തിരൂർ: ആർഎസ്എസ് പ്രവർത്തകൻ ബിപിനെ കൊലപ്പെടുത്തിയ കേസിലെ ഒളിവിൽകഴിയുന്ന ഒന്നാംപ്രതി എടപ്പാൾ അമ്പലത്തുവീട്ടിൽ അബ്ദുൾ ലത്തീഫിനായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. അബ്ദുൾ ലത്തീഫിന്റെ ഭാര്യ ഷാഹിദ(37)യെയാണ് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിരുന്നു.

കൊലപാതകം ആസൂത്രണം ചെയ്ത സംഘത്തിൽ ഭർത്താവിനൊപ്പം ഷാഹിദയും പങ്കാളിയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മുമ്പ് മൂന്നുതവണ വിപിന് നേരെ വധശ്രമം നടത്തിയതിന് ശേഷം അക്രമിസംഘം താമസിച്ചത് ഇവരുടെ വീട്ടിലാണെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ രണ്ടുതവണ ബ്ലോക് പഞ്ചായത്തിലേക്ക് എസ്ഡിപിഐ സ്ഥാനാർത്ഥിയായി ഷാഹിദ മത്സരിച്ചിട്ടുണ്ട്. തിരൂർ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഷാഹിദയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ സാബിനൂൾ, സിദ്ദിഖ്, തുഫൈൽ, മുഹമ്മദ് അൻവർ, മുഹമ്മദ് ഹസൻ എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഇതിൽ സാബിനൂൾ കൃത്യത്തിൽ നേരിട്ട് പങ്കെടുക്കുകയും ബാക്കിയുള്ളവർ ഗൂഢാലോചന നടത്തിയവരുമാണ്. ഷാഹിദയുടെ അറസ്റ്റോടെ പ്രതികളുടെ എണ്ണം ആറായി. ഓഗസ്റ്റ് 24ന് രാവിലെ ഏഴരയോടെയാണ് വിപിൻ കൊല്ലപ്പെട്ടത്. വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന ബിപിനെ തിരൂരിനടുത്ത് ബി.പി അങ്ങാടി പുളിഞ്ചോട് വച്ചാണ് ആക്രമിച്ചത്. അമ്പതു മീറ്ററോളം പിന്തുടർന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടും മറച്ചുവെച്ചു എന്നതാണ് ഷാഹിദക്കെതിരെയുള്ള കുറ്റം. ബുധനാഴ്ച രാത്രിയിൽ ചോദ്യം ചെയ്യാനയായി കസ്റ്റഡിയിലെടുത്ത ഷാഹിദയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭർത്താവ് ലത്തീഫിന്റെ നേതൃത്വത്തിൽ എടപ്പാളിലെ വീട്ടിൽ വെച്ചു പല തവണ ഗൂഢാലോചന നടത്തിയതായി പൊലീസ് കണ്ടെത്തി. കൊല്ലപ്പെടുന്നതിന് മുമ്പ് മൂന്ന് തവണ ബിപിന് നേരെ വധശ്രമം നടത്തിയശേഷം സംഘം താമസിച്ചതും എടപ്പാളിലെ ഇവരുടെ വീട്ടിലായിരുന്നു. ഇക്കാര്യങ്ങളെല്ലാം ഷാഹിദക്ക് അറിയാമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ലത്തീഫിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും പിടികൂടാനായിട്ടില്ല.

അതേ സമയം ഷാഹിദയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ നിരപരാധികളെ വേട്ടയാടുന്നുവെന്നാരോപിച്ച് എസ്.ഡി.പി.ഐ തിരൂർ ഡി.വൈ.എസ്‌പി ഓഫീസിലേക്ക് ഇന്നലെ മാർച്ച് നടത്തിയിരുന്നു. കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയായ ബിപിനെ തിരൂരങ്ങാടി ബിപി അങ്ങാടിയിൽ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. എന്നാൽ ഷാഹിദയുടെ അറസ്റ്റിനെതിരെ എസ് ഡിപി ഐ പ്രതിഷേധം ശക്തമാക്കുകയാണ്.

ഷാഹിദയെ അറസ്റ്റ് ചെയ്ത സംഭവം കേരളത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണ്. ഭർത്താവിന്റെ മേലുള്ള കുറ്റാരോപണത്തിന് ഒന്നുമറിയാത്ത ഭാര്യയെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ കേരളത്തിലെ ജയിലുകൾ സ്ത്രീകളെ ക്കൊണ്ടു നിറയുമായിരുന്നു. സംഘപരിവാര പ്രവർത്തകർ പ്രതികളാവുന്ന കേസുകളിൽ കുറ്റവാളികളോട് മൃദുസമീപനം സ്വീകരിക്കുകയും ആർഎസ്എസ് പ്രവർത്തകർക്കെതിരായ കേസുകളിൽ പ്രതികളുടെ കുടുംബാംഗങ്ങളെ പോലും ക്രൂരമായി മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന നടപടി കേരള പൊലീസിലെ ആർഎസ്എസ് വൽക്കരണത്തിന്റെ അവസാനത്തെ ഉദാഹരണമാണ്. ഹാദിയയെ വീട്ടുതടങ്കലിലിട്ടും ഷാഹിദയെ തുറുങ്കിലടച്ചും ആർഎസ്എസിനെ പ്രീതിപ്പെടുത്താനാണു സർക്കാർ ശ്രമിക്കുന്നതെങ്കിൽ ഇതിനു കേരളം കനത്ത വില നൽകേണ്ടി വരുമെന്ന് എസ്ഡിപിഐ പറയുന്നു.

ഇത്തരം അനീതികൾ ഇനിയും ആവർത്തിച്ചാൽ സ്ത്രീകളുടെയും കുട്ടികളുടെയും ശക്തമായ സമരപോരാട്ടങ്ങൾക്ക് വിമൺ ഇന്ത്യ മൂവ്മെന്റ് നേതൃത്വം നൽകുമെന്നും സംസ്ഥാന സെക്രേട്ടറിയറ്റ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.