- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീധനം നൽകിയ പത്ത് പവനും ധൂർത്തടിച്ചു തീർത്തു; അപസ്മാരത്തെ മനോരാഗമാക്കി പീഡിപ്പിച്ചു; താലികെട്ടി മാസങ്ങളായിട്ടും കല്ല്യാണം രജിസ്റ്റർ ചെയ്യാതെ കള്ളക്കളി തുടർന്നു; മകളുടെ മരണത്തിൽ നീതി തേടി വിജയമ്മ; പാലോട്ടെ ആത്മഹത്യയിൽ കേസെടുക്കാതെ കള്ളക്കളിയുമായി പൊലീസും
തിരുവനന്തപുരം: സ്ത്രീ പീഡനത്തിന് പുതിയൊരു രക്തസാക്ഷി കൂടി. വിവാഹം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാകും മുമ്പേയാണ് ഷീബ സ്വയം ജീവനൊടുക്കിയത്. നെടുമങ്ങാട് പെരിങ്ങമ്മലയിലാണ് സംഭവം. മകളുടെ മരണശേഷമാണ് ഭർതൃഗൃഹത്തിൽ മകൾ അനുഭവിക്കേണ്ടി വന്ന പീഡനങ്ങൾ വീട്ടുകാർ അറിയുന്നത്. അതും മരണക്കുറിപ്പിന്റെ രൂപത്തിൽ തുണ്ടു കടലാസിൽ. സ്ത്രീധനമായി നൽകിയ സ്വർണവും പണവും ഈടാക്കിയശേഷം മനോരോഗിയെന്ന് മുദ്രകുത്തി ഭർത്താവ് ഉപേക്ഷിച്ചതിൽ മനംനൊന്താണ് ഷീബ ആത്മഹത്യ ചെയ്തത്. ആത്മഹത്യാ കുറിപ്പിൽ കണ്ണീരു കലർത്തി ഷീബ എഴുതി. മകൾ അനുഭവിച്ച് പീഡനങ്ങളും കഷ്ടപ്പാടുകളും വീട്ടുകാർ അറിയാൻ ഒരല്പം വൈകിപോയി. മകളുടെ ആത്മഹത്യക്ക് കാരണമായ സംഭവങ്ങളെപ്പറ്റി വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതികൾ സമർപ്പിച്ചിരിക്കുകയാണ് വീട്ടുകാർ. നീതിക്ക് വേണ്ടി ഏതറ്റം വരെ പോകുമെന്നും അവർ പറയുന്നു. മകളുടെ വേർപാട് ഇപ്പോഴും ഉൾകൊള്ളാൻ വീട്ടുകാർക്ക് സാധിക്കുന്നില്ല്. വീട്ടമ്മയായ വിജയമ്മയുടെയും വെൽഡിങ് വർക്കു ഷോപ്പ് ജീവനക്കാരനായ മുരളീധരൻ ആചാര
തിരുവനന്തപുരം: സ്ത്രീ പീഡനത്തിന് പുതിയൊരു രക്തസാക്ഷി കൂടി. വിവാഹം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാകും മുമ്പേയാണ് ഷീബ സ്വയം ജീവനൊടുക്കിയത്. നെടുമങ്ങാട് പെരിങ്ങമ്മലയിലാണ് സംഭവം. മകളുടെ മരണശേഷമാണ് ഭർതൃഗൃഹത്തിൽ മകൾ അനുഭവിക്കേണ്ടി വന്ന പീഡനങ്ങൾ വീട്ടുകാർ അറിയുന്നത്. അതും മരണക്കുറിപ്പിന്റെ രൂപത്തിൽ തുണ്ടു കടലാസിൽ. സ്ത്രീധനമായി നൽകിയ സ്വർണവും പണവും ഈടാക്കിയശേഷം മനോരോഗിയെന്ന് മുദ്രകുത്തി ഭർത്താവ് ഉപേക്ഷിച്ചതിൽ മനംനൊന്താണ് ഷീബ ആത്മഹത്യ ചെയ്തത്. ആത്മഹത്യാ കുറിപ്പിൽ കണ്ണീരു കലർത്തി ഷീബ എഴുതി. മകൾ അനുഭവിച്ച് പീഡനങ്ങളും കഷ്ടപ്പാടുകളും വീട്ടുകാർ അറിയാൻ ഒരല്പം വൈകിപോയി. മകളുടെ ആത്മഹത്യക്ക് കാരണമായ സംഭവങ്ങളെപ്പറ്റി വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതികൾ സമർപ്പിച്ചിരിക്കുകയാണ് വീട്ടുകാർ. നീതിക്ക് വേണ്ടി ഏതറ്റം വരെ പോകുമെന്നും അവർ പറയുന്നു.
