മുംബൈ: ആഗോളതലത്തിലെ തിരിച്ചടികളും അതിനൊപ്പം കർണാടക തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഉണ്ടായ അനിശ്ചിതത്വവും ഓഹരിവിപണിയിൽ പ്രതിഫലിച്ചതോടെ വിപണി നഷ്ടത്തിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. കർണാടക തിരഞ്ഞെടുപ്പുഫലം വന്നതോടെ ബിജെപി സർക്കാർ അവിടെ ആര് അധികാരത്തിൽ വരുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ഈ സാഹചര്യവും ആഭ്യന്തര ഓഹരി സൂചികകളുടെ കരുത്തുചോർത്തിയതിൽ നിർണായകമായി.

സെൻസെക്സ് 238 പോയന്റ് താഴ്ന്ന് 35,305ലും നിഫ്റ്റി 77 പോയന്റ് നഷ്ടത്തിൽ 10724ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 484 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1223 ഓഹരികൾ നഷ്ടത്തിലുമാണ്.

ലുപിൻ, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ടാറ്റ സ്റ്റീൽ, ഐടിസി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലും സിപ്ല, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോർകോർപ്, എസ്‌ബിഐ, ഒഎൻജിസി, റിലയൻസ്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ഇന്ന് വ്യാപാരം തുടങ്ങിയത്.