- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഗസ്റ്റ് 15ന് കൊല്ലുമെന്ന് വാട്‌സാപ് സന്ദേശം; കൊന്നത് കൂടെ നടന്നവർ തന്നെ; ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഷാജഹാന്റെ മാതാവ്; ഷാജഹാനെ ഭീഷണിപ്പെടുത്തിയെന്ന് പറയുന്നത് കല്ലുവച്ച നുണ; കൊലപാതകത്തിന് പിന്നിൽ സി പി എമ്മിന്റെ മാഫിയയോ മയക്കുമരുന്ന് സംഘമോ ആയിരിക്കാമെന്ന് ബിജെപി
പാലക്കാട്: മലമ്പുഴയിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഷാജഹാന് ആർഎസ്എസ് പ്രവർത്തകരിൽനിന്നു ഭീഷണി ഉണ്ടായിരുന്നതായി ആരോപിച്ചു കുടുംബം. നേരത്തെ സിപിഎമ്മിൽ ഉണ്ടായിരുന്നവരും പിന്നീടു ബിജെപിയിൽ ചേർന്നവരുമാണ് ഇവർ. ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണു കൊലപാതകമെന്നും ഷാജഹാന്റെ ഭാര്യാ സഹോദരൻ പറഞ്ഞു. മകന്റെ കൂടെ നടന്നവർ തന്നെയാണു ഷാജഹാനെ കൊലപ്പെടുത്തിയതെന്ന് അമ്മ എസ്. സുലേഖ പറഞ്ഞു.
ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചിരുന്നില്ലെന്നും സുലേഖ പറഞ്ഞു. ഓഗസ്റ്റ് 15ന് ഷാജഹാനെ കൊല്ലുമെന്നു വാട്‌സാപ് സന്ദേശം ലഭിച്ചതായി സുഹൃത്ത് മുസ്തഫയും പറഞ്ഞു. വീടിനടുത്തുള്ള നവീൻ എന്നയാളാണു സന്ദേശം അയച്ചതെന്നും മുസ്തഫ കൂട്ടിച്ചേർത്തു. ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ പൊലീസ് പിടിയിലായിരുന്നു. കൊലപാതകത്തിൽ നേരിട്ടു പങ്കുള്ളയാളും പ്രതികളെ സഹായിച്ചയാളുമാണു പിടിയിലായത്.
ബിജെപി അനുഭാവികളായ എട്ടുപേരാണു കൊലയ്ക്കു പിന്നിലെന്നാണ് ഷാജഹാന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് നൽകിയ മൊഴി. അന്വേഷണത്തിനായി പാലക്കാട് ഡിവൈഎസ്‌പി വി.കെ. രാജുവിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. കൊലപാതകത്തിനു കാരണമായതു രാഷ്ട്രീയ വിരോധമാണോ എന്നത് ഇപ്പോൾ പറയാനാകില്ലെന്നായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ ഇന്നലെ രാവിലെയുള്ള നിലപാട്. എന്നാൽ പ്രഥമ വിവര റിപ്പോർട്ടിന്റെ പകർപ്പ് വൈകിട്ട് പുറത്തുവന്നതോടെ കൊലയുടെ കാരണം സംബന്ധിച്ചു വ്യക്തത വന്നു.
അതേസമയം സിപിഎം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാർ പ്രതികരിച്ചു. കൊലയാളികൾക്ക് ബിജെപിയുമായോ ആർ എസ് എസുമായോ യാതൊരു ബന്ധവുമില്ല. കൃത്യത്തിന് പിന്നിൽ സി പി എമ്മിന്റെ മാഫിയയോ മയക്കുമരുന്ന് സംഘമോ ആകാമെന്ന് അദ്ദേഹം പറഞ്ഞു.ബിജെപി- ആർ എസ് എസ് പ്രവർത്തകർ സി പി എം ശക്തി കേന്ദ്രത്തിലുള്ള വീട്ടിൽപ്പോയി ഷാജഹാനെ ഭീഷണിപ്പെടുത്തിയെന്ന് പറയുന്നത് കല്ലുവച്ച നുണയാണ്.
മലമ്പുഴ എം എൽ എയും സി പി എം നേതാക്കളും പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങളാണ് കുടുംബം പറയുന്നതെന്നും കൃഷ്ണകുമാർ ആരോപിച്ചു.ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ബിജെപിയാണെന്നാണ് കുടുംബത്തിന്റെ ആരോപണം. കേസിലെ പ്രതികളായ അനീഷും ശബരീഷും നവീനും വെട്ടിക്കൊലപ്പെടുത്തുമെന്ന് പറഞ്ഞ് രണ്ട് ദിവസം മുമ്പ് ഷാജഹാനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ബിജെപി നേതാക്കളുടെ സഹായമില്ലാതെ കൃത്യം നടത്താൻ സാധിക്കില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
കേസിൽ ആകെ എട്ട് പ്രതികളാണ് ഉള്ളത്. ഇതിൽ മൂന്നാം പ്രതി നവീനെയും അഞ്ചാം പ്രതി സിദ്ധാർത്ഥിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഒരാളെ പൊള്ളാച്ചിയിൽ നിന്നും മറ്റേയാളെ പട്ടാമ്പിയിൽ നിന്നുമാണ് പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