വാഷിങ്ടൺ: ഇന്ത്യയാണോ പാക്കിസ്ഥാനാണോ അടുത്ത സുഹൃത്തെന്ന് അമേരിക്കയോട് ചോദിച്ചാൽ ചുറ്റും നോക്കിയാകും മറുപടി. അടുത്ത് ഇന്ത്യാക്കാർ അരെങ്കിലുമുണ്ടെങ്കിൽ ഇന്ത്യയെന്നാകും ഉത്തരം. പാക്കിസ്ഥാനാണുള്ളതെങ്കിൽ മറുപടി അത്തരത്തിലുമാകും. രണ്ടു പേരും ഒരുമിച്ചെത്തില്ലെന്ന ആശ്വാസമാണ് ഈ കളിക്ക് അമേരിക്കയെ പ്രേരിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വല്ലാത്ത സൗഹൃദമാണ് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്കുള്ളത്. എവിടെ വച്ച് കണ്ടാലും ഊഷ്മളമായ കെട്ടിപ്പെടിത്തം. പിന്നെ ഇന്ത്യയുടെ വളർച്ചയിൽ പ്രശംസ. തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടുമെന്ന് പതിവ് പ്രഖ്യാപനം. ഇങ്ങനെ കലാപരിപാടികൾ മുന്നേറും. പക്ഷേ തീവ്രവാദത്തിനെതിരെ ഇന്ത്യ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളെക്കാൾ അമേരിക്കയ്ക്ക് പ്രധാനം മറ്റു പലതുമാണ്.

ചൈനയുമായി പാക്കിസ്ഥാൻ ചേർന്ന് പ്രവർത്തിക്കുന്നതിനോട് അമേരിക്കയ്ക്ക് താൽപ്പര്യക്കുറവുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയെ തൃപ്തിപ്പെടുത്തുന്നതിനൊപ്പം പാക്കിസ്ഥാനെ അമേരിക്ക പിണക്കുകയുമില്ല. ഇതാണ് അത്യാധുനിക നയതന്ത്രം. ഭീകരതയ്ക്ക് എതിരെയെന്ന് പറഞ്ഞ് സിറിയയിൽ ഐസിസിനെ സഹായിക്കുന്ന കള്ളക്കളി തന്നെയാണ് കാശ്മീർ വിഷയത്തിലും അമേരിക്ക നടത്തുന്നത്. ഈ നയതന്ത്രത്തിന് ഇന്ത്യ എന്തിന് നിന്നുകൊടുക്കുന്നുവെന്നതാണ് ഉയരുന്ന ചോദ്യം. അമേരിക്ക പാക്കിസ്ഥാന് എട്ട് അത്യാധുനിക എഫ്16 യുദ്ധവിമാനങ്ങൾ വില്ക്കും. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അമേരിക്കൻ സന്ദർശനത്തിനിടെയാണ് തീരുമാനം. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സൈനികനടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് 'ദി ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വിമാനങ്ങൾ പാക്കിസ്ഥാൻ കൈക്കലാക്കുന്നത് ഇന്ത്യയെ ലക്ഷ്യമിട്ടാണെന്നത് പകൽ പോലെ വ്യക്തവുമാണ്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഭാഷണത്തിൽ ഇടപെടാനോ നിർദ്ദേശം വയ്ക്കാനോ അമേരിക്കയ്ക്ക് ആകില്ലെന്നാണ് ഒബാമ ഭരണകൂടത്തിന്റെ വാദം. ഇരു രാജ്യങ്ങളുമായി സുപ്രധാന ബന്ധമാണ് യുഎസിനുള്ളത്. മേഖലയിൽ സമാധാനവും സ്ഥിരതയും ഉണ്ടാകണമെന്നും യുഎസ് ആഗ്രഹിക്കുന്നു. പാക്കിസ്ഥാനിലെ ചില മേഖലകളിൽ ഇന്ത്യയുടെ ഇടപെടലുകൾ വ്യക്തമാക്കുന്ന രേഖകളും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയുമായുള്ള ചർച്ചയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് കൈമാറിയിട്ടുണ്ട്. ഈ തെളിവുകളെ നിഷേധിക്കാനോ കൊള്ളാനോ അമേരിക്ക തയ്യാറല്ല. അതേസമയം, പാക്കിസ്ഥാനുമായി ആണവക്കരാറുണ്ടാക്കാൻ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും യുഎസ് അധികൃതർ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ടു വന്ന അമേരിക്കൻ മാദ്ധ്യമ റിപ്പോർട്ടുകൾ പൂർണമായും തെറ്റാണ്. ഇന്ത്യയുമായി സംഘർഷം വർധിപ്പിക്കുംവിധം കൂടുതൽ അണ്വായുധങ്ങൾ നിർമ്മിക്കുന്നത് ഒഴിവാക്കണമെന്ന് യുഎസ് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. എന്നാൽ കാശ്മീരിലെ തീവ്രവാദം നിർത്തണമെന്ന് അമേരിക്കയോട് ആവശ്യപ്പെടുന്നുമില്ല.