മകളുടെ വേർപാട് ഇപ്പോഴും ഉൾകൊള്ളാൻ വീട്ടുകാർക്ക് സാധിക്കുന്നില്ല്. വീട്ടമ്മയായ വിജയമ്മയുടെയും വെൽഡിങ് വർക്കു ഷോപ്പ് ജീവനക്കാരനായ മുരളീധരൻ ആചാരിയുടെയും മൂന്നു മക്കളിൽ ഇളയതായിരുന്നു ഷീബ. പത്താംക്‌ളാസ് വരെ പഠിച്ച ഷീബയെ കഴിഞ്ഞ സെപ്റ്റംബർ 14നാണ് ചിതറ സ്വദേശി വിജയന് വിവാഹം ചെയ്തു നൽകിയത്. മാന്തുരുത്തി മാടൻ തമ്പുരാൻ ക്ഷേത്രത്തിലായിരുന്നു വിവാഹം. ടാപ്പിങ് തൊഴിലാളിയായിരുന്ന വിജയന് പത്തുപവൻ സ്വർണവും ഒരു ലക്ഷം രൂപയും സ്ത്രീധനമായി നൽകിയാണ് വിജയമ്മ മകളെ വിവാഹം ചെയ്തു നൽകിയത്.
വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മുരളീധരൻ ആചാരി വിജയമ്മയെയും മക്കളെയും ഉപേക്ഷിച്ചതാണ്. രണ്ടാൺമക്കളും വീട്ടമ്മയായ വിജയമ്മയും കഷ്ടപ്പെട്ടാണ് മകളുടെ വിവാഹം നടത്തിയത്. ഓരോരോ ആവശ്യങ്ങൾ പറഞ്ഞ് ഷീബയുടെ ആഭരണങ്ങൾ കഴിഞ്ഞ പത്തുമാസങ്ങൾക്കുള്ളിൽ പലപ്പോഴായി വിറ്റ വിജയൻ പണമായി നൽകിയ രണ്ട് ലക്ഷം രൂപയും ചെലവഴിച്ചു. സ്വന്തമായി ബൈക്ക് വാങ്ങാനും ആർഭാടങ്ങൾക്കും പണം ചെലവഴിച്ച ഇയാൾ കുടുംബ വീട്ടിലോ വസ്തുവിലോ ഷീബയ്ക്ക് യാതൊരുവിധ അവകാശങ്ങളും നൽകിയിരുന്നില്ല. പണവും സ്വർണവും തീർന്നതോടെ ഷീബയെ വേണ്ടെന്ന് വന്നതാണ് വിജയൻ അവളെ ഉപേക്ഷിക്കാനും തുടർന്ന് ആത്മഹത്യയിലേക്കും വഴിതെളിച്ചതെന്നാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് മന്ത്രിക്കും ഇവർ നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
വിജയന്റെ വീട്ടുകാരും സഹോദരിമാരും ഷീബയെ വന്നുകണ്ട് ഇഷ്ടപ്പെട്ടാണ് വിവാഹം ഉറപ്പിച്ചത്. കുട്ടിക്കാലം മുതൽ വല്ലപ്പോഴും ഷീബയ്ക്ക് അപസ്മാരം വരാറുണ്ടായിരുന്നു. വിവാഹത്തിന് മുമ്പ് വീട്ടുകാർ ഇക്കാര്യം വിജയനോടും കുടുംബത്തോടും പറയുകയും ചെയ്തു. രോഗത്തിന് മരുന്ന് കഴിച്ചുകൊണ്ടിരുന്ന ഷീബ വിവാഹശേഷവും അത് തുടർന്നു. എന്നാൽ ഷീബ മനോരോഗിയാണെന്നും അതിനുള്ള മരുന്നാണ് കഴിക്കുന്നതെന്നും വിജയനും കുടുംബവും നിരന്തരം ആക്ഷേപിക്കുന്നത് ഷീബയെ മാനസികമായി തളർത്തി. വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യാനും ഇയാൾ കൂട്ടാക്കിയില്ല. വിവാഹം രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട വീട്ടുകാരോട് ഓരോരോ ഒഴിവുകഴിവുകൾ പറഞ്ഞ് രക്ഷപ്പെട്ട വിജയൻ ഇതിനെതിരെ പ്രതികരിച്ച ഷീബയുടെ മാതാവിനോടും ബന്ധുക്കളോടും മോശമായാണ് പലപ്പോഴും പെരുമാറിയത്.
