കൊച്ചി: പ്രായപൂർത്തിയാകാത്ത ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ശേഷം പ്രതി വിദേശത്തേക്കു കടന്ന കേസ്സിൽ മാതാവിന് വധഭീഷണി. ഭീഷണിയത്തുടർന്നു പെൺകുട്ടിയും അമ്മയും നാടു വിട്ടു.

കലൂർ സ്റ്റേഡിയത്തിനു പുറകിൽ താമസിക്കുന്ന പാറയ്ക്കൽ പുത്തൻ വീട്ടിൽ ഷാജി എന്നു വിളിക്കുന്ന ടി എ ഇബ്രാഹിം ആണ് കലൂരിലെ ഒരു സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പിഡീപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നുകളഞ്ഞത്. വിദേശത്തിരുന്നു കൊണ്ടു തന്നെ കേസ്സ് ഒത്തുതീർപ്പാക്കാൻ ഷാജിയുടെ മകൻ ആഷിക് വഴി പലപ്പോഴായി പെൺകുട്ടിയുടെ മാതാവിനെ ബന്ധപ്പെട്ടിരുന്നു. 20 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്‌തെങ്കിലും കുട്ടിയുടെ മാതാവ് വഴങ്ങിയില്ല.

ഇതേ തുടർന്ന് പെരുമ്പാവൂരിലുള്ള ക്വട്ടേഷൻ സംഘം രംഗത്തിറങ്ങി. സംഭവം മനസ്സിലാക്കിയ പെൺകുട്ടിയും മാതാവും കലൂരിലുള്ള വസതിയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് രഹസ്യമായി താമസം മാറ്റി. ഷാജിയുടെ കടവന്ത്രയിലെ ഫ്‌ളാറ്റിൽ വച്ചാണ് പെൺകുട്ടി പലവട്ടം പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ പൊലീസ് അലംഭാവം കാട്ടിയതായി ആരോപണമുണ്ട്. പാലാരിവട്ടം സ്റ്റേഷനിലും കുട്ടിയുടെ മാതാവ് പരാതി നൽകിയെങ്കിലും കേസ്സ് എടുക്കാൻ പൊലീസ് വിസമ്മതിച്ചതായി ആക്ഷേപമുണ്ട്.

പിന്നീട് പെൺകുട്ടിയുടെ സ്‌കൂളിലെ ടീച്ചർമാരുടെയും മറ്റും പരാതിയെ തുടർന്നാണ് പൊലീസ് കേസ്സെടുക്കാൻ തുനിഞ്ഞത്. ഷാജിക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും തുടർ നടപടികൾക്ക് പൊലീസ് ശുഷ്്കാന്തി കാട്ടാത്തത് പൊലീസും പ്രതിയും തമ്മിലുള്ള ബന്ധങ്ങളുടെ പുറത്താണെന്ന് പറയപ്പെടുന്നു.

ഭരണകക്ഷിയുടെ ഒരു പ്രദേശിക നേതാവ് ഇടപെട്ട് ഷാജിയുടെ ഫ്‌ളാറ്റിലെ റെയ്ഡും മറ്റും ഒതുക്കി എന്നാണ് വിവരം. ഗൾഫിൽ ഇരുന്നുകൊണ്ടുതന്നെ കേസ് അട്ടിമറിക്കാൻ ഷാജി നടത്തിയ നീക്കം രഹസ്യമായ പരസ്യമാണ്. പെൺകുട്ടിയുടെ മാതാവിന്റെ ജീവന് ഭീഷണി ഉയർന്ന സാഹചര്യത്തിൽ ഉയർന്ന പൊലീസ് അധികാരികൾക്ക് പാരാതി നൽകാൻ ഒരുങ്ങിയാണ് ഇവരുടെ കുടുംബാഗങ്ങൾ.