- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ രാഷ്ട്രീയവും എന്റെ മതവും എന്റെ നിലപാടുകളും തികച്ചും വ്യക്തിപരമാണ്, അതിൽ തുടരും': എസ്ഡിപിഐക്കും ഫ്രറ്റേണിറ്റിക്കും എതിരായ പരാമർശങ്ങളിൽ ക്ഷമാപണവുമായി ഷാരിസ് മുഹമ്മദ്; നിർവ്യാജം ക്ഷമ ചോദിക്കുന്നുവെന്ന് തിരക്കഥാകൃത്തിന്റെ ഇൻസ്റ്റാ കുറിപ്പ്
കോഴിക്കോട്: എസ്ഡിപിഐക്കും ഫ്രറ്റേണിറ്റിക്കും എതിരായ പരാമർശങ്ങളിൽ ക്ഷമാപണവുമായി തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്.എം എസ് എഫ് സംസ്ഥാന സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളിലാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്. തന്റെ പരാമർശങ്ങളിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രതിഷേധവും ദുഃഖവും അറിയിച്ചുവെന്നും തന്റെ വാക്കുകൾ ഏതെങ്കിലും രാഷ്ട്രീയ സംഘടനയെയോ മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കന്നുവെന്ന് ഷാരിസ് വ്യക്തമാക്കി.
തന്റെ രാഷ്ട്രീയവും മതവും നിലപാടുകളും തികച്ചും വ്യക്തിപരമാണെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.'വേര് എന്ന എം.എസ്.എഫ് സംഘടിപ്പിച്ച സമ്മേളനത്തിൽ 'കല, സർഗം, സംസ്കാരം' എന്ന ചർച്ചയിലെ എന്റെ വാക്കുകളിൽ ചില സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തുകയുണ്ടായി. പ്രത്യേകിച്ച് ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട പരാമർശം. എന്റെ വാക്കുകൾ ഏതെങ്കിലും വ്യക്തികളെയോ രാഷ്ട്രീയ സംഘടനകളെയോ മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആ പരാമർശത്തിൽ ഞാൻ നിർവ്യാജം ക്ഷമ ചോദിക്കുന്നു. എന്റെ രാഷ്ട്രീയവും എന്റെ മതവും എന്റെ നിലപാടുകളും തികച്ചും വ്യക്തിപരമാണ്. അതിൽ തുടരും'- ഇൻസ്റ്റഗ്രാം കുറിപ്പിൽ ഷാരിസ് വ്യക്തമാക്കി.
എസ്ഡിപിഐ തന്നെ പരിപാടിക്ക് ക്ഷണിച്ചുവെന്നും അവർക്ക് വേണ്ടിയിരുന്നത് തന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെ ആയിരുന്നുവെന്നും ഷാരിസ് മുഹമ്മദ് എംഎസ്എഫ് പരിപാടിയിൽ പറഞ്ഞിരുന്നു. എസ്ഡിപിഐയുടെയും ഫ്രറ്റേണിറ്റിയുടെയും നേതാക്കളാണ് തന്നെ അവരുടെ വേദിയിലേക്ക് ക്ഷണിച്ചത്. എന്നാൽ, അവരുടെ ഉദ്ദേശ്യം മനസ്സിലായതോടെ താൻ പരിപാടിയിൽ പങ്കെടുത്തില്ല എന്നാണ് ജനഗണമന സിനിമയിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന ഷാരിസ് മുഹമ്മദ് പറഞ്ഞത്.
'ജനഗണമന റിലീസ് ചെയ്തതിന് ശേഷം എസ്.ഡി.പി.ഐ അവരുടെ മൂവി ക്ലബ് ഉദ്ഘാടനത്തിന് വിളിച്ചു, ഞാൻ വരില്ലെന്ന് പറഞ്ഞു. ജനഗണമനയുടെ സംവിധായകൻ ഡിജോ ജോസിനെ വിളിച്ചോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നും വേണ്ടത് എന്നെയാണെന്നുമാണ് അവർ പറഞ്ഞത്. അവർക്ക് വേണ്ടത് എന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു എന്ന് ഞാൻ മനസിലാക്കി. ഇങ്ങനെ ഒരു സിനിമയാണോ ഞാൻ ചെയ്തത് എന്നുപോലും തോന്നി. അത് കഴിഞ്ഞ് ഫ്രറ്റേണിറ്റിയുടെ നേതാവ് അവരുടെ ഇസ്ലാമോഫോബിയ സമ്മേളനത്തിലേക്ക് വിളിച്ചു. ഞാൻ പറഞ്ഞു, എനിക്കെന്ത് ഇസ്ലാമോഫോബിയ? ഡിജോയെ വിളിക്കാത്തതിനേക്കുറിച്ച് ചോദിച്ചപ്പോൾ അവരും പറഞ്ഞത് അവർക്കും വേണ്ടത് എന്നെയാണെന്നാണ്.' ഷാരിസ് പറഞ്ഞു.
