- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുലക്കുരു ഒറ്റമൂലി അറിയാൻ മൈസൂരുവിൽ നിന്ന് തട്ടിക്കൊണ്ടു വന്നു; നാട്ടുവൈദ്യനെ പീഡിപ്പിച്ച് കൊന്ന് വെട്ടിനുറുക്കി ചാലിയാറിൽ എറിഞ്ഞു; സഹായികൾക്ക് പണം നൽകാത്തത് മോഷണമായി; സെക്രട്ടറിയേറ്റിലെ ആത്മഹത്യാ ശ്രമം പ്രവാസി മുതലാളി തള്ളി പറഞ്ഞു; പിന്നാലെ പുറത്തു വന്നത് ആ വീഡിയോ; ഷൈബിൻ അഷ്‌റഫ് കൈപ്പഞ്ചേരി കുടുങ്ങുമ്പോൾ
നിലമ്പൂർ: കവർച്ചക്കേസിലെ പരാതിക്കാരനെ കുടുക്കി പ്രതിയുടെ മൊഴി. അങ്ങനെ കൊലപാതകക്കേസിൽ ഒന്നാം പ്രതിയായി പരാതിക്കാരൻ മാറി.. സുഹൃത്തുക്കൾ വീട്ടിൽ മോഷണം നടത്തിയെന്നു പരാതിപ്പെട്ടതാണ് വഴിത്തിരിവായത്. ഇതോടെ നിലമ്പൂർ മുക്കട്ടയിലെ പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിൻ അഷ്‌റഫ് കുടുങ്ങി. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യമറിയുന്നതിനുവേണ്ടി നാട്ടുവൈദ്യൻ ഷാബാ ശെരീഫിനെ (60) 2019 ഓഗസ്റ്റിൽ ഷൈബിൻ തട്ടിക്കൊണ്ടുവന്നു. പിന്നീട് കൊന്നുവെന്നാണ് പൊലീസിന് ലഭിച്ച മൊഴി.
മൈസൂരുവിലെ നാട്ടുവൈദ്യനെ ഇയാൾ ഒരുവർഷത്തിലേറെ വീട്ടിൽ തടവിലിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കി ചാലിയാർ പുഴയിൽ തള്ളിയതായാണ് മോഷണ കേസിൽ പിടിച്ച പ്രതി നൽകിയ മൊഴി. ഷൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. വീട്ടിൽ കവർച്ച നടത്തിയതിന് അറസ്റ്റിലായ, ഇയാളുടെ സുഹൃത്തുക്കൾ കൂടിയായ പ്രതികളാണ് ഇത് പൊലീസിനോട് പറഞ്ഞത്. അങ്ങനെ മോഷണക്കേസ് അപ്രതീക്ഷിതമായി കൊലക്കേസായി.
മൈസൂരു രാജീവ് നഗറിൽ ചികിത്സ നടത്തിയിരുന്നയാളാണ് ഷാബാ. ഒറ്റമൂലി മനസ്സിലാക്കി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം. തന്റെ വീടിന്റെ ഒന്നാംനിലയിൽ പ്രത്യേകം മുറി തയ്യാറാക്കി ചങ്ങലയിൽ ബന്ധിച്ച് തടവിൽ താമസിപ്പിച്ചു. ഒരു വർഷമായിട്ടും രഹസ്യം കിട്ടിയില്ല. ഇതോടെ കൊലപാതകം നടത്തി.
2020 ഒക്ടോബറിൽ ഷൈബിന്റെ നേതൃത്വത്തിൽ മർദിച്ചും മുഖത്തേക്ക് സാനിറ്റൈസർ അടിച്ചും ഇരുമ്പുപൈപ്പുകൊണ്ട് കാലിൽ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടെ ഷാബാ കൊല്ലപ്പെട്ടു. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി ചാലിയാർ പുഴയിൽ തള്ളി. രണ്ടുവർഷം പിന്നിട്ടതിനാൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുക പ്രയാസമായിരിക്കുമെന്ന് പൊലീസ് പറയുന്നു.
വയനാട് സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദ്ദീൻ (36), കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് (41), ഡ്രൈവർ നിലമ്പൂർ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരുടെ സഹായത്തോടെയാണ് മൃതദേഹം മുറിച്ച് കഷണങ്ങളാക്കിയത്. പീഡിപ്പിക്കാനും മൃതദേഹം പുഴയിൽ തള്ളാനും സഹായിച്ച സുഹൃത്തുക്കൾക്ക് ഷൈബിൻ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അവരെ പറഞ്ഞു പറ്റിച്ചു. അങ്ങനെയാണ് മോഷണം നടത്തുന്നത്.
