തിരുവനന്തപുരം: ശാസ്തമംഗലത്തിൽ അമ്മയും മകനും പിതാവും അടക്കം ഒരു കുടുംബം മുഴുവൻ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ചുള്ള ദുരൂഹത മാറുന്നില്ല. തങ്ങൾ ആത്മഹത്യ ചെയ്യാൻ പോകുകയാണ് എന്നു പൊലീസിനെ അറിയിച്ച ശേഷമായിരുന്നു ഇവർ മരിച്ചത്. പൊലീസ് എത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

ഈ സമയം മൃതദേഹത്തിനു ഒരു ദിവസം പഴക്കമുണ്ടായിരുന്നു എന്നു പറയുന്നു. മരണാനന്തര ചടങ്ങുകൾക്കുള്ള പണവും ഇവർ വീട്ടിൽ കരുതിരുന്നു. മരിച്ച് വിവരം അറിയിക്കാനായി ബന്ധുവിന്റെ ഒരു നമ്പറും പൊലീസിനു നൽകിയ കത്തിൽ ഉൾപ്പെടുത്തിട്ടുണ്ട്. മൂന്നു മുറികളിലായി ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൂന്നു പേരും. മകന്റെ മൃതദേഹത്തിന് ഒരു ദിവസം കൂടുതൽ പഴക്കമുണ്ട് എന്നാണു പ്രാഥമിക നിഗമനം. മകന്റെ മരണത്തിൽ മനംനൊന്ത് മാതാപിതാക്കൾ മരിക്കുകയായിരുന്നു എന്നും ചില റിപ്പോർട്ടുകൾ പുറത്ത് വന്നത്. എന്നാൽ ശരീരത്തിൽ അസ്വഭാവികാമായ ചതവുകളൊ മുറിവുകളോ ഉണ്ടായിരുന്നില്ല. മൂൻകൂട്ടി തീരുമാനിച്ച രീതിയിൽ നടന്ന കൂട്ട് ആത്മഹത്യയാണ് എന്നും നിഗമനം ഉണ്ട്. ഇതിനിടെ പുതിയൊരു ട്വിസ്റ്റ് കേസിന് വരികയാണ്.

മരിച്ച കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന തിരുനെൽവേലി സ്വദേശിയായ ജ്യോത്സ്യൻ ആനന്ദിനെ (57) പൊലീസ് ചോദ്യം ചെയ്തു. പല സംശയങ്ങളും അവശേഷിപ്പിച്ചാണ് കേസ് അന്വേഷണം മുന്നോട്ട് പോകുന്നത്. ശാസ്തമംഗലം പണിക്കേഴ്‌സ് ലെയിൻ വനമാലിയിലെ താമസക്കാരായ സുകുമാരൻനായരെയും കുടുംബത്തെയുമാണ് കഴിഞ്ഞ ശനിയാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്വത്തുവകകളെല്ലാം ആനന്ദിന്റെ പേർക്ക് എഴുതിവച്ച സമ്മതപത്രവും വിവരം ഇയാളെ അറിയിക്കണെമെന്നുള്ള കത്തും ഇവരുടെ വീട്ടിൽ നിന്നും ലഭിച്ചു. കത്തിലുണ്ടായിരുന്ന ഫോൺ നമ്പരുപയോഗിച്ചാണ് ആനന്ദിനെ വിളിച്ചു വരുത്തിയത്. ഏത് സാഹചര്യത്തിലാണ് സ്വത്ത് ആനന്ദന് എഴുതി വച്ചതെന്നാണ് പൊലീസ് പരിശോദിക്കുന്നത്.

സുകുമാരൻ നായരുടെ ഭാര്യ ആനന്ദവല്ലിയുടെ പേരിലുള്ളതാണ് ശാസ്തമംഗലത്തെ നാലുസെന്റ് വീടും സ്ഥലവും. എന്നാൽ ഇതൊക്കെ തന്റെ പേർക്ക് എഴുതിവച്ച കാര്യം അറിയില്ലെന്നാണ് ജ്യോത്സ്യൻ പറഞ്ഞത്. ജ്യോത്സ്യന്റെ വീട്ടിലെ വിശേഷ വേളകളിൽ സുകുമാരൻ നായരും കുടുംബവും പങ്കെടുത്തതിന്റെ വീഡിയോദൃശ്യങ്ങളും ആനന്ദൻ പൊലീസിനെ കാണിച്ചു. ആന്ദന്റെ മൊഴിയിൽ ഏറെ വൈരുദ്ധ്യം ഉണ്ട്. ഈ വീട്ടിൽ മന്ത്രവാദവും പൂജകളും അർദ്ധ രാത്രിവരെ നീണ്ടിരുന്നു. ഇതിന് പിന്നിൽ ആനന്ദന്റെ ഇടപെടലാണെന്നാണ് പൊലീസ് കരുതുന്നത്. അതുകൊണ്ട് കൂടിയാണ് ആത്മഹത്യയിലെ സത്യം കണ്ടെത്താൻ പൊലീസ് ആനന്ദനെ ചോദ്്യം ചെയ്യുന്നത്.

