മുംബൈ: സ്പിൻ ബൗളറുടെ കൈവിരലുകളിൽ നിന്ന് ഉതിർന്നു വീഴുന്ന പന്തു പോലെയാണ് ഷെയ്ൻ വോൺ. കുത്തിത്തിരിയുന്ന പന്ത് ബാറ്റ്‌സ്മാന്റെ കണക്കുകൂട്ടലും പ്രതിരോധവും തകർത്ത് വിക്കറ്റ് തകർക്കാം. അല്ലെങ്കിൽ നിലംതൊടാതെ ഗാലറിയിലേക്ക് പറത്തപ്പെടാം. ഇതു പോലെയായിരുന്നു ഷെയ്ൻ വോണിന്റെ ജീവിതവും. ആർക്കും പിടികൊടുത്തിരുന്നില്ല. പണത്തിന് വേണ്ടി പോകാത്ത വോൺ ഇഷ്ടമുള്ളതിന് പിറകെ പോയി. അതുണ്ടാക്കിയത് പേരുദോഷവും.

ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം നിരവധി അവസരങ്ങൾ വോണിനെ തേടിയെത്തി. ഇന്ത്യൻ ടീമിന്റെ പരിശീലൻ പോലും ആകാമായിരുന്നു. എന്നാൽ അതും നിരസിച്ചു. അതും വോൺ ശൈലിയിൽ. 2017ലായിരുന്നു ഷെയൻ വോണിനോട് ആ ചോദ്യം ഉയർന്നത്. ആ മറുപടി കേട്ട് ക്രിക്കറ്റ് ലോകം ഞെട്ടി. അതായിരുന്നു കളിക്കുമ്പോഴും വിരമിച്ച ശേഷവും ഷെയൻ വോൺ. അന്ന് ഐസിസി ചാമ്പ്യൻസ് ട്രോഫി കഴിയുന്നതോടെ ഒഴിവു വരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തേക്ക് പലപേരുകൾ ചർച്ചയിലുണ്ടായിരുന്നു. ആരായിരിക്കും അനിൽ കുംബ്ലെയുടെ പിൻഗാമി എന്നതിൽ വ്യക്തത വരാത്ത കാലാം.

ഈയൊരു സാഹചര്യത്തിലാണ് ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിനോട് ടീം ഇന്ത്യയുടെ പരിശീലകനാകാൻ താത്പര്യമുണ്ടോയെന്ന ചോദ്യം വന്നത്. എന്നാൽ വോണിന്റെ മറുപടി ഏവരേയും ഞെട്ടിച്ചു. എന്റെ ഫീസ് താങ്ങാൻ ബിസിസിഐക്ക് സാധിക്കില്ല. ഞാൻ വളരെ ചെലവേറിയ ഒരാളാണ്. ബിസിസിഐക്ക് എന്നെ താങ്ങാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. വിരാട് കോഹ്ലിക്കും എനിക്കും മികച്ചൊരു പങ്കാളിത്തം ഉണ്ടാക്കാൻ കഴിയും പക്ഷേ ഞാൻ വളരെ വളരെ ചെലവേറിയ ഒരാളാണ്.-ഇതായിരുന്നു മറുപടി.

പണക്കരുത്തിൽ എന്തും സ്വന്തമാക്കാൻ കഴിയുന്ന ബിസിസിഐ. ആ ബിസിസിഐയ്ക്ക് തന്നെ വിലയ്ക്ക് വാങ്ങാനാകില്ലെന്ന് പറഞ്ഞു വയ്ക്കുകയായിരുന്നു ഷെയ്ൻ വോൺ. ഇന്ത്യൻ ക്രിക്കറ്റിനോട് വളരെ അടുത്ത് പരിചയമുള്ളയാളാണ് വോൺ. ഐപിഎല്ലിൽ ആദ്യത്തെ രണ്ടുസീസണിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായിരുന്നു വോൺ. പ്രഥമ ഐപിഎൽ കിരീടം രാജസ്ഥാനു നേടിക്കൊടുത്തും വോണായിരുന്നു. പേരെടുത്ത പ്രതിഭകളൊന്നും അന്ന് രാജസ്ഥാൻ റോയൽസിൽ ഉണ്ടായിരുന്നില്ല. എന്നിട്ടും ഇന്ത്യൻ സാഹചര്യം തിരിച്ചറിഞ്ഞ് ഐപിഎല്ലിൽ ചരിത്രം കുറിച്ചു.