മോഷണ കേസിൽ ഏപ്രിൽ 24-ന് ഷൈബിൻ നിലമ്പൂർ പൊലീസിൽ പരാതിനൽകി. ഈ കേസിൽ നൗഷാദിനെ പൊലീസ് അറസ്റ്റുചെയ്തു. മറ്റുള്ളവർക്കുവേണ്ടി അന്വേഷണം നടക്കുന്നതിനിടെ പ്രതികൾ ഏപ്രിൽ 29-ന് സെക്രട്ടേറിയറ്റിനു മുൻപിൽ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തി. പിന്നെ സത്യം പറഞ്ഞു. ''നീതി കിട്ടുന്നില്ല, ഞങ്ങളെക്കൊണ്ട് ഷൈബിൻ കൊലപാതകം ചെയ്യിച്ചിട്ടുണ്ട്'' എന്നു പറഞ്ഞായിരുന്നു ആത്മഹത്യാശ്രമം. ഇവരെ കസ്റ്റഡിയിലെടുത്ത കന്റോൺമെന്റ് പൊലീസ്, നിലമ്പൂർ പൊലീസിന് കൈമാറി.
ഇവരെയും നൗഷാദിനെയും ചേർത്ത് ചോദ്യംചെയ്തപ്പോഴാണ് കൊലപാതകം തെളിഞ്ഞത്. ഷാബാ ശെരീഫിനെ കാണാതായപ്പോൾ ബന്ധുക്കൾ മൈസൂരു പൊലീസിൽ പരാതിനൽകിയിരുന്നു. ഷാബായെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പെൻഡ്രൈവിലാക്കി സുഹൃത്തുക്കൾ സൂക്ഷിച്ചിരുന്നു. ഈ ദൃശ്യങ്ങൾ ഇവർ പൊലീസിനു കൈമാറി. ബന്ധുക്കളെ കാട്ടി ഇത് ഷാബാ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതിന് ശേഷമാണ് വിവരം പുറത്തു വിട്ടത്.
തിരുവനന്തപുരത്ത് ആത്മഹത്യ ശ്രമത്തിനിടെ പിടിയിലായ യുവാക്കളുടെ വെളിപ്പെടുത്തലും പരാതിയും ഗൂഢാലോചനയുടെ ഭാഗമാണന്ന് ഷൈബിൻ അഷ്‌റഫ് കൈപ്പഞ്ചേരി നേരത്തെ നിഷേധിച്ചിരുന്നു. താൻ നേതാവായ ക്രിമിനൽ സംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ചവരാണന്നും ഒന്നിലേറെ കൊലപാതങ്ങളെക്കുറിച്ച് വ്യക്തമായ തെളിവുകളുണ്ടെന്നുമുള്ള യുവാക്കളുടെ പരാതി കള്ളമാണ്. 2020ൽ അബുദാബിയിൽ വച്ച് വ്യാപാര പങ്കാളിയായ മുക്കം സ്വദേശി ഹാരിസും ഒപ്പമുണ്ടായിരുന്ന സ്ത്രീയും മരിച്ച കേസാണ് തന്റെ മേൽ കെട്ടി വയ്ക്കാൻ ശ്രമിക്കുന്നത്.
കൊല്ലപ്പെട്ട സ്ത്രീയെ അപായപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്തതിന് തെളിവായി പോസ്റ്റുമോർട്ടം റിപ്പോർട്ടുണ്ട്. സെക്രട്ടേറിയറ്റ് പടിക്കൽ ആത്മഹത്യക്ക് ശ്രമിച്ച നൗഷാദ് അടക്കമുള്ളവർ തന്നെ ബന്ധിയാക്കിയ ശേഷം ദേഹത്ത് കത്തി വച്ചാണ് 7 ലക്ഷം രൂപ കവർന്നത്. തന്റെ പേരിലുള്ള 3 സ്ഥലങ്ങളിലെ ഭൂമിയുടെ ആധാരം സംഘം ആവശ്യപ്പെട്ടു. തനിക്കൊപ്പം ജോലിക്കാരായി പ്രവർത്തിച്ചവരും അറിയുന്നവരുമാണ് ആക്രമിച്ചതും ആത്മഹത്യാഭീഷണി മുഴക്കിയതും. വീട്ടിൽ കൂടുതൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് ബന്ധിയാക്കി പണം കവരാനെത്തിയതെന്നും ഷൈബിൻ അഷ്‌റഫ് പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