ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചേർത്തല താലൂക്ക് ആശുപത്രി സ്റ്റാൻഡിലെ ആംബുലൻസ് ഡ്രൈവർ അഖിലിനെയാണ് പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം പ്രതികളെ ആംബുലൻസിൽ എത്തി രക്ഷപ്പെടുത്തിയത് അഖിലാണ്.

ബുധനാഴ്ച ഉച്ചയോടെ കാറിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് ആംബുലൻസിന് പൊലീസ് കാവലും ഏർപ്പെടുത്തി. പ്രതികൾ രക്ഷപ്പെട്ടത് ഈ ആംബുലൻസിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പ്രതികളെ എവിടെയാണ് കൊണ്ടുപോയി വിട്ടതെന്ന് ഇയാൾ നൽകിയ മൊഴി പുറത്തുവന്നിട്ടില്ല.

ഷാനിനെ ഇടിച്ചിട്ട കാർ കണിച്ചുകുളങ്ങരയിൽ ഉപേക്ഷിച്ച ശേഷമാണ് പ്രതികൾ ആംബുലൻസിൽ രക്ഷപെട്ടത്. ഈ കാർ കഴിഞ്ഞ ദിവസം അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

അഞ്ചുപേർ നേരിട്ട് കൊലപാതകത്തിൽ പങ്കാളികളായതായാണ് പൊലീസ് നിഗമനം. കൊലപാതകം ആസൂത്രണം ചെയ്തതിനാണ് രാജേന്ദ്രപ്രസാദും രതീഷും പിടിയിലായത്. അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് മണ്ണഞ്ചേരിയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിനെ ഒരുസംഘം വെട്ടിക്കൊന്നത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് എസ്ഡിപിഐയുടെ ആരോപണം. ഷാനിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്താലാണെന്ന് പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.

കേസിൽ അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകരായ രാജേന്ദ്ര പ്രസാദ്, രതീഷ് എന്നിവരെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ആർഎസ്എസ് ആലപ്പുഴ ജില്ലാ കാര്യാലയത്തിൽ നിന്നാണ് രാജേന്ദ്ര പ്രസാദിനെയും രതീഷിനെയും പൊലീസ് പിടികൂടിയത്.

അതേസമയം, ഒബിസി മോർച്ച നേതാവ് രഞ്ജിത്ത് വധക്കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. മണ്ണഞ്ചേരി സ്വദേശികളായ ആസിഫ്, നിഷാദ്, അലി, സുധീർ, അർഷാദ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.