ബെയ്ജിങ്: ഉറ്റസുഹൃത്തായ ചൈനയും പാക്കിസ്ഥാനെ കൈവിടുന്നോ? ഇന്ത്യയും റഷ്യയുമടക്കമുള്ള ഏഷ്യയിലെയും യൂറോപ്പിലെയും രാജ്യങ്ങളുടെ സംഘടനയായ ഷാംഗ്ഹായ് സഹകരണ സമിതി യോഗത്തിൽനിന്നു ലഭിക്കുന്ന സൂചനകൾ ഇങ്ങനെയാണ്. ചൈനയുടെ ഭാഗത്തുനിന്ന് തീർത്തും അവഗണനാ മനോഭാവമാണ് യോഗത്തിൽ പാക്കിസ്ഥാനു ലഭിച്ചത്.

അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങളിൽ ഇന്ത്യ സ്വാധീനം ശക്തമാക്കുമ്പോൾ പാക്കിസ്ഥാന്റെ പ്രതീക്ഷ മുഴുവൻ ചൈനയിലാണ്. പ്രതിരോധ മേഖലയിലും സാമ്പത്തികരംഗത്തും കയ്യും കണക്കുമില്ലാതെയാണ് ചൈന പാക്കിസ്ഥാനെ സഹായിക്കുന്നത്. അമേരിക്ക ഇന്ത്യയോട് അടുത്തപ്പോൾ ഒറ്റപ്പെട്ടുപോയ പാക്കിസ്ഥാനു യുദ്ധവിമാനങ്ങളും ആയുധങ്ങളും വാഗ്ദാനം ചെയ്തും സാമ്പത്തിക ഇടനാഴികളും തുറമുഖങ്ങളും നിർമ്മിച്ചുനല്കിയും സഹായിക്കുന്നതിൽ ചൈന മുന്നിലായിരുന്നു.

എന്നാൽ കസക്കിസ്ഥാൻ തലസ്ഥാനമായ അസ്താനയിൽ നടന്ന ഷാംഗ്ഹായ് സഹകരണസമിതി യോഗത്തിൽ പാക് പ്രധാനമന്ത്രി ഷി ചിൻപിംഗുമായി കൂടിക്കാഴ്ച നടത്താൻ ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് തയാറായില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം യോഗത്തിനെത്തിയ എല്ലാ രാജ്യത്തലവന്മാരുമായും ചിൻപിങ് കൂട്ടിക്കാഴ്ച നടത്തി.

പക്ഷേ, പാക് പ്രധാനമന്ത്രി നവാസ് ഷെരീഫീനെ എല്ലാ ആർത്ഥത്തിലും അദ്ദേഹം അവഗണിക്കുകയായിരുന്നു. നരേന്ദ്ര മോദിയുമായും റഷ്യൻ പ്രസിഡന്റ് പുടിനുമായും ചിൻപിങ് നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ചൈനീസ് സർക്കാർ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ടു ചെയ്യുകയുണ്ടായി. എന്നാൽ ഈ മാധ്യമങ്ങളെല്ലാം തന്നെ പാക്കിസ്ഥാന്റെ കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നു.

വൺ ബെൽറ്റ്, വൺ റോഡ് (ഒബോർ) പദ്ധതിയുടെ ഭാഗമായി പാക്കിസ്ഥാനിൽ റോഡ്, റെയിൽ, ഊർജ മേഖലകളിലായി 5700 കോടി ഡോളറിന്റെ പ്രവർത്തനങ്ങളാണു ചൈന നടത്തിവരുന്നത്. ഈ സാഹചര്യത്തിലാണ് ഷെരീഫിനെ ചിൻപിങ് അവഗണിച്ചത് ലോകമാധ്യമങ്ങൾ ചർച്ചയാക്കുന്നത്. അടുത്തിടെ രണ്ടു ചൈനീസ് പൗരന്മാർ പാക്കിസ്ഥാൻ കൊല്ലപ്പെട്ടതിലടക്കമുള്ള വിഷയങ്ങളിൽ ചൈനയ്ക്കുള്ള അതൃപ്തിയാണ് ചിൻപിംഗിന്റെ അവഗണനയ്ക്കു പിന്നിലെന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽനിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കഴിഞ്ഞമാസം തട്ടിക്കൊണ്ടു പോയ രണ്ടു ചൈനീസ് അദ്ധ്യാപകരാണു കൊല്ലപ്പെട്ടത്. പൊലീസുകാരുടെ വേഷത്തിലെത്തിയ ആയുധധാരികളാണു ചൈനക്കാരായ ഭാഷാധ്യാപകരെ മെയ്‌ 24നു തട്ടിക്കൊണ്ടുപോയത്. ഇവർ കൊല്ലപ്പെട്ട വാർച്ച ഷാംഗ്ഹായ് സഹകരണ സമിതി യോഗം ആരംഭിക്കുന്നതിനു തൊട്ടു മുമ്പാണു വന്നത്. തങ്ങളുടെ പൗരന്മാർക്കു വേണ്ട സുരക്ഷ നല്കുന്നതിൽ വീഴ്ചവരുത്തിയത് ചൈനയെ വല്ലാതെ പ്രകോപിപ്പിച്ചതായാണു സൂചനകൾ.

ചൈനയിൽനിന്നുള്ളവർക്കു മികച്ച സംരക്ഷണം ഉറപ്പുവരുത്തുന്നുവെന്ന പാക്ക് അവകാശവാദത്തിനു തിരിച്ചടിയാണ് അദ്ധ്യാപകരുടെ തട്ടിക്കൊണ്ടുപോകലും കൊലപാതകവും. പലവിധ നിർമ്മാണ പ്രവർത്തനങ്ങൾക്കായി നിരവധി ചൈനീസ് തൊഴിലാളികളും വിദഗ്ദരും പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർത്തുന്നതാണു തട്ടിക്കൊണ്ടുപോകലും വധവുമെന്നാണു ചൈനയുടെ ഭാഷ്യം. സംഭവം അതീവഗൗരവകരമാണെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണു ഷാങ്ഹായ് സഹകരണസമിതി യോഗത്തിൽ ഇരുരാജ്യങ്ങളുടെയും തലവന്മാർ ഒരുമിച്ചു പങ്കെടുത്തത്.

ആതിഥേയരായ കസഖ്സ്ഥാൻ, ഉസ്ബക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, റഷ്യ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തിയ പാക്ക് പ്രധാനമന്ത്രി, ഉറ്റസുഹൃത്തായ ചൈനയുടെ പ്രസിഡന്റുമായി കൂടിക്കാഴ്ച സാധ്യമാകാതെ മടങ്ങുകയായിരുന്നു. ചിൻപിങ് ആകട്ടെ, ഉച്ചകോടിയിൽ കസഖ്സ്ഥാൻ, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തു.

ഉറ്റസുഹൃത്തായ ചൈനയുടെ അവഗണന പാക്കിസ്ഥാനെ കടുത്ത സമ്മർദത്തിലാക്കും. ഭീകരാവാദം അടക്കമുള്ള വിഷയങ്ങളിൽ രാജ്യാന്തവേദികളിൽ ഒറ്റപ്പെടാൻ അനുഭവിക്കാൻ തുടങ്ങിയിരിക്കുന്ന രാജ്യത്തിന് ഉറ്റസുഹൃത്തിൽനിന്ന് നേരിട്ട അപമാനം വലിയ തിരിച്ചടി തന്നെയാണ്.