വിവാഹം രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ രൂക്ഷമായതോടെ വിജയൻ നിരന്തരം ഷീബയെ മർദ്ദിക്കാനും മാനസികമായി പീഡിപ്പിക്കാനും തുടങ്ങിയതായി ബന്ധുക്കൾ ആരോപിച്ചു. ആഹാരം നൽകാതെ വിജയനും വീട്ടുകാരും പലതരത്തിൽ മാനസികമായി തളർത്തിയെന്നാണ് ഉന്നത പൊലീസുദ്യോഗസ്ഥർക്ക് വിജയമ്മ നൽകിയിട്ടുള്ള പരാതി. ഷീബയെ കഴിഞ്ഞ ജനുവരിയിൽ അവളുടെ വീട്ടിൽകൊണ്ടാക്കിയ വിജയൻ പിന്നീട് തിരിഞ്ഞുനോക്കിയില്ല. തുടർന്ന് കുടുംബകോടതിയിൽ ഷീബ നൽകിയ പരാതി കോടതി പലതവണ പരിഗണിച്ചെങ്കിലും വിജയൻ ഹാജരായില്ല. ഒടുവിൽ വാറന്റാകുമെന്ന ഘട്ടം വന്നപ്പോൾ ഓഗസ്റ്റ് 10ന് ഇയാൾ ഷീബയ്‌ക്കൊപ്പം കൗൺസലിംഗിന് ഹാജരായെങ്കിലും അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.
കോടതിമുറിയിൽ ഭർത്താവ് വിജയനിൽനിന്ന് തനിക്കുണ്ടായ അനുഭവങ്ങളിൽ തളർന്നുപോയ ഷീബ പിന്നീടെല്ലാം തീരുമാനിച്ചുറപ്പിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പിലെ വാചകങ്ങളിൽ നിന്ന് മനസിലാകുന്നത്. തന്നെച്ചൊല്ലി അമ്മയും സഹോദരങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിലും ഭർത്താവും വീട്ടുകാരും മനോരോഗിയെന്ന് മുദ്രകുത്തിയതിലും വിഷണ്ണയായ അവൾ അടുത്ത ദിവസം രാവിലെ സഹോദരങ്ങൾ ജോലിക്കും അമ്മ വിജയമ്മ നിത്യോപയോഗ സാധനങ്ങൾ വാങ്ങാനും പോയ തക്കം നോക്കിയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. സാധനങ്ങളുമായി തിരിച്ചെത്തിയ വിജയമ്മ വീട്ടിലെ കതകുകളെല്ലാം അടച്ചിട്ടിരിക്കുന്നതാണ് കണ്ടത്. പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികളെ വിവരം അറിയിച്ചു. അവരെത്തി വാതിൽ തള്ളി തുറന്ന് നോക്കുമ്പോഴാണ് വിജയമ്മയുടെ മുറിയിൽ ഷീബയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പാലോട് എസ്.ഐ സനോജ്, സി.ഐ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസിന്റെ അന്വേഷണം. എസ്.ഐ സ്ഥലം മാറ്റപ്പെടുകയും സി.ഐയ്ക്ക് സ്ഥലം മാറ്റത്തിന് ഉത്തരവുണ്ടാകുകയും ചെയ്തതോടെ ഷീബയുടെ ആത്മഹത്യയും അതിന് പ്രേരണയായ സ്ത്രീപീഡനവും സംബന്ധിച്ച അന്വേഷണം ഇപ്പോഴും തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണ്. ലോക്കൽ പൊലീസ് അന്വേഷണത്തിൽ കാര്യമായ താൽപ്പര്യം കാട്ടാത്ത സാഹചര്യത്തിൽ ക്രൈംബ്രാംഞ്ച് പോലുള്ള പ്രത്യേക ഏജൻസികളെ കേസ് അന്വേഷിപ്പിക്കാൻ ചുമതലപ്പെടുത്തണമെന്നാണ് വീട്ടുകാരുടെ ആവശ്യം.