പാലക്കാട്: സിപിഎം പാലക്കാട് മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. കൊലയാളി സംഘത്തിൽപെട്ടവരാണ് പിടിയിലായത്. ഒരാളെ പട്ടാമ്പിയിൽനിന്നും മറ്റൊരാളെ പൊള്ളാച്ചിയിൽനിന്നുമാണ് പിടികൂടിയത്. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. കേസ് അന്വേഷിക്കാൻ പാലക്കാട് ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. പാലക്കാട് ഡിവൈ.എസ്‌പി വി.കെ. രാജുവാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്. സംഘത്തിൽ 20 പേരുണ്ട്. കേസിൽ എട്ടു പ്രതികളാണുള്ളത്. പ്രതികൾ ബിജെപി അനുഭാവികളാണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

കൊലപാതകത്തിനു പിന്നിൽ ആർ.എസ്.എസ്സാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയാണ് ഷാജഹാനെ വീടിന് മുന്നിൽവച്ച് ബൈക്കിലെത്തിയ അക്രമിസംഘം വെട്ടിക്കൊന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദംകേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം കൊലപാതകത്തിന് പിന്നിൽ എട്ടംഗ സംഘമെന്ന് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്. കൊലപാതക കാരണം സംബന്ധിച്ച് ഇനിയും വ്യക്തത വരേണ്ടതുണ്ടെന്നും പ്രതികളെ തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു. പാലക്കാട് ഡിവൈഎസ്‌പി വി.കെ.രാജുവിനാണ് മേൽനോട്ടച്ചുമതല. നാലു സിഐമാരും പ്രത്യേക സംഘത്തിലുണ്ടാകും. ഷാജഹാനും കൊലക്കേസ് പ്രതിയായിരുന്നു. ഷാജഹാന്റെ കൂട്ടുപ്രതികളും ഇതേ കൊലക്കേസിൽ പ്രതികൾ.

അന്ന് എല്ലാവരും സിപിഎമ്മുകാർ. അതുകൊണ്ട് തന്നെ സിപിഎമ്മിനുള്ളിലുണ്ടായ പ്രശ്നമാണ് ഇപ്പോഴത്തെ കൊലയ്ക്ക് കാരണമെന്ന് വ്യക്തമാണ്. ഈ മേഖലയിൽ ചിലർ സിപിഎമ്മുമായി തെറ്റി പിരിഞ്ഞ് ആർ എസ് എസിനൊപ്പം ചേർന്നിട്ടുണ്ട്. എന്നാൽ ഷാജഹാന്റെ കൊലയിൽ പ്രാദേശികവും വ്യക്തിപരവുമായി ബന്ധമുള്ള പ്രശ്നങ്ങൾക്ക് അപ്പുറം രാഷ്ട്രീയ വിഷയങ്ങളൊന്നും ഇല്ലെന്നാണ് പൊലീസ് നിഗമനവും. എന്നാൽ സിപിഎമ്മിനെ വെട്ടിലാക്കാതിരിക്കാൻ പൊലീസ് തൽക്കാലം വിഷയത്തിൽ മൗനം തുടരും.

അതിനിടെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിലും തുടർന്ന് ഷാജഹാന്റെ വീട്ടിലെയും പൊതുദർശനത്തിനു ശേഷം മൃതദേഹം കല്ലേപ്പുള്ളി ജുമാ മസ്ജിദിൽ സംസ്‌കരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം ഷാജഹാന്റെ മൃതദേഹം വിലാപയാത്രയായി കല്ലേപ്പുള്ളിയിലെത്തിച്ചു. സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിന് വച്ചു. ജനപ്രതിനിധികളും നൂറുകണക്കിന് പ്രവർത്തകരും അന്തിമോപചാരമർപ്പിച്ചു. തുടർന്ന് മൃതദേഹം കുന്നങ്കാടിലെ കുടുംബ വീട്ടിലെത്തിച്ചു. ബന്ധുക്കളും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ വീട്ടിലും അന്തിമോപചാരമർപ്പിച്ചു. മൂന്ന് മണിയോടെ കല്ലേപ്പുള്ളി ജുമാ മസ്ജിദിൽ ഷാജഹാന്റെ മൃതദേഹം സംസ്‌കരിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് കല്ലേപ്പുള്ളിയിലും കൊട്ടേക്കാട്ടും കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

