തലശേരി: പാനൂർ ചെണ്ടയാട് പുത്തലത്ത് വീട്ടിൽ ഷക്കീലയുടെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. കേസ് ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി തെളിവുകൾ കിട്ടിയതായാണ് സൂചന. ഇതോടെ ഇതു സംബന്ധിച്ച ബന്ധുക്കളുടെ പരാതി പൊലീസ് പരിശോധിക്കുന്നുണ്ടെന്നാണ് സൂചന.

ഭർതൃമതിയും രണ്ടു പിഞ്ചുകുട്ടികളുടെ മാതാവുമായ യുവതി ഭർതൃഗൃഹത്തിലാണ് മരിച്ചത്. ഭർതൃഗൃഹമായ എലാങ്കോട് തിരുവാൽ പള്ളിക്കു സമീപം പുളിയുള്ളപറന്പത്ത് വീട്ടിലാണ് 2016 ഡിസംബർ 24ന് മരിച്ച നിലയിൽ ഇരുപത്തിയഞ്ചുകാരിയെ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനിടയിലാണ് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. ഇത് സംബന്ധിച്ച പരിശോധനയിലാണ് പൊലീസിന് നിർണ്ണായക തെളിവുകൾ കിട്ടിയത്.

ഷക്കീലയുടെ മാതാവ് ഖദീജ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് കേസന്വേഷണം തലശേരി ഡിവൈഎസ്‌പി പ്രിൻസ് ഏബ്രഹാമിന് കൈമാറിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ യുവതിയുടെ ഭർത്താവ് യൂസഫ് (30), ബന്ധുവായ സഫിയ (44) എന്നിവരെ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം അറസ്റ്റ്‌ചെയ്ത് ജയിലിലടച്ചിരുന്നു. യൂസഫും ബന്ധുവായ യുവതിയും തമ്മിലുള്ള അവിഹിതബന്ധം നേരിൽ കണ്ട ഷക്കീലയെ ഈ വിരോധം വച്ച് ഭർതൃബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി. ആത്മഹത്യാ വാദത്തിന് ഭർത്താവ് നിരത്തുന്ന സംഭവങ്ങളിൽ ഏറെ പൊരുത്ത കേടുകളുണ്ട്.

സംഭവദിവസം യുവതി ഗോവണിയിൽനിന്ന് വീണു മരിച്ചുവെന്നാണ് യുവതിയുടെ ബന്ധുക്കൾക്കു ലഭിച്ച വിവരം. ഡിസംബർ 24ന് അർധരാത്രി യുവതി മരിച്ചിട്ടും പിറ്റേദിവസം രാത്രി 8.30 ഓടെയാണ് തങ്ങളെ വിവരം അറിയിച്ചതെന്ന് ഷക്കീലയുടെ അമ്മാവൻ നാച്ചയിൽ അഷ്‌റഫ് പറഞ്ഞു. രാത്രി 12ന് മരണം സംഭവിച്ചിട്ടും രാവിലെ ഏഴോടെയാണ് ഷക്കീലയെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിക്കുന്നത്. ഗോവണിയിൽനിന്നു വീണതാണെന്നാണ് ആശുപത്രി അധികൃതർക്കു നൽകിയ വിവരം. എന്നാൽ ഡോക്ടർ നടത്തിയ പരിശോധനയിൽ മരണത്തിൽ ദുരൂഹത തോന്നുകയും വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നുവെന്ന് അഷ്‌റഫ് പറയുന്നു. ഇതോടെയാണ് ആത്മഹത്യാ വാദമെത്തിയത്.

രണ്ടര വയസും എട്ടുമാസവും പ്രായമുള്ള രണ്ടു കുട്ടികളാണ് ഷക്കീലയ്ക്കുള്ളത്. വീടിന്റെ മുകളിലെ ജനാലയിലാണ് ഷക്കീല തൂങ്ങിമരിച്ചതെന്നും നാട്ടുകാർ അറിഞ്ഞാൽ നാണക്കേടാകുമെന്ന് കരുതി അറുത്ത് മുറിച്ച് കട്ടിലിൽ കിടത്തുകയും വീടിനുള്ളിലെ രക്തക്കറകൾ തുടച്ചുനീക്കിയതായും ഭർതൃബന്ധുക്കൾ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ മരണം നടന്ന വീട്ടിലെ കട്ടിലിൽ രക്തക്കറ കണ്ടതും ഷക്കീലയുടെ കണ്ണിനും ചെവിക്കും തോളിനും ഏറ്റ പരിക്കുകളും ദുരൂഹതയുളവാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതികളുടെ മൊഴികളിലെ അവ്യക്തത കണക്കിലെടുത്തുകൊലപാതക സാധ്യത പരിശോധിക്കുന്നത്.

306 ാംവകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഇപ്പോൾ പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതികളിൽ സഫിയയ്ക്ക് ജാമ്യം അനുവദിച്ച് ജയിൽ മോചിതയായി. എന്നാൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് യൂസഫിന് കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യ നിബന്ധനകൾ പൂർത്തിയാക്കാത്തതിൽ ജയിൽ മോചിതനായിട്ടില്ല. സംഭവത്തിൽ മറ്റൊരു പ്രതിയായ ഭർതൃമാതാവ് ഖദീജ (56) നൽകിയ മുൻകൂർ ജാമ്യഹർജി നൽകിയിട്ടുണ്ട്.