ഇന്ത്യയും പാക്കിസ്ഥാനുമായുള്ള നയതന്ത്രബന്ധം ഏറെ വഷളാകുന്നുവെന്ന് അന്താരാഷ്ട്ര സമൂഹത്തിനും അറിയാം. പാക്കിസ്ഥാന്റെ കാശ്മീരിലെ ഇടപെടലുകൾ അക്കമിട്ട് നിരത്തുന്ന തെളിവുകൾ ഇന്ത്യ കൈമാറുകയും ചെയ്തിരുന്നു. യുഎഇ പോലുള്ള ഗൾഫ് രാജ്യങ്ങൾ പോലും ഇതിനെ അംഗീകരിച്ചു. എന്നാൽ അമേരിക്കയ്ക്ക് മാത്രം അതിൽ ഇനിയും നിലപാട് വിശദീകരിക്കാൻ കഴിയുന്നില്ല. പാക്കിസ്ഥാന് എല്ലാ സഹായവും നൽകി ആയുധ കച്ചവടം പ്രോത്സാഹിപ്പിക്കുകയാണ് അമേരിക്ക. സമാധാനത്തിന് അപ്പുറം ശതകോടികളുടെ ആയുധക്കച്ചവടത്തിൽ മാത്രമാണ് അമേരിക്കയുടെ കണ്ണെന്നാണ് പുതിയ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ മോദിക്ക് നൽകുന്ന ഉറപ്പുകൾ സൗകര്യപൂർവ്വം ഒബാമയും കൂട്ടരും മറക്കുകയാണ്. ഇന്ത്യയെ കൈവിടാതെ പാക്കിസ്ഥാനിലൂടെ കോടികൾ നേടുകയാണ് ലക്ഷ്യം.

വിമാനങ്ങൾ കൈമാറുന്നത് ഏറെക്കാലമായുള്ള ചർച്ചയുടെ ഭാഗമാണെന്നും പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് കരുത്തു പകരാനാണെന്നും അധികൃതർ പറഞ്ഞു. എട്ട് എഫ്16 വിമാനങ്ങൾകൂടി ലഭിക്കുന്നത് പാക്കിസ്ഥാന്റ വ്യോമമേഖലയിലെ കരുത്ത് വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. സമീപകാലത്ത് ഇന്ത്യ പുലർത്തുന്ന അപകടകരമായ സൈനിക നയപരിപാടികളും ആയുധ ശക്തി സമാഹരണവും അതിനെ ചെറുക്കാനുള്ള ക്രിയാത്മകമായ നടപടികളിലേക്കു നീങ്ങാൻ പാക്കിസ്ഥാനെ നിർബന്ധിതമാക്കുന്നതായി പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് വ്യക്തമാക്കിയിട്ടുണ്ട്. അധികാരത്തിലേറിയതിനു ശേഷം ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിനായി താൻ ആത്മാർഥമായ നിരവധി ശ്രമം നടത്തിയതായും അദ്ദേഹം സൂചിപ്പിച്ചു. ഇതെല്ലാം പൊളിഞ്ഞെന്നും അതിനാൽ കൂടുതൽ ആയുധമെന്ന ആവശ്യവുമായാണ് ഷെരീഫ് അമേരിക്കയിലെത്തിയത്. അത് അതേ പടി ഒബാമ ഭരണകൂടം അംഗീകരിച്ചു. പിന്നെ എന്തിനായിരുന്നു ഭീകരതയ്ക്ക് എതിരെ യോജിച്ച് പ്രവർത്തിക്കാമെന്ന് ഇന്ത്യയ്ക്ക് ഒബാമ ഉറപ്പ് നൽകിയതെന്നതാണ് ഉയരുന്ന ചോദ്യം.

അതിനിടെ ഇന്ത്യ എന്നും പ്രധാനശത്രുരാജ്യമായിരിക്കുമെന്ന് പാക് ദിനപത്രമായ 'ദി നേഷൻ' മുഖപ്രസംഗം എഴുതുകയും ചെയ്തു. എന്നാൽ, ഈ ഭീഷണി രാജ്യത്തെ വികസനപ്രവർത്തനങ്ങളെയും അതിനായി പ്രവർത്തിക്കുന്ന ഏജൻസികളെയും ബാധിക്കരുത്. ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതി തകർക്കാൻ ഇന്ത്യ ശ്രമിക്കുന്നതായാരോപിച്ചായിരുന്നു പത്രം മുഖപ്രസംഗം തയ്യാറാക്കിയത്.പദ്ധതിക്ക് സുരക്ഷയൊരുക്കാൻ പ്രത്യേക സുരക്ഷാസേനയെ നിയോഗിക്കണമെന്ന് പദ്ധതിക്ക് നേതൃത്വംനൽകുന്ന ഫ്രോണ്ടിയർ വർക്ക്‌സ് ഓർഗനൈസേഷൻ (എഫ്.ഡബ്ലൂു.ഒ.) ഡയറക്ടർ ജനറൽ, മേജർ ജനറൽ മുഹമ്മദ് അഫ്‌സൽ അഭിപ്രായപ്പെട്ടിരുന്നു. പദ്ധതിയുടെ നടത്തിപ്പിന് സുരക്ഷനൽകുന്ന സൈന്യത്തിന് മുഖപ്രസംഗത്തിൽ പ്രത്യേക അഭിന്ദനവുമുണ്ട്. പാക് സൈന്യത്തിന് ശാസ്ത്രസാങ്കേതികവിഷയങ്ങളിൽ ഉപദേശംനൽകുന്ന വിഭാഗമാണ് എഫ്.ഡബ്ലൂു.ഒ. ഭരണകൂടത്തിന് വീഴ്ചപറ്റുന്നയിടങ്ങളിൽ സൈന്യം കൃത്യമായ ഇടപെടൽ നടത്തണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ഇതെല്ലാം വായിച്ച് മനസ്സിലാക്കിയാണ് അമേരിക്കയുടെ നീക്കമെന്നതാണ് ശ്രദ്ധേയം.

