പത്തനംതിട്ട: സംസ്ഥാനത്ത് ഷവർമ്മ നിർമ്മാണത്തിന് ഏകീകൃത മാനദണ്ഡം കൊണ്ടു വരുമെന്ന് ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ്ജ്. കാസറഗോഡ് ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് പതിനഞ്ചുകാരിക്ക് മരണം സംഭവിച്ച വിഷയത്തിൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണറോട് രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നൽകുന്ന റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യത്തിൽ സർക്കാർ ഉത്തരവ് ഇറക്കുമെന്നും ആരോഗ്യമന്ത്രി ചൂണ്ടാക്കാട്ടി.

അതേസമയം, ആശുപത്രിയിൽ ചികിൽസയിലുള്ള കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്. കുട്ടികൾക്ക് ചികിൽസ സൗജന്യമാക്കുമെന്നും മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അതിനിടെ, ചെറുവത്തൂരിൽ ഷവർമ കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കൂൾബാറിലേക്ക് ഇറച്ചി നൽകിയ കോഴിക്കടയ്ക്ക് എതിരെയും നടപടി. കുട്ടികൾ ഭക്ഷണം കഴിച്ച ഐഡിയൽ കൂൾബാറിലേക്ക് ഇറച്ചി നൽകിയ കടയ്ക്ക് എതിരെയാണ് നടപടി. കോഴിക്കടയ്ക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയതോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കട അടപ്പിച്ചു. റെയിൽവേ സ്റ്റേഷൻ റോഡിലെ ബദരിയ എന്ന കടയാണ് ഭക്ഷ്യ സുരക്ഷ വകുപ്പ്് അടപ്പിച്ചത്.

ഷവർമ കഴിച്ച് വിദ്യാർത്ഥി മരിക്കാനിടയായ പശ്ചാത്തലത്തിൽ ആയിരുന്നു ഭക്ഷ്യ വകുപ്പിന്റെ പരിശോധന നടന്നത്. ചെറുവത്തൂരിലെ മുഴുവൻ ഷവർമ കടകളിലും കോഴിക്കടകളിലും വകുപ്പ് പരിശോധന നടത്തി. കുട്ടികൾ ഷവർമ കഴിച്ച കൂൾബാറിനും പ്രവർത്തനാനുമതിയില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ സ്ഥാപനത്തിന് എതിരെ കല്ലേറുണ്ടാകുകയും ഇവരുടെ വാഹനം കത്തിക്കുകയും ചെയ്യുന്ന നിലയിലേക്ക് പ്രതിഷേധവും ഉയർന്നിരുന്നു.കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് കണ്ണൂർ ചെറുവള്ളൂർ സ്വദേശിനി പതിനാറുകാരി ദേവനന്ദ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചത്. അവശ്യനിലയിലായ 30 പേർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും 2 പേർ ചെറുവത്തൂർ ആരോഗ്യ കേന്ദ്രത്തിലും ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില ത്യപ്തികരമാണ്.

അതേസമയം പെൺകുട്ടി മരിച്ച സംഭവത്തിൽ ഹോട്ടലുടമയെയും പ്രതിയാക്കി കേസെടുത്തു. ദേവനന്ദയുടെ മരണത്തിൽ ഐഡിയൽ ഫുഡ് പോയന്റ് ഉടമയായ കാലിക്കടവ് സ്വദേശി പിലാവളപ്പിൽ കുഞ്ഞഹമ്മദിനെയാണ് പ്രതി ചേർത്തത്. കേസിൽ നാലാം പ്രതിയാണ് കുഞ്ഞഹമ്മദ്. സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആശുപത്രിയിലായവർ ഷവർമ്മ കഴിഞ്ഞ ഐഡിയൽ ഫുഡ് പോയിന്റ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണർ മുല്ലോളി അനെക്‌സ്ഗർ. ഷവർമ്മ തയ്യാറാക്കുന്ന നേപ്പാൾ സ്വദേശി സന്ദേശ് റായ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെറുവത്തൂർ ബസ് സ്റ്റാന്റ് പരിസരത്തെ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഷവർമയിൽ ഉപയോഗിച്ച പഴകിയ മയോണൈസാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കട പൂട്ടി സീൽ ചെയ്തിട്ടുണ്ട്. 2012 ലാണ് സംസ്ഥാനത്ത് ഷവർമ കഴിച്ചതിനെ തുടർന്നുള്ള വിഷബാധ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരം വഴുതക്കാടുള്ള ഹോട്ടലിൽ നിന്ന് ഷവർമ്മ വാങ്ങി കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചതെന്ന പരാതിയാണ് അന്ന് വലിയ ചർച്ചയായത്. 2012 ജുലൈ 10ന് ബെംഗ്ലൂരുവിലെ ലോഡ്ജിൽ 21കരനായ സച്ചിൻ റോയ് മാത്യു മരിച്ചത് വലിയ വിവാദമാണുണ്ടാക്കിയത്. വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ചത് മൂലമുള്ള ഭക്ഷ്യവിഷബാധയാണ് കാരണമെന്നായിരുന്നു പരാതി.

ഇതേ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ച പത്തിലധികം പേർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഹോട്ടലുടമയെ അറസ്റ്റ് ചെയ്തിരുന്നു. മലയാളികൾക്കിടയിൽ പ്രിയങ്കരമായികൊണ്ടിരുന്ന ഷവർമ സംശയമുനയിലാകുന്നത് ഇതോടെയാണ്. യുവാവിന്റെ മരണത്തോടെ ഫുഡ് സേഫ്റ്റി കമ്മീഷണർ അന്വേഷണത്തിനും വ്യാപക പരിശോധനയ്ക്കും ഉത്തരവിട്ടു.സംസ്ഥാനവ്യാപകമായി നടന്ന റെയ്ഡിൽ ആയിരത്തിലധികം ഭക്ഷ്യശാലകളിൽ പരിശോധന നടത്തി. തീർത്തും മോശാന്തരീക്ഷത്തിൽ പ്രവർത്തിച്ചിരുന്ന 50 സ്ഥാപനങ്ങൾ അടപ്പിച്ചു. നാനൂറിലേറെ കേന്ദ്രങ്ങൾക്ക് നോട്ടീസ് നൽകി.

കൊച്ചിയിൽ അടക്കം പല സ്ഥലങ്ങളിലും ഷവർമയ്ക്ക് താത്കാലിക നിരോധനമുണ്ടായി. ഭക്ഷ്യശാലകളെ കറിച്ച് പരാതികൾ നേരിട്ട് അറിയിക്കുന്നതിനായി ഹെൽപ്ലൈൻ സംവിധാനങ്ങൾ ഒരുക്കി. ഭക്ഷ്യസുരക്ഷാ നിയമം കർശനമായി നടപ്പിലാക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും സർക്കാർ ആവർത്തിച്ചു. പക്ഷെ പിന്നീടിങ്ങോട്ടുള്ള വർഷങ്ങളിലെല്ലാം ഷവർമ്മ കഴിച്ചതിനെ തുടർന്നുള്ള ഭക്ഷ്യവിഷബാധ സ്ഥിരം വാർത്തയായിരുന്നു.