കോഴിക്കോട്: വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന പരിവാർ നേതാവ് അഡ്വ ശങ്കു ടി ദാസിന്റെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി. ശങ്കുവിനെ ഡയാലിസിസിന് വിധേയമാക്കി. രക്തത്തിലെ അണുബാധ കുറയ്ക്കാൻ ഇത് സഹായകകരമായിട്ടുണ്ട്. എക്‌മോ സഹായത്താലാണ് ശങ്കുവിനെ ചികിൽസിക്കുന്നത്. മരുന്നുകളോടും പ്രതികരിക്കുന്നുണ്ട്. ഇത് ശുഭസൂചകമാണെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ അപകട നില ശങ്കു പൂർണ്ണമായും തരണം ചെയ്തിട്ടില്ല.

ചികിത്സയുമായി നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന ശങ്കു ടി ദാസിന്റെ ബിപി നിയന്ത്രണ വിധേയമാക്കുന്നത് മരുന്നുകളുടെ സഹായത്തോടെയാണ്. എന്നാൽ മരുന്നിന്റെ അളവ് കുറയ്ക്കാനായി. ഇതും ചികിൽസ ഫലം കാണുന്നതിന്റെ സൂചനയാണ്. ഓക്‌സിജൻ നില തടസ്സമില്ലാതെ കൊണ്ടുപോകുവാനായി വെന്റിലേറ്റർ സപ്പോർട്ടും നൽകിയിട്ടുണ്ട്. ഇതിനൊപ്പമാണ് എക്‌മോയുടെ സഹായത്തോടെയുള്ള ചികിൽസ. റീനൽ റിപ്ലേസ്‌മെന്റ് തെറാപ്പിയും തുടരുന്നുണ്ട്.

നിലവിൽ ചികിത്സയുമായി ശങ്കു ടി ദാസ് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ തരണം ചെയ്യേണ്ടതുണ്ട്. അതിനായി ഒക്‌സിജൻ സ്വീകരിക്കാൻ തടസ്സമില്ലാതെ മുന്നോട്ട് പോകാനാണ് എക്‌മോയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ശങ്കു ടി ദാസിനെ ആശുപത്രിയിൽ സന്ദർശിച്ച് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള ചികിൽസാ വിവരങ്ങൾ തേടിയിരുന്നു. അദ്ദേഹത്തിന്റെ ചികിത്സ സംബന്ധിച്ച വിവരങ്ങൾ ഗവർണർ ചോദിച്ചറിഞ്ഞു. ശങ്കു ടി ദാസിന്റെ ബന്ധുക്കളുമായും ചികിത്സക്ക് നേതൃത്വം നൽകുന്ന മെഡിക്കൽ ടീമുമായും ഗവർണ്ണർ കൂടിക്കാഴ്ച നടത്തി. കൂടുതൽ സൗകര്യങ്ങൾ ആവശ്യമാണെങ്കിൽ ഏർപ്പെടുത്താൻ തയ്യാറാണെന്ന് അദ്ദേഹം ബന്ധുക്കളെ അറിയിച്ചു.

ജൂൺ 23ന് രാത്രി ഓഫീസിൽ നിന്ന് മടങ്ങുമ്പോൾ ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ ആണ് അപകടം ഉണ്ടായത്. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ആദ്യം കോട്ടക്കൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശങ്കു ടി ദാസിനെ പിന്നീട് കോഴിക്കോട്ടെ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കരളിലെ പരിക്കിന് ശസ്ത്രക്രിയയും നടത്തി.

ബാർ കൗൺസിൽ അംഗമായ ശങ്കു ടി ദാസ്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താലയിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. പന്തളം കൊട്ടാരത്തിലെ ചെമ്പോല തിട്ടൂരം എന്ന പേരിൽ മോൻസൺ മാവുങ്കൽ നിർമ്മിച്ച വ്യാജരേഖയിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് പരാതി നൽകിയതും ശങ്കു ടി ദാസ് ആണ്.