അമേരിക്കയിലെ പ്രസംഗങ്ങളിലും നവാസ് ഷെരീഫ് നിറഞ്ഞത് ഇന്ത്യാ വിരുദ്ധ നിലപാടുകൾ തന്നെയാണ്. ചർച്ചകൾ ഒഴിവാക്കുന്നതിനൊപ്പം ചില ശക്തികളുമായി ചേർന്ന് ആയുധ ശേഖരണം നടത്തുന്നതിലാണ് ഇന്ത്യ ശ്രദ്ധ പതിപ്പിക്കുന്നതെന്നത് ഖേദകരമാണ്. അപകടകരമായ സൈനിക നയപരിപാടികളിലാണ് അവർ ഏർപ്പെടുന്നത്. വിശ്വസനീയമായ പ്രതിരോധം ഉറപ്പാക്കുന്നതിൽ പാക്കിസ്ഥാൻ ഇതിനാൽ തന്നെ നിർബന്ധിതമാകുന്ന സ്ഥിതിയാണുള്ളത്. യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിനെ(യുഎസ്‌ഐപി) അഭിസംബോധന ചെയ്ത് നവാസ് വിശദീകരിച്ചു. കശ്മീർ പ്രശ്‌നം പരിഹരിക്കാൻ മൂന്നാം കക്ഷിയുടെ മധ്യസ്ഥത ആവശ്യമാണെന്നും നവാസ് ഷെരീഫ് പറയുന്നു. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ സംഘർഷപ്രദേശമാണു കശ്മീർ. സമാധാന ചർച്ചകൾ തുടരാൻ ആദ്യം വേണ്ടതു കശ്മീർ പ്രശ്‌നപരിഹാരമാണെന്നും നവാസ് ഷെരീഫ് വ്യക്തമാക്കി. ഇതു തന്നെയാണ് ചർച്ചകളിൽ ഒബാമയോടും പറഞ്ഞത്.

'നിലവിൽ കശ്മീർ പ്രശ്‌നത്തിൽ ഉഭയകക്ഷി ചർച്ച ഇല്ല. ഈ സാഹചര്യത്തിലാണു മൂന്നാം കക്ഷിയുടെ മധ്യസ്ഥത വേണ്ടിവരുന്നത്. ഇന്ത്യ ഇത് അംഗീകരിക്കുന്നില്ലെങ്കിൽ നിലവിലെ സ്തംഭനാവസ്ഥ തുടരും'-ഇതാണ് നവാസ് ഷെരീഫിന്റെ നിലപാട്. എന്നാൽ, കശ്മീർ പ്രശ്‌നത്തിൽ മധ്യസ്ഥത എന്ന നിർദ്ദേശം ഇന്ത്യ തള്ളിക്കളഞ്ഞു. ചർച്ചയ്ക്കുശേഷം ഇരുനേതാക്കളും നൽകിയ സംയുക്ത പ്രസ്താവനയിലും കശ്മീർ പ്രശ്‌നം, നിയന്ത്രണരേഖയിലെ തർക്കം എന്നിവ പാക്കിസ്ഥാൻ പരാമർശിച്ചു. എന്നാൽ, കശ്മീർ പ്രശ്‌നമടക്കമുള്ള തർക്കങ്ങൾ നേരിട്ടുള്ള ചർച്ചയിലൂടെ പരിഹരിക്കുകയാണ് ഉചിതമെന്നു യുഎസ് അധികൃതർ വ്യക്തമാക്കി. ഇതു രണ്ടാംതവണയാണു ഷെരീഫ് ഒബാമയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാധാന നീക്കങ്ങളിൽ ഇരുരാജ്യങ്ങളും സംയുക്തമായി ആവശ്യപ്പെട്ടാൽ മാത്രമേ ഇടപെടുകയുള്ളൂ എന്ന് അമേരിക്ക പറയുന്നു. അതേസമയം, പ്രശ്‌നപരിഹാരത്തിനുള്ള മികച്ച മാർഗം ഇരുകക്ഷികളും തമ്മിൽ നേരിട്ടുള്ള സംഭാഷണമാണെന്നും യുഎസ് വ്യക്തമാക്കി.