അബുദാബി: യുഎഇയുടെ സമഗ്രമായ വികസനകുതിപ്പിന് ഊർജ്ജം നൽകിയ ഭരണാധികാരി ആയിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. യുഎഇ പ്രസിഡന്റ് എന്ന നിലയിലും, അബുദാബി ഭരണാധികാരി എന്ന നിലയിലും സുപ്രധാനമായ പുനഃ സംഘടനയ്ക്ക് നേതൃത്വം നൽകിയ ദീർഘവീക്ഷണമുള്ള വ്യക്തിത്വം.

പ്രസിഡന്റായി ചുമതലേയറ്റ നാൾ മുതൽ യുഎഇയുടെ സുസ്ഥിരവും സന്തുലിതവുമായ വികസനമായിരുന്നു ഷേയ്ഖ് ഖലീഫ ദൗത്യമായി ഏറ്റെടുത്തത്. തന്റെ പിതാവ് ഷെയ്ഖ് സായിദ് തുറന്നിട്ട പാതയിലൂടെ ശുഭകരമായ ഭാവിയിലേക്ക് അദ്ദേഹം യുഎഇയെ നയിച്ചു. എണ്