2008ൽ ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് ചാംപ്യന്മാരായ രാജസ്ഥാന്റെ നായകനും പരിശീലകനും വോൺ ആയിരുന്നു. 2008 മുതൽ 2011 വരെ ടീമിനൊപ്പമുണ്ടായിരുന്നു. കളിക്കളത്തിലും കളത്തിന് പുറത്തും സമാനതകളില്ലാത്ത വോൺ 2011ലെ ഐ പി എല്ലോടെ കളിമതിയാക്കി. നാൽപ്പത്തിയൊന്നാം വയസ്സിൽ. ലെഗ്‌സ്പിൻ രാജാവെന്ന സുവർണ കിരീടവുമായാണ് 2007ൽ വോൺ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. വിരമക്കുമ്പോൾ 708 വിക്കറ്റുകളാണ് വോണിന്റെ പേരിനൊപ്പം ഉണ്ടായിരുന്നത്.

ഐ പി എല്ലിലെത്തി ആദ്യസീസണിൽ തന്നെ രാജസ്ഥാൻ റോയൽസിനെ ചാമ്പ്യന്മാരാക്കി അത്ഭുതം രചിച്ചു. സാക്ഷാൽ സർ ഡൊണാൾഡ് ബ്രാഡ്മാൻ കഴിഞ്ഞാൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ ഏറ്റവും മഹാനായ ക്രിക്കറ്ററാണ് വോൺ. പ്രതിഭാവിലാസംകൊണ്ട് കളിക്കളത്തിൽ എതിരാളികളുടെ കോട്ടകൊത്തളങ്ങൾ തകർക്കുന്ന വോൺ കളത്തിന് പുറത്തും വ്യത്യസ്തനായിരുന്നു. പുകവലിയും മദ്യപാനവും സ്ത്രീകളുമായി ചേർന്നുള്ള വിവാദങ്ങളുമെല്ലാം എപ്പോഴും വോണിനെ മാധ്യമങ്ങളിൽ നിറച്ചു.

ഇക്കാരണങ്ങൾകൊണ്ട് മാത്രമാണ് വോണിന് ഓസീസ് നായകനാവാൻ കഴിയാതിരുന്നത്. ഓസ്‌ട്രേലിയൻ ക്രിക്കറ്റിന് ലഭിക്കാത്ത ഏറ്റവും മികച്ച ക്യാപ്റ്റൻ എന്ന വിശേഷണവും ഇതോടെ വോണിന് സ്വന്തമായി.

1992ൽ ഇന്ത്യക്കെതിരെ ആയിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 150 റൺസിന് നേടിയതാവട്ടെ ഒരൊറ്റ വിക്കറ്റും. പിന്നീട് ഇരുപതാം നൂറ്റാണ്ടിലെ പന്തെറിഞ്ഞ ബഹുമതിയും വോണിനെ തേടിയെത്തി. ആഷസ് പരമ്പരയിൽ മൈക് ഗാറ്റിംഗിനെ പുറത്താക്കിയാണ് വോൺ നൂറ്റാണ്ടിന്റെ ഏറുകാരനായത്. 1999ൽ ഓസീസ് ലോകകപ്പ് ഉയർത്തിയപ്പോൾ ഫൈനലിലെ കളിയിലെ കേമൻ വോണായിരുന്നു. ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ട് വോണിന് തൊട്ടടുത്ത ലോകകപ്പിൽ കളിക്കാനായില്ല. പരസ്ത്രീകളുമായുള്ള വോണിന്റെ ബന്ധം ഭാര്യ സിമോൺ പിരിഞ്ഞുപോകാൻ കാരണമായി.

ബ്രിട്ടീഷ് നടി എലിസബത്ത് ഹേർലിയുടെ കാമുകനുമായി വോൺ. ഹേർലിയുമായി കൂടുതൽ സമയം ചെലവഴിക്കാനാണ് വോൺ ഐ പി എല്ലിൽ നിന്ന് വിരമിച്ചത്.

പിന്നീട് സെക്സ് പാർട്ടി അടക്കം പല വിവാദങ്ങളിൽ വോൺ ചെന്നു പെട്ടു. ബാറ്റ്സ്മാന്മാരെ കുഴക്കുന്ന അപ്രതീക്ഷിത ലെഗ് ബ്രേക്ക് പോലെയാണ് ഷെയ്ൻ വോണിന്റെ ജീവിതത്തിന് വിരാമമിട്ട് ഹൃദയാഘാതവും എത്തുന്നത്.