ന്യൂഡൽഹി: ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ തന്നെ പ്രതിസ്ഥാനത്തു നിർത്തി വാർത്തകൾ നല്കിയ റിപബ്ലിക് ടിവിയിലെ അർണാബ് ഗോസ്വാമിക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ. ഡൽഹി ഹൈക്കോടതിയിലാണ് കേസ് നല്കിയിരിക്കുന്നത്. അർണാബിന്റെ ദുഷ്പ്രചരണം കൊണ്ടു സഹികെട്ടുവെന്നു കേസ് നല്കിയകാര്യം സ്ഥിരീകരിച്ച് തരൂർ നല്കിയ ട്വീറ്റിൽ വ്യക്തമാക്കുന്നു.

2014 ജനുവരി 17ന് ഡൽഹിയിലെ ലീലാ ഹോട്ടലിൽ മരിച്ച നിലയിൽ കാണപ്പെട്ട സുനന്ദ കൊല്ലപ്പെടുകയാണെന്നാണ് റിപബ്ലിക് ടിവിയുടെ വാർത്തയിൽ ആരോപിച്ചത്. മെയ്‌ എട്ടിനാണ് ഇതു സംബന്ധിച്ച വാർത്ത വലിയ ബ്രേക്കിങ് ന്യൂസ് ആയി അർണാബ് പുറത്തുവിട്ടത്.

റപബ്ലിക് ടിവിയിലെ മാധ്യമപ്രവർത്തകയും തിരുവനന്തപുരം സ്വദേശിനിയുമായ പ്രേമ ശ്രീദേവിയുടെ റിപ്പോർട്ടിൻെ അടിസ്ഥാനത്തിലായിരുന്നു വാർത്ത. സുനന്ദയുമായും തരൂരിന്റെ സഹായി നാരായണനുമായും പ്രേമ ഫോണിൽ സംസാരിച്ചതിന്റെ ടേപ്പുകളാണ് റിപ്പോർട്ടിന് അടിസ്ഥാനം. ഇത്തരം 19 ടേപ്പുകൾ രണ്ടു ദിവസംകൊണ്ട് ചാനൽ പുറത്തുവിട്ടു.

307ാം നമ്പർ മുറിയിൽ താമസിച്ചിരുന്ന സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത് 347ാം നമ്പർ മുറിയിൽനിന്നാണെന്ന് കണ്ടെത്തിയെന്നാണ് റിപ്പോർട്ടിൽ ആരോപിച്ചത്. അതേസമയം ഈ ടേപ്പുകൾ തങ്ങളുടെ ചാനലിൽ പ്രവർത്തിക്കവേ അർണാബും പ്രേമയും ചേർന്നു മോഷ്ടിച്ചതാണെന്നു ചൂണ്ടിക്കാട്ടി ടൈംസ് നൗ ചാനലും പൊലീസിൽ പരാതി നല്കുകയുണ്ടായി.

റിപബ്ലിക് ടിവിയുടെ ആരോപണത്തിൽ കടുത്ത ഭാഷയിലാണ് തരൂർ പ്രതികരിച്ചത്. ആരോപണങ്ങൾ കോടതിയിൽ തെളിയിക്കാനും അദ്ദേഹം വെല്ലുവിളിച്ചു. പ്രതികരണമായി നടത്തിയ ട്വീറ്റിൽ തരൂർ പ്രയോഗിച്ച കടുകട്ടി ഇംഗ്ലീഷും സോഷ്യൽ മീഡിയയിൽ ചർച്ചയായി.