ഇതൊക്കെ കഴിഞ്ഞ് കൊടുങ്ങല്ലൂരിലെ വീട്ടിലിരിക്കുമ്പോൾ ഒരുദിവസം ഫോണിൽ ഒരു കോൾ. ഷാഫി പറമ്പിലായിരുന്നു അത്. യൂത്ത് കോൺഗ്രസിന്റെ ചിന്തൻ ശിബിർ നടക്കുന്നുണ്ട്. അര മണിക്കൂർ സംസാരിക്കാമോ എന്ന് ചോദിച്ചപ്പോൾ വരും എന്ന് ഒറ്റ നിമിഷത്തിൽ ഞാൻ പറഞ്ഞു. കാരണം എന്റെ പേരിലെ മുഹമ്മദ് കണ്ടല്ല, എന്റെ സിനിമ കണ്ടിട്ടും ഞാനെന്ന മനുഷ്യനെ കണ്ടിട്ടും വിളിച്ച സംഘടനയായിരുന്നു അതെന്നും ഷാരിസ് പറഞ്ഞു.
'കഴിഞ്ഞയാഴ്ചയാണ് എം.എസ്.എഫിന്റെ നജാഫ് വിളിച്ചത്. പരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന വിവരം ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. നിന്റെ സിനിമ നല്ലരീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്, വേണ്ടാത്ത പണിക്ക് പോകണ്ട, പോയാൽ സംസ്ഥാന പുരസ്കാരത്തിന് പരിഗണിക്കില്ല എന്നാണവർ പറഞ്ഞത്. എം.എസ്.എഫിന്റെ ക്യാമ്പിന് പോയതിന്റെ പേരിൽ അർഹതപ്പെട്ട അവാർഡ് എനിക്ക് കിട്ടുന്നില്ലെങ്കിൽ ആ നഷ്ടമാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡ്.'
ഫാസിസത്തേക്കുറിച്ച് അന്വേഷിച്ച് നമുക്ക് യുപിയിലൊന്നും പോവേണ്ട. കെ റെയിലിനെ കുറിച്ച് ഒരു കവിതയെഴുതിയതിന്റെ പേരിൽ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിനെ സൈബറിടങ്ങളിൽ അപമാനിച്ചു. എനിക്കൊരു കെ. റെയിലും വേണ്ട, ആ രണ്ട് മണിക്കൂറിന്റെ ലാഭവും വേണ്ട. നല്ല വിദ്യാഭ്യാസം, വായു, വെള്ളം തുടങ്ങിയവയാണ് നമ്മുടെ ഭാവി തലമുറയ്ക്ക് കൊടുക്കേണ്ടതെന്നും ഷാരിസ് പറഞ്ഞു.
ഷാരിസിന് എതിരെ എസ്ഡിപിഐ
എസ്ഡിപിഐ പരിപാടിക്ക് ക്ഷണിച്ചുവെന്നും അവർക്ക് വേണ്ടത് തന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദ് എന്നായിരുന്നുവെന്നുമുള്ള തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിന്റെ പരാമർശം തെറ്റെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ. എസ്ഡിപിഐയുടെ പേര് തിരക്കഥാകൃത്ത് അനാവശ്യമായി വലിച്ചിഴക്കുകയാണ് ഉണ്ടായത്. എസ്ഡിപിഐക്ക് ഒരു ഫിലിം ക്ലബ്ബ് ഇല്ല എന്നിരിക്കെയാണ് ഫിലിം ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിച്ചുവെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
സിനിമ എടുത്തതിന്റെ പ്രതിസന്ധി ലഘൂകരിക്കാനോ, അവാർഡ് നൽകുന്നവരെ പ്രീതിപ്പെടുത്താനോ ആണ് ഈ പരാമർശമെന്ന് സംശയിക്കുന്നുവെന്നും അബ്ദുൽ ജബ്ബാർ ഫേസ്ബുക്കിൽ കുറിച്ചു. എസ്ഡിപിഐയുടെ ഏതെങ്കിലും നേതാവ് അദ്ദേഹത്തെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും അബ്ദുൽ ജബ്ബാർ കൂട്ടിച്ചേർത്തു. കുറഞ്ഞത് അദ്ദേഹത്തെ ബന്ധപ്പെട്ടയാളുടെ ഫോൺ നമ്പറെങ്കിലും വെളിപ്പെടുത്താൻ തയ്യാറാകണം. കളവുകൾ പറഞ്ഞ് മറുപക്ഷത്തിന്റെ കൈയടി വാങ്ങുന്നത് സത്യസന്ധനായ കലാകാരന് ചേർന്നതല്ലെന്നും എസ്ഡിപിഐ നേതാവ് വിമർശിച്ചു.
മറുനാടന് മലയാളി ബ്യൂറോ