അതിനിടെ സിപിഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് എന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് സതീശൻ ചോദിച്ചു. സിപിഎം സെക്രട്ടേറിയറ്റാണോ കേസ് അന്വേഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 'ഇന്നലെ രാത്രി എസ്‌പി പറഞ്ഞതുകൊലപാതകത്തിൽ രാഷ്ട്രീയം ഇല്ലെന്നാണ്. എന്നാൽ പൊലീസ് എഫ്ഐആറിൽ രാഷ്ട്രീയമായ പ്രശ്നം ഉണ്ടെന്നു പറയുന്നു. എന്നാൽ അതിനു വിരുദ്ധമായാണ് ദൃക്സാക്ഷി പറഞ്ഞത്. പൊലീസ് അത് കൃത്യമായി അന്വേഷിച്ച് ആരാണ് കുറ്റവാളികളെന്ന് പുറത്തുകൊണ്ടുവരണം. എസ്‌പി പറഞ്ഞതിനോട് സാമ്യമുള്ളതും എന്നാൽ എഫ്ഐആറിൽ പറഞ്ഞതിനു വിരുദ്ധവുമായാണ് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ കുറച്ചുകാലമായി സിപിഎം പല കാര്യത്തിലും സെൽഫ് ഗോൾ അടിക്കുകയാണ്. അതുകൊണ്ട് ബാക്കിയുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനാണ് സാധാരണ ശ്രമിക്കുന്നത്. അത് പൊതുവായി പറഞ്ഞതാണ്. സിപിഎമ്മുകാർ തന്നെയാണ് കൊലപ്പെടുത്തിയതെന്നാണ് ദൃക്സാക്ഷി പറഞ്ഞരിക്കുന്നത്, അതിന്റെ സത്യാവസ്ഥ പുറത്തുവരട്ടെ.' സതീശൻ പറഞ്ഞു.

ഞായറാഴ്ച രാത്രി ഒൻപതരയോടെ കുന്നങ്കാട് ജംക്ഷനിലായിരുന്നു കൊലപാതകം. വീടിനു സമീപത്തെ കടയ്ക്കു മുന്നിൽ സുഹൃത്തിനൊപ്പം നിന്ന ഷാജഹാനെ പരിസരത്തു കാത്തുനിന്ന ഒരു സംഘം വടിവാൾ ഉപയോഗിച്ച് വെട്ടിവീഴ്‌ത്തുകയായിരുന്നു. അതിനിടെ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഫേസ്‌ബുക്ക് പോസ്റ്റിൽ ആർഎസ്എസ് ബന്ധം ആരോപിച്ചിട്ടില്ല. എന്നാൽ ആർഎസ് എസാണ് കൊലപാതകത്തിന് പിന്നിലെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി അതു പറയുന്നുമില്ല. ''പാലക്കാട് മരുതറോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. ഷാജഹാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദ്ദേശം നൽകി.''മുഖ്യമന്ത്രി കുറിച്ചു.

ഷാജഹാൻ കൊലപാതക കേസിലേക്ക് നയിച്ചത് പാർട്ടിക്കുള്ളിൽ രൂപം കൊണ്ട് പ്രശ്‌നങ്ങളെന്ന സൂചനയുമായി കുടുംബവും രംഗത്തു വന്നു. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായത് മുതൽ ഒരു വർഷമായി പ്രതികൾക്ക് ഉണ്ടായിരുന്ന പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാാണ് ഷാജഹാന്റെ ബന്ധുക്കൾ ആരോപിക്കുന്നത്.കൊലയ്ക്ക് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ഷാജഹാന്റെ കുടുംബം ഒരു ചാനൽ ചർച്ചയിൽ ആരോപിച്ചു. ഇക്കഴിഞ്ഞ ഞ്ച്രാഞ്ച് സമ്മേളനത്തിൽ ഷാജഹാൻ കുന്നംക്കാട് ഞ്ച്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാൻ കഴിയാതിരുന്ന പ്രതികൾ സിപിഐഎം ബന്ധം ഉപേക്ഷിച്ചിരുന്നു. ഇവർ ആർഎസ്എസിൽ ചേർന്നുവെന്നുമാണ് ആരോപണം. ഇതിന് ശേഷമാണ് പ്രതികൾക്ക് ഷാജഹാനുമായി വൈരാഗ്യം ഉണ്ടായതെന്ന് ഷാജഹാന്റെ കുടുംബം വ്യക്തമാക്കി.

ഷാജഹാന്റെ വീടിന് സമീപത്ത് കുടിലു കെട്ടി പ്രതികൾ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിരുന്നത് ഷാജഹാൻ ചോദ്യം ചെയ്തിരുന്നു. ഇതും പ്രതികളിൽ വൈര്യാഗ്യം ഉയർത്തി. പിന്നീട് ഷാജഹാന്റെ നേതൃത്വത്തിൽ സ്ഥാപിച്ച ഫ്ളക്സ് മാറ്റി പ്രതികൾ ശ്രീകൃഷ്ണ ജയന്തിയുടെ ഫ്ളക്സ് വെക്കാൻ ശ്രമിച്ചത് ഷാജഹാനും മറ്റു സിപിഐഎമ്മും പ്രവർത്തകരും ചോദ്യം ചെയ്തതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ആക്ഷേപം. പ്രതികളിൽ ഒരാളായ നവീന്റെ നേതൃത്വത്തിലാണ് ഷാജഹാനെ പ്രതികൾ ആക്രമിച്ചതെന്നും, ആക്രമണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുടെണ്ടെന്നും കുടുംബം പറയുന്നു. മാത്രമല്ല സംഭവ സമയത്ത് ഷാജഹാനൊപ്പം ഉണ്ടായിരുന്ന സുരേഷ് പ്രതികളിൽ ഒരാളുടെ അച്ഛനായതുകൊണ്ട് മാത്രമാണ് ആക്രമത്തിൽ നിന്നും രക്ഷപ്പെട്ടതെന്നും ഇവർ പറയുന്നു.