- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാജ് കിരണും എഡിജിപി അജിത് കുമാറും തമ്മിൽ ഫോണിൽ സംസാരിച്ചത് ഏഴ് തവണ; ഷാജ് എഡിജിപിയെ വിളിച്ചത് സരിത്തിനെ കസ്റ്റഡിയിൽ എടുത്ത ദിവസം; ഫോൺ രേഖകൾ പുറത്ത്
കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ താൻ ഉന്നയിച്ച ആരോപണങ്ങൾ ഒത്തുതീർപ്പാക്കാൻ ദൂതനായി എത്തിയതാണ് ഷാജ് കിരൺ എന്നാണ് സ്വപ്ന സുരേഷ് മുമ്പ് ആരോപിച്ചത്. ഷാജ് കിരണും വിജിലൻസ് ഡയറക്ടറായിരുന്ന എം.ആർ.അജിത് കുമാറും തമ്മിൽ ഫോണിൽ സംസാരിച്ചതായും സ്വപ്‌ന പറഞ്ഞിരുന്നു. ഫോൺ രേഖകൾ ഇന്ന് പുറത്തായി. സരിത്തിനെ കസ്റ്റഡിയിലെടുത്ത ദിവസം രാവിലെ 11 നും ഉച്ചയ്ക്ക് 1.30 നും ഇടയ്ക്കാണ് ഷാജ്കിരണും എഡിജിപിയും തമ്മിൽ ഏഴ് തവണ വിളിച്ചത്. തന്റെ രഹസ്യമൊഴി പിൻവലിപ്പിക്കാനാണ് ഷാജ് കിരൺ എത്തിയതെന്നും മുഖ്യമന്ത്രിയുടെ ദൂതനാണെന്നും സ്വപ്ന ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഷാജ് കിരണും രണ്ട് എഡിജിപിമാരും നിരവധി തവണ ഫോണിൽ സംസാരിച്ചുവെന്നും സ്വപ്ന ആരോപിച്ചിരുന്നു.
അജിത്കുമാറിന്റെ നിർദ്ദേശപ്രകാരമാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതെന്നായിരുന്നു ആരോപണം. ഇത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഒപ്പം, അജിത്കുമാർ, വിജയ് സാഖറെ എന്നീ എ.ഡി.ജി.പി.മാർ വിളിച്ചിരുന്നതായി ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നു.
അജിത്കുമാർ ഷാജ് കിരണിനെ വിളിച്ചിട്ടുണ്ടെന്നും ഇത്തരം ഒരു വ്യക്തിയുമായി അദ്ദേഹത്തിനു ബന്ധമുണ്ടെന്നും ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഇന്റലിജൻസ് റിപ്പോർട്ട് നൽകിയതോടെ അജിത് കുമാറിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും സർക്കാർ മാറ്റിയിരുന്നു. വിജിലൻസ് ഡയറക്ടറുടെ പകരം ചുമതല ഐ.ജി. എച്ച്. വെങ്കിടേഷിനും നൽകി.
ഷാജ് കിരൺ കൊച്ചിയിൽ മാധ്യമപ്രവർത്തകനായിരിക്കെ സിറ്റി പൊലീസ് കമ്മിഷണർ ആയിരുന്നു അജിത്കുമാർ. സരിത്തിനെ കസ്റ്റഡിയിലടുത്തവിവരം ഷാജ് കിരൺ ആദ്യമറിഞ്ഞത് അജിത്കുമാർ പറഞ്ഞാണെന്നും സ്വപ്ന പറഞ്ഞിരുന്നു. ട്രാൻസ്‌പോർട്ട് കമ്മിഷണറായിരുന്ന അജിത്കുമാറിനെ ഏതാനും മാസം മുമ്പാണ് വിജിലൻസ് ഡയറക്ടറായി നിയമിച്ചത്.
അതേസമയം, സംസ്ഥാന സർക്കാരിനെതിരെ സ്വപ്ന നടത്തുന്ന ഗൂഢാലോചനയിൽ തന്നെയും ഭാഗമാക്കാൻ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച് ഷാജ് കിരൺ പരാതി നൽകിയിരുന്നു. ഏതന്വേഷണത്തോട് സഹകരിക്കുമെന്നും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകണമെന്നും ഷാജ് കിരൺ ആവശ്യപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