- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ സംഭാഷണശകലം ഒരു കൈപ്പിഴ; മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം; വില്ലന്റെ ക്രൂരത അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് ആ ഡയലോഗിലുള്ളത്; 'കടുവ'യിലെ തെറ്റിൽ ഭിന്നശേഷിക്കാരോട് മാപ്പുപറഞ്ഞ് സംവിധായകൻ; ഷാജി കൈലാസ് തീർക്കുന്നത് തെറ്റ് ഏറ്റു പറയുന്ന പുതു സിനിമാ മാതൃക
തിരുവനന്തപുരം: കടുവ സിനിമയിലെ വിവാദങ്ങളിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ഷാജി കൈലാസ്.സിനിമയിലെ നായക കഥാപാത്രത്തിന്റെ സംഭാഷണം ഭിന്നശേഷിക്കാരെയും അവരുടെ രക്ഷിതാക്കളെയും അവഹേളിക്കുന്നതാണെന്നായിരുന്നു വിവാദം.ചിത്രം പ്രഖ്യാപിച്ചത് മുതൽ വിവാദങ്ങൾ തുടർക്കഥയായ ചിത്രമായിരുന്നു കടുവ.എന്നാൽ അതിനെയൊക്കെയും അതിജീവിച്ചാണ് ചിത്രം തിയേറ്ററിലെത്തിയത്.മികച്ച അഭിപ്രായം നേടി ചിത്രം മുന്നേറുന്നതിനിടെയാണ് സംഭാഷണത്തെച്ചൊല്ലിയുള്ള പുതിയ വിവാദം ഉടലെടുത്തത്.
മാതാപിതാക്കൾ ചെയ്യുന്ന പാപത്തിന്റെ ഫലമാണ് കുട്ടികൾ അനുഭവിക്കേണ്ടി വരുന്നതെന്ന സംഭാഷമാണ് വിവാദത്തിനിടയാക്കിയത്.ഇതിന് പിന്നാലെയാണ് പ്രസ്തുക സംഭാഷണം ഭിന്നശേഷി അവകാശ നിയമം 92 വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമാണെന്നുകാണിച്ച്
പരിവാർ കേരള എന്ന ഭിന്നശേഷി സംഘടന ജനറൽ സെക്രട്ടറി ആർ വിശ്വനാഥൻ സംസ്ഥാന ഭിന്നശേഷി കമ്മീഷണർക്കാണ് പരാതി നൽകിയത്.കൂടുതൽ ചർച്ചകളിലേക്കും വിവാദങ്ങളിലേക്കും സംഭാഷണം നിങ്ങിയതോടെയാണ് മാപ്പ് പറഞ്ഞ് സംവിധായകൻ തന്നെ നേരിട്ടെത്തിയത്.
വില്ലന്റെ ക്രൂരത അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് ആ ഡയലോഗിലുള്ളതെന്നും ആ സംഭാഷണശകലം ഒരു കൈപ്പിഴയാണെ്ന്നും മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണമെന്നും ഷാജികൈലാസ് പറയുന്നു.സംഭാഷണം എഴുതുമ്പോൾ തിരക്കഥാകൃത്തോ ചിത്രികരിക്കുമ്പോൾ ഞാനോ പൃഥ്വിരാജോ ഇങ്ങനെ ഒരു വശം ചിന്തിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം മാപ്പ് പറഞ്ഞത്.
കുറിപ്പിന്റെ പൂർണ്ണരൂപം
ഞാൻ സംവിധാനം ചെയ്ത 'കടുവ' എന്ന സിനിമയിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിൽ പരാമർശം വന്നതിൽ നിർവ്യാജം ക്ഷമചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യർത്ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോൾ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോൾ നായകനായ പൃഥ്വിരാജോ ആ സീൻ ഒരുക്കുമ്പോൾ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം. വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്.
ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവർ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനർഥമില്ല. ഞങ്ങളുടെ വിദൂരചിന്തകളിൽപ്പോലും ഒരിക്കലും അങ്ങനെയൊന്നില്ല. മക്കളെ സ്നേഹിക്കുന്ന ഒരച്ഛനാണ് ഞാനും. അവർ ചെറുതായൊന്ന് വീഴുമ്പോൾപ്പോലും എനിക്ക് വേദനിക്കാറുണ്ട്. അപ്പോൾ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസിലാക്കാനാകും.
'കടുവ'യിലെ വാക്കുകൾ മുറിവേല്പിച്ചു എന്ന് കാട്ടി അച്ഛനമ്മമാരുടെ കുറിപ്പുകൾ കാണാനിടയായി. നിങ്ങൾക്ക് ലോകത്തിലേറ്റവും വിലപ്പെട്ടത് നിങ്ങളുടെ മക്കളാണെന്നും അവർക്ക് വേണ്ടിയാണ് നിങ്ങൾ ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ....മാപ്പ്....നിങ്ങൾക്കുണ്ടായ മനോവിഷമത്തിന് ഈ വാക്കുകൾ പരിഹാരമാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഒരിക്കൽക്കൂടി ക്ഷമാപണം..
മറുനാടന് മലയാളി ബ്യൂറോ