- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീരശോഷണം ഒരു യാഥാർത്ഥ്യം, പക്ഷെ; വിഴിഞ്ഞം തുറമുഖ നിർമ്മാണം പ്രധാന കാരണമല്ല; തുറമുഖ നിർമ്മാണം മന്ദഗതിയിലായതിന്റെ പേരിൽ ഒരേസമയം കേസുമായി മുന്നോട്ട് പോവുകയും പിന്നീട് അതേസർക്കാർ തന്നെ അവരോട് പണി നിർത്താനും പറയുന്നത് എങ്ങനെ? ചോദ്യങ്ങളുമായി ശശി തരൂർ
തിരുവനന്തപുരം: തിരുവനന്തപുരത്തെ തീരശോഷണത്തിൽ വ്യത്യസ്ത അഭിപ്രായവുമായി ശശി തരൂർ എംപി. തീരശോഷണത്തിന് കാരണം വിഴിഞ്ഞം തുറമുഖ നിർമ്മാണം ആണെന്ന വാദത്തോട് യോജിപ്പില്ലെന്ന് തരൂർ വ്യക്തമാക്കി. തുറമുഖ നിർമ്മാണം അത്രകണ്ട് പുരോഗതി കൈവരിച്ചിട്ടില്ലെന്ന് എംപി അഭിപ്രായപ്പെട്ടു. തുറമുഖ നിർമ്മാണമാണോ തീരശോഷണത്തിന് കാരണമെന്നത് ഒരു വിദഗ്ധ സമിതിയെ നിയോഗിച്ച് പരിശോധിക്കാം. അതിന്റെ അർത്ഥം നിർമ്മാണ പ്രവർത്തി നിർത്തിവെക്കണം എന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'കേരളത്തിൽ തീരശോഷണം ഗുരുതരമായ പ്രശ്നമാണ്. പത്ത് വർഷമായി ഇക്കാര്യം പാർലമെന്റിൽ ഉന്നയിക്കുന്നുണ്ട്. നമ്മുടെ ഭൂപ്രദേശത്തിന്റെ രണ്ട് ഇഞ്ച് ചൈന കൈവശപ്പെടുത്തിയാൽ അതൊരു ദേശീയ പ്രശ്നമാണെന്ന് പറഞ്ഞത് അതിനെതിരെ കൈകോർക്കും. എന്റെ മണ്ഡലത്തിലെ 64 സ്‌ക്വയർ കിലോ മീറ്റർ കടലെടുത്തു. ഇതും ഭാരതത്തിന്റെ ഭൂമിയല്ലേ?. തങ്ങളെ ആരാണ് സംരക്ഷിക്കുകയെന്ന് ചോദിക്കുന്ന തീരദേശവാസികളെ കുറ്റപ്പെടുത്താനാകില്ല. എന്നാൽ തുറമുഖ നിർമ്മാണമാണ് തീരശോഷണത്തിന് കാരണമെന്ന അഭിപ്രായം ഇല്ല. തുറമുഖ നിർമ്മാണം അത്രയും പുരോഗമിച്ചിട്ടില്ല.' ശശി തരൂർ അഭിപ്രായപ്പെട്ടു.
തീരസംരക്ഷണത്തിനായി 3.1 കിലോ മീറ്റർ വരുന്ന ഹാർബർ നിർമ്മാണം ഒരു കിലോമീറ്റർ മാത്രമാണ് പൂർത്തീകരിച്ചതെന്നും തരൂർ വ്യക്തമാക്കി. 'കടൽക്ഷോഭം ഒരു യാഥാർത്ഥ്യമാണ്. വിഴിഞ്ഞം തുറമുഖ സമരസമിതിയുമായി ഇതിനകം സംസാരിച്ചിട്ടുണ്ട്. തുറമുഖ നിർമ്മാണം മന്ദഗതിയിലായതിന്റെ പേരിൽ ഒരേസമയം കേസുമായി മുന്നോട്ട് പോവുകയും പിന്നീട് അതേസർക്കാർ തന്നെ അവരോട് പണി നിർത്താനും പറയുന്നത് എങ്ങനെയാണ്.' സംസ്ഥാന സർക്കാരിന് വേണ്ടി സമരക്കാരുമായി സംസാരിക്കാൻ കഴിയില്ലെന്നും ശശി തരൂർ പറഞ്ഞു.
'ഡൽഹിയിലോ കേരളത്തിലോ തന്റെ പാർട്ടി അധികാരത്തിലില്ല. ജനപ്രതിനിധി എന്ന നിലയിലുള്ള സ്വാധീനവും ധാർമ്മിക അധികാരവും മാത്രമാണ് തനിക്കുള്ളത്. അതിനപ്പുറമുള്ള അധികാരം മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും മാത്രമാണ്.' അതുകൊണ്ട് പന്ത് അവരുടെ കോർട്ടിലേക്ക് ഇടാൻ മാത്രമെ തനിക്ക് കഴിയൂവെന്നും തരൂർ കൂട്ടിചേർത്തു.
മറുനാടന് മലയാളി ബ്യൂറോ