷ് മജിസ്‌ട്രേട്ട് മുൻപാകെ നൽകിയ രഹസ്യമൊഴിയെ തള്ളിപ്പറയിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണു ഷാജ് കിരൺ ശ്രമിച്ചതെന്ന ആരോപണം കേന്ദ്ര ഏജൻസികളും പരിശോധിക്കും. രണ്ട് ഐപിഎസുകാരേയും കേന്ദ്ര ഏജൻസി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

ഈ സാഹചര്യത്തിലാണ് ഷാജ് കിരണിനെയും കൂട്ടാളി ഇബ്രാഹിമിനെയും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. സ്വപ്ന സുരേഷിനെ സന്ദർശിക്കാൻ ഷാജ് കിരൺ പാലക്കാട്ടേയ്ക്കു പുറപ്പെടും മുൻപു കേരള പൊലീസിലെ 2 എഡിജിപിമാരുമായി നേരിട്ടും ഫോണിലും ബന്ധപ്പെട്ടതിനുള്ള തെളിവുകൾ സംസ്ഥാന ഇന്റലിജൻസ് വിഭാഗം തന്നെ ആഭ്യന്തര വകുപ്പിനു നൽകിയിട്ടുണ്ടെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. നാളെ ക്രൈംബ്രാഞ്ച് നടത്തുന്ന ചോദ്യം ചെയ്യലിൽ ഷാജ് നൽകുന്ന മൊഴി നിർണായകമാണ്. കേന്ദ്ര ഏജൻസികളുടെ ചോദ്യം ചെയ്യലിന് മുമ്പേ കേരളാ പൊലീസിനെ രക്ഷിച്ചെടുക്കാൻ കൂടിയാണ് ഇത്.

ഹൈക്കോടതിയിൽ സ്വപ്ന നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണു മുഖ്യമന്ത്രി പറഞ്ഞുവിട്ട ഇടനിലക്കാരനാണു ഷാജ് കിരണെന്ന ആരോപണം ഉന്നയിച്ചത്. തുടർന്ന് ഇരുവരും തമ്മിലുള്ള സ്വകാര്യ സംഭാഷണവും പുറത്തുവിട്ടു. രഹസ്യമൊഴി വച്ചു ഭീഷണിപ്പെടുത്തി പണം വാങ്ങാനുള്ള ഉപദേശമാണു ഷാജ് സ്വപ്നയ്ക്കു നൽകിയതെന്നു ശബ്ദ സന്ദേശത്തിലൂടെ വ്യക്തമായതോടെ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ കഴിയാത്ത അവസ്ഥയായി. കേന്ദ്ര ഏജൻസികൾ ഏതു വഴിക്കും നീങ്ങും. കേന്ദ്ര ഏജൻസികളോട് എഡിജിപിമാരുടെ പേര് ഷാജ് കിരൺ പറഞ്ഞാലുണ്ടാകുന്ന സാഹചര്യം മനസ്സിലാക്കിയാണ് ഇത്.

സ്വപ്ന ഗൂഢാലോചനക്കുറ്റത്തിനും ബിലീവേഴ്‌സ് ചർച്ച് അപകീർത്തി കേസിലും പരാതി നൽകിയതോടെ ചോദ്യം ചെയ്‌തേ തീരൂ എന്ന സ്ഥിതിയിലേക്കു പൊലീസ് എത്തി. അതേസമയം, അടുത്ത ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ തുറന്നുപറയുമെന്ന് ആവർത്തിച്ച സ്വപ്ന, സംസ്ഥാന പൊലീസിലെ രണ്ട് എഡിജിപിമാർക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചു.

ഈ സാഹചര്യത്തിലാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം ഊർജിതമാക്കി പ്രത്യേക സംഘം രംഗത്തു വരുന്നത്. ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിന്റെ മേൽനോട്ടത്തിലുള്ള സംഘം തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് യോഗം ചേർന്ന് ഇതുവരെയുള്ള കാര്യങ്ങൾ വിലയിരുത്തി. ഇനി അന്വേഷണം എങ്ങനെ വേണമെന്നും തീരുമാനമെടുത്തു. ക്രൈംബ്രാഞ്ച് എസ്‌പി മധുസൂദനന്റെ നേതൃത്വത്തിലാണ് അന്വേഷണം.

മധ്യസ്ഥതക്ക് ശ്രമിച്ചെന്ന് സ്വപ്ന ആരോപിച്ച ഷാജ് കിരൺ, ബിസിനസ് പങ്കാളി ഇബ്രാഹിം എന്നിവരെ ചോദ്യം ചെയ്യും. ബുധനാഴ്ച എറണാകുളം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ ഇരുവർക്കും നോട്ടീസ് നൽകി. സോളാർ കേസ് പ്രതി സരിത എസ്. നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി ഉടൻ തിരുവനന്തപുരം കോടതിയിൽ അപേക്ഷ നൽകും. ഗൂഢാലോചന തെളിയിക്കാൻ കൂടുതൽ വിവരങ്ങൾ ശേഖരിക്കും.

ഗൂഢാലോചനക്ക് പിന്നിൽ പി.സി. ജോർജും ക്രൈംനന്ദകുമാറുമാണെന്ന സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പ്രതികളെ ഉൾപ്പെടുത്തും. സ്വപ്ന, പി.സി. ജോർജ്, നന്ദകുമാർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കും. കെ.ടി. ജലീലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത ഗൂഢാലോചന, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ നിലനിൽക്കും. ഇപ്പോഴത്തെ അക്രമങ്ങൾ ഇതിന്റെ ഭാഗമാണെന്ന വിലയിരുത്തലുമുണ്ട്.

വിജിലൻസ് പിടിച്ചെടുത്ത സരിത്തിന്റെ മൊബൈൽ ഫോണിന്റെ ഫോറൻസിക് പരിശോധന റിപ്പോർട്ട് കിട്ടിയാൽ ഗൂഢാലോചനക്കുറ്റം തെളിയിക്കാനാകുമെന്ന വിശ്വാസത്തിലാണ് അന്വേഷണസംഘം. സ്വപ്നയും ഷാജ്കിരണും തമ്മിലുള്ള ശബ്ദരേഖയുടെ ശാസ്ത്രീയ പരിശോധനയും ഉദ്ദേശിക്കുന്നുണ്ട്. എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് പുറത്തുവിട്ടതെന്ന് ചൂണ്ടിക്കാട്ടി ഷാജ് കിരൺ ഡി.ജി.പിക്ക് നൽകിയ പരാതി അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.