കോട്ടയം: മുസ്ലിംലീഗിന്റെ പച്ചക്കൊടിയോട് എംജി സർവകലാശാല പ്രോ. വൈസ് ചാൻസിലർ ഷീനാ ഷുക്കൂറിനുള്ള പ്രേമം വളരെ പ്രസിദ്ധമാണ്. ഇക്കാര്യം തുറന്നു പറഞ്ഞതിന്റെ പേരിൽ ഏറെ വിമർശനവും അവർ കേട്ടിരുന്നു. എന്തായാലും പച്ചക്കളർ തനിക്ക് ഒരു വീക്ക്‌നസ് ആണെന്ന് അവർ വീണ്ടും തെളിയിച്ചു എന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം. ഇതിന് കാരണം ആകട്ടെ പച്ച ലഡ്ഡുവും..!! വിജയെ ആഘോഷിക്കാൻ പച്ച ലഡ്ഡു ഉപയോഗിക്കുക എന്നത് മുസ്ലിംലീഗ് പ്രവർത്തകരുടെ പൊതു ശൈലിയാണ്. ഇക്കാര്യം തന്നെയാണ് ഷീനാ ഷുക്കൂർ ചെയ്തതും.

പഞ്ചാബിലെ പട്യാലയിൽ നടന്ന അന്തർസംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മഹാത്മാഗാന്ധി സർവകലാശാല വനിതാ വിഭാഗത്തിൽ വിജയികൾ ആയിരുന്നു. എം ജി ജേതാക്കളായത് പ്രോ വൈസ് ചാൻസലർ എന്ന നിലയിൽ ഷീനയെയും ഏറെ സന്തോഷിപ്പിച്ചു. സന്തോഷം പ്രകടിപ്പിക്കാൻ വേണ്ടി വിദ്യാർത്ഥികൾ കോട്ടയത്ത് ട്രെയിനിൽ എത്താൻ കാത്തുനിന്ന ഷീനയ്ക്ക് പക്ഷേ ഒരു അമളി പറ്റി. പച്ചലഢുവും പൂക്കളും ഏന്തിയാണ് ഷീനാ ഷുക്കൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്.

സർവകലാശാലയുടെ അഭിമാനം ഉയർത്തിയ വിദ്യാർത്ഥികളെ സ്വീകരിക്കാൻ റോസാപ്പൂക്കളും ബൊക്കയുമായാണ് ഷീനാ ഷുക്കൂറും മറ്റ് സർവകലാശാല ഉദ്യോഗസ്ഥർക്കൊപ്പം എത്തിയത്. എന്നാൽ, കൂട്ടത്തിൽ വിദ്യാർത്ഥികൾക്ക് മധുരം നുണയാൻ വാങ്ങിയ ലഡ്ഡുവിന്റെ കളർ പച്ചയായത് കൗതുകമായി. ഷൂനാ ഷുക്കൂർ നേരിട്ടാകില്ല ലഡ്ഡു വാങ്ങിയത് എന്നത് ഏതാണ്ട് ഉറപ്പാണ്. എന്നാൽ പച്ചലഡ്ഡു വാങ്ങാൻ അവർ നിർദേശിച്ചിരുന്നോ, അതോ പ്രോ. വിസിക്ക് പണി കൊടുക്കാൻ വേണ്ടി മനപ്പൂർവ്വം ആരെങ്കിലും ചെയ്തതാണോ എതെന്നതും വ്യക്തമല്ല. വിദ്യാർത്ഥികൾ ട്രെയിനിൽ വന്നിറങ്ങിയപ്പോൾ പച്ച ലഡ്ഡു കൊടുത്തു തന്നെയാണ് ഷീനാ ഷുക്കൂർ സ്വീകരണം നൽകിയതും.

എന്തായാലും ഷീന ഷുക്കൂർ പച്ച ലഡ്ഡുവും വാങ്ങി വിദ്യാർത്ഥികളെ സ്വീകരിക്കാൻ കാത്തുനിൽക്കുന്ന ചിത്രം വാട്‌സ് ആപ്പ് വഴി പ്രചരിക്കുന്നുണ്ട്. ഈ ചിത്രവും അവർ മുമ്പ് ദുബായിൽ നടത്തിയ പ്രസംഗവും തമ്മിൽ പലരും ലഡ്ഡു വിഷയത്തെ കൂട്ടിവായിക്കുകയാണ്. പച്ചപ്പതാകയുടെ തണലിലാണ് തനിക്ക് വീടും കാറും ലഭിച്ചതെന്നായിരുന്നു ദുബായിൽ വച്ച് ഷീനാ ഷുക്കൂർ പറഞ്ഞത്.

മുസ്ലിംലീഗിന്റെ ശക്തമായ പിന്തുണ കൊണ്ടാണ് തനിക്കും ഭർത്താവിനും സ്ഥാനമാനങ്ങൾ ലഭിച്ചതെന്നും സർവകലാശാല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഗവർണറുടെ അനുമതിയില്ലാതെയാണ് താൻ ദുബായിലെത്തിയതെന്നും ഷീന ഷുക്കൂർ പറയുന്നു. കഴിഞ്ഞ മെയ് 22ന് കെഎംസിസി ചെറുവത്തൂർ, ദുബായിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഷീന ഷുക്കൂറിന്റെ വിവാദ പരാമർശം. ഇതേതുടർന്ന് ഷീനാ ഷുക്കൂറിനെതിരെ പരാതിയും ഗവർണ്ണർക്ക് പോയിരുന്നു. വി എസ് അച്യുതാനന്ദൻ അടക്കമള്ളവർ ഈ വിഷയത്തിൽ ഷീനാ ഷൂക്കൂറിനെതിരെ രംഗത്തുവന്നിരുന്നു.

മുസ്ലിംലീഗിന്റെ നോമിനി എന്ന നിലയിലാണ് ഷീന ഷുക്കൂർ എം ജി സർവകലാശാലയുടെ പ്രോ വൈസ് ചാൻസർ തസ്തികയിൽ എത്തിയത്. മുസ്ലിംലീഗും വിദ്യാഭ്യാസ വകുപ്പും ഉന്നതപദവികൾ രാഷ്ട്രീയവത്ക്കരിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ഒരിക്കൽക്കൂടി വെളിപ്പെടുത്തുകയാണ് ഷീന ഷൂക്കൂറിന്റെ വിവാദ ദുബായ് പ്രസംഗമെന്ന വിലയിരുത്തലായിരുന്നു വ്യാപകം. ചട്ടങ്ങൾ ലംഘിച്ചാണു ഷീന ഷുക്കീർ ദുബായ് യാത്ര നടത്തിയതെന്നും ആക്ഷേപം ഉണ്ടായിരുന്നു. എന്തായാലും ഷീനാ ഷൂക്കൂറിന്റെ പച്ചപ്രേമം സർവകലാശാലാശാലയിലെ മറ്റ് ഉദ്യോഗസ്ഥർക്കിടയിലും ചർച്ചയായിട്ടുണ്ട്.