2015 നു തന്നെ സുകുമാരൻ സമ്മതപത്രം എഴുതിവച്ചന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം പകുതിയോടെയാണ് ഇവർ അവസാനമായി തിരുനൽവേലിയിൽ പോയത്. അന്ന് അവിടെ ഒരു സ്യൂട്ടികെയ്‌സ് മറന്നു വച്ചു. ഇക്കാര്യം ജ്യോത്സ്യൻ വിളിച്ചു പറഞ്ഞപ്പോൾ കുറച്ചു പേപ്പർ മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നായിരുന്നു മറുപടി. അതിൽ സമ്മതപത്രത്തിന്റെ കോപ്പി ഉണ്ടായിരുന്നതായി പൊലീസിന് വിവരംലഭിച്ചു. അന്നത്തെ സന്ദർശന ശേഷം കുറച്ചു ദിവസം നഗരത്തിലെ ഒരു ലോഡ്ജിൽ തങ്ങിയ ശേഷമാണ് ഇവർ സ്വന്തം വീട്ടിലെത്തിയത്. ഇതിന്റെ പിന്നിലെ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ ആറു വർഷത്തെ പരിചയമാണ് ജ്യോത്സ്യനുമായി ഇവർക്കുണ്ടായിരുന്നത്. ഇടയ്ക്കിടയ്ക്ക് കന്യാകുമാരിയിൽ പോകുമായിരുന്ന സുകുമാരൻ നായരും കുടുംബവും ഒരു പരസ്യബോർഡിലെ ഫോൺ നമ്പർ കണ്ടാണ് ജ്യോത്സ്യനെ വിളിക്കുന്നത്. ജ്യോത്സ്യന്റെ പ്രവചനങ്ങൾ ഫലിച്ചതോടെ വിശ്വാസം കൂടി. സുകുമാരൻ നായരുടെ മകൻ സനാതനൻ 49 വയസിലേ വിവാഹം കഴിക്കാവൂ എന്ന് ജ്യോത്സ്യൻ ഉപദേശിച്ചിരുന്നു. അതോടെ സനാതനൻ ബ്രഹ്മചാരിയാകാൻ തീരമാനിക്കുകയായിരുന്നു. പ്‌ളസ്-ടുവരെ സ്‌കൂളിൽ പഠിച്ച സനാതനൻ സി.എ വരെ പഠിച്ചത് കറസ്‌പോണ്ടൻസ് കോഴ്‌സുകൾ മുഖേനയാണ്. ജ്യോത്സ്യനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുമെന്ന് മ്യൂസിയം സി.ഐ വി. പ്രശാന്ത് പറഞ്ഞു.

കണ്ണിന്റെ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന സനാതനൻ വീട്ടിൽ മാതാപിതാക്കളില്ലാത്ത സമയത്ത് ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനവും പൊലീസിനുണ്ട്. സുകുമാരൻനായരും ആനന്ദവല്ലിയും മകൻ മരിച്ച വിവരം അറിഞ്ഞതിന്റെ മനോവിഷമത്തിൽ ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹങ്ങളിൽ മുറിവുകളൊ ചതവുകളൊ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സ്റ്റേഷനിലേക്ക് കത്ത് അയച്ച ശേഷമാണ് സുകുമാരൻനായരും ആനന്ദവല്ലിയും തൂങ്ങിമരിച്ചത്. പ്രദേശവാസികളുമായും ബന്ധുക്കളുമായി വലിയ അടുപ്പം ഈ കുടുംബം പുലർത്തിയിരുന്നില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പൊലീസിൽ നൽകിയ മൊഴി.

പൂജാമന്ത്രിവാദങ്ങളിൽ ഈ കുടുംബാംഗങ്ങൾ ഏറെ താൽപ്പര്യം പ്രകടപ്പിച്ചിരുന്നുവെന്നും കന്യാകുമാരിയിലെ ഒരു ആശ്രമത്തിലെ സ്വാമിയുമായുള്ള അടുപ്പത്തെക്കുറിച്ചുള്ള കാര്യങ്ങളും ഇവരുടെ ആത്മഹത്യകുറിപ്പിലുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മ്യൂസിയം സിഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കൂട്ട ആത്മഹത്യയെ കുറിച്ച് അന്വേഷിക്കുന്നത്.