മുംബൈ: ഓഹരി വിപണികളിൽ ഇന്നലെ നഷ്ടത്തിന്റെ ദിവസമായിരുന്നു. ആഭ്യന്തര- വിദേശ നിക്ഷേപകർ സൃഷ്ടിച്ച കനത്ത വില്പന സമ്മർദ്ദം ഇന്ത്യൻ ഓഹരി വിപണിയെ ഇന്നലെ തകർച്ചയിലെത്തിച്ചു. സെൻസെക്‌സ് 414 പോയന്റ് നഷ്ടത്തിൽ 25480 ലും നിഫ്റ്റി 118 പോയന്റ് നഷ്ടത്തിൽ 7602 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ജൂലൈ എട്ടിന് ശേഷം നിഫ്റ്റിയിലുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടമാണ് ഇന്നലെയുണ്ടായത്.

ആർബിഐയുടെ വായ്പാ അവലോകന നയത്തിൽ പലിശ നിരക്കുകൾ കുറക്കാൻ ആർബിഐ തയ്യാറായേക്കില്ല എന്ന സൂചനകളും, വിദേശ നിക്ഷേപകർ വൻ തോതിൽ ഓഹരികൾ വിറ്റഴിക്കുന്നതുമാണ് വിപണികളിലെ നഷ്ടത്തിന് പ്രധാനകാരണമായത്. ആഭ്യന്തര നിക്ഷേപകർക്കൊപ്പം വിദേശ ധനകാര്യ സ്ഥാപനങ്ങളും ലാഭമെടുപ്പിലേക്ക് പ്രവേശിച്ചതാണ് ഇന്ത്യൻ വിപണികൾക്ക് തിരിച്ചടിയായത്.

ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യത്തിലും ഇടിവ് രേഖപെടുത്തി. മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഡോളറിനെതിരെ രൂപയുടെ വിനിമയം നടക്കുന്നത്. ഒരു ഡോളറിന് 61 രൂപ 18 പൈസയാണ് ഒരു ഡോളറിന്റെ മൂല്യം.