ന്യൂഡൽഹി: സുനന്ദാ പുഷ്‌കറുമായി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ഡൽഹി പൊലീസിനോട് ശശി തരൂർ സമ്മതിച്ചതായി സൂചന. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നാല് മണിക്കൂറാണ് ഡൽഹി പൊലീസ് തരൂരിനെ ചോദ്യം ചെയ്തത്. ശാന്തതയോടെയാണ് തരൂർ മറുപടി നൽകിയത്. 50 ചോദ്യങ്ങളാണ് അന്വേഷണ സംഘം തിരുവനന്തപുരം എംപിയോട് ചോദിച്ചത്. കേസിൽ ഇനിയും തരൂരിനെ ചോദ്യം ചെയ്യും.

വസന്ത് വിഹാർ പൊലീസ് സ്‌റ്റേഷനിൽ നാല് ഓഫീസർമാർ ചേർന്നാണ് തരൂരിനെ ചോദ്യം ചെയ്തത്. ഡി.സി.പി. പ്രേം നാഥ്, അഡീഷണൽ ഡി.സി.പി: പി.എസ്. കുഷ്‌വ, സീനിയർ ഇൻസ്‌പെക്ടർ രാജേന്ദർ സിങ്, അന്വേഷണ ഉദ്യോഗസ്ഥൻ വി.കെ.പി.എസ്. യാദവ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. സുനന്ദയുടെ ശരീരത്തിലെ മുറിവുകളെക്കുറിച്ചായിരുന്നു പ്രധാനമായി പൊലീസിന് അറിയേണ്ടിയിരുന്നത്. സുനന്ദയ്ക്കു ലൂപ്പസ് രോഗമുണ്ടായിരുന്നെന്ന വാദത്തിനു തെളിവും ആരാഞ്ഞു. ഐപിഎൽ വിവാദത്തെ കുറിച്ചും തരൂരിനോട് ചോദിച്ചു.

സുനന്ദയുടെ ശരീരത്തിലെ 15 മുറിവുകളെ കുറിച്ചുള്ള ചോദ്യവും ഉണ്ടായിരുന്നു. ഇതിനുള്ള മറുപടിയിലാണ് സുനന്ദയെ അടിച്ചിട്ടില്ലെന്നും എന്നാൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും വ്യക്തമാക്കിയത്. സുനന്ദയുടെ മരണം സ്വാഭാവികമാണെന്ന നിലപാട് തന്നെയാണ് മൊഴിയെടുക്കലിലും തരൂർ ആവർത്തിച്ചത്. കാത്തി എബ്രഹാമുമായുള്ഓള ബന്ധവും മെഹർ തരാറുമായുള്ള വിവാദവുമെല്ലാം ചോദ്യങ്ങളായെത്തി. ചിരിച്ചു കൊണ്ടാണ് എല്ലാത്തിനും മറുപടി നൽകിയത്.

തരൂരിന്റെ മൊഴി ഡൽഹി പൊലീസ് വിശകലനം ചെയ്യുകയാണ്. ഇനി ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യലുകൾ നടക്കും. തരൂരിന്റെ മൊഴിയിൽ പൊരുത്തക്കേട് ഉണ്ടോ എന്ന് പരിശോധിക്കാനാണ് ഇത്. വ്യക്തമായ തെളിവ് കിട്ടിയാലെ തരൂരിനെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്ക് പൊലീസ് തയ്യാറാകൂ. ശശി തരൂർ ചോദ്യം ചെയ്യലിനോട് പൂർണമായും സഹകരിച്ചുവെന്ന് ഡൽഹി പൊലീസ് കമ്മിഷണർ ബിഎസ് ബസി വ്യക്തമാക്കി. സുനന്ദ കൊല്ലപ്പെട്ട ദിവസത്തെ കാര്യങ്ങളാണ് കൂടുതലും ചോദിച്ചത്. ഐപിഎൽ അടക്കമുള്ള കാര്യങ്ങളും ചോദിച്ചുവെന്നും കമ്മിഷണർ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും ബി.എസ്.ബസി പറഞ്ഞു. ലഭിച്ച വിവരങ്ങൾ പരിശോധിച്ചതിനു ശേഷം അടുത്ത നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷണത്തിലൂടെയോ കുത്തിവയ്പിലൂടെയോ ആകാം വിഷം സുനന്ദയുടെ ഉള്ളിൽ ചെന്നതെന്നാണു പൊലീസ് നിഗമനം. ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങളും തരൂരിനു നേരിടേണ്ടിവന്നു. 2014 ജനുവരി 15 നു തരൂരിനൊപ്പം തിരുവനന്തപുരത്തേക്കു യാത്ര ചെയ്ത മുൻ മന്ത്രി മനീഷ് തിവാരിയെയും പൊലീസ് ചോദ്യം ചെയ്യുമെന്നാണു സൂചന. തരൂർ സുനന്ദ തർക്കത്തിന് ഇദ്ദേഹം സാക്ഷ്യം വഹിച്ചെന്നാണു മാദ്ധ്യമ റിപ്പോർട്ടുകൾ.

തിങ്കളാഴ്ച രാത്രി 8മണിക്കാരംഭിച്ച ചോദ്യം ചെയ്യൽ നാല് മണിക്കൂർ നീണ്ടു. ഓരോ ചോദ്യത്തിനും തരൂർ നൽകുന്ന മറുപടികൾ പൊലീസ് എഴുതി രേഖപ്പെടുത്തുന്നതോടൊപ്പം വീഡിയോയിലും ചിത്രീകരിച്ചു. കേസിലെ സാക്ഷികളെയും സംശയത്തിന്റെ നിഴലിലുള്ളവരെയും ചോദ്യം ചെയ്ത ശേഷമാണ് തരൂരിലേക്ക് പൊലീസ് എത്തിയത്. ദിവസങ്ങളായി ഡൽഹി വിട്ടു നിന്ന തരൂർ ഇന്നലെ ഉച്ചയ്ക്ക് ശേഷം ഡൽഹിയിൽ മടങ്ങിയെത്തിയപ്പോഴാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയത്.

ക്രിമിനൽ നടപടിക്രമം 160ാം ചട്ടപ്രകാരമാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയതെന്ന് പൊലീസ് കമ്മീഷണർ ബി.എസ് ബാസി പറഞ്ഞു. സുനന്ദ കൊലക്കേസ് അന്വേഷിക്കുന്നതിന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കേസിൽ ഉടൻ തന്നെ അന്വേഷണം പൂർത്തിയാക്കുമെന്ന് പൊലീസ് കമ്മീഷണർ ഇന്നലെ അറിയിച്ചു. കൊലയുമായി ബന്ധപ്പെട്ട് എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുകയാണ്. നിരവധി പേരെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. കൂടുതൽ പേരെ വരും ദിവസങ്ങളിലും ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്നും പൊലീസ് കമ്മീഷണർ പറഞ്ഞു.

ഡൽഹിയിൽ മടങ്ങിയെത്തിയ ശശി തരൂർ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകരുമായി കേസ് സംബന്ധിച്ച ചർച്ചകൾ ഇന്നലെ വൈകിട്ട് നടത്തി. മുൻകൂർ ജാമ്യം തേടേണ്ട സാഹചര്യം നിലവിലില്ലെന്നും കേസിൽ ഇതുവരെ പ്രതിചേർത്തിട്ടില്ലെന്നുമുള്ള നിയമോപദേശമാണ് തരൂരിന് ലഭിച്ചത്. കേസിൽ പൊലീസ് തയ്യാറാക്കിയിരിക്കുന്ന ചോദ്യാവലിക്ക് അനുയോജ്യമായ ഉത്തരങ്ങൾ തയ്യാറാക്കുന്നതിനായി അഭിഭാഷകരുടെ പ്രത്യേക യോഗവും നടത്തിയിരുന്നു.

ശശി തരൂർ എംപിയുടെ ഭാര്യയായ സുനന്ദ പുഷ്‌ക്കറിനെ കഴിഞ്ഞ വർഷം ജനുവരി 17നാണ് ഡൽഹിയിലെ ലീലാ പാലസ് ഹോട്ടലിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.