അഗർത്തല: ത്രിപുരയിൽ പ്രാദേശിക ടെലിവിഷൻ ചാനൽ ലേഖകനായ ശന്തനു ഭൗമിക്കിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. ഇൻഡിജീനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയുടെ പ്രവർത്തകരെയാണ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ഇൻഡിജീനസ് പീപ്പിൾസ് ഫ്രണ്ട് പ്രവർത്തകരും സിപിഎമ്മിന്റെ ഗോത്രവർഗ വിഭാഗമായ ത്രിപുര രാജേർ ഉപജാതി ഗണമുക്തി പരിഷത്തും തമ്മിൽ ഏറ്റുമുട്ടിയത്. ഇവിടുത്തെ റോഡ് ഉപരോധം റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴാണ് ശാന്തനുവിനെ പ്രവർത്തകർ വളഞ്ഞ് ആക്രമിച്ചത്. സംഘർഷത്തിൽ 16 ഓളം പൊലീസുകാർക്ക് പരിക്കേൽക്കുകയും രണ്ട് വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു.

ആക്രമണത്തെത്തുടർന്ന് പ്രദേശത്തെ ഇന്റർനെറ്റ് സൗകര്യം താത്കാലികമായി നിറുത്തിവെച്ചിരിക്കുകയാണ്. സംഘർഷത്തിനു ശേഷം ഇപ്പോൾ പ്രദേശം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ഗുരുതരമായ മുറിവുകളോടെ കണ്ടെത്തിയ ശന്തനുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ത്രിപുര ആരോഗ്യമന്ത്രി കൊലപാതകത്തെ അപലപിച്ചു. വാർത്താവിതരണമന്ത്രി ഭാനുലാൽ സാഹ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. സംഘർഷത്തിൽ 118 പേർക്ക് പരിക്കേറ്റു.

കഴിഞ്ഞ നാല് ദിവസമായി വടക്കൻ ത്രിപുരയിൽ സിപിഎമ്മിന്റെ ആദിവാസി വിഭാഗമായ ത്രിപുര രജായീർ ഉപജാതി ഗാനമുക്തി പരിഷത്തും(ടി.ആർ.യു.ജി.പി) പ്രവർത്തകരും ഐ.പി.എഫ്.ടി പ്രവർത്തകരും തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. ഇത് തടയുന്നതിനായി പ്രദേശത്ത് ക്രിമിനൽ ചട്ടം അനുസരിച്ചുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ലംഘിച്ച് ഐ.പി.എഫ്.ടി പ്രവർത്തകർ സമരം സംഘടിപ്പിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. തുടർന്ന് ഇതിനെ നേരിടാൻ എതിർ വിഭാഗവും രംഗത്തെത്തിയതോടെ സ്ഥിതിഗതികൾ വഷളാവുകയായിരുന്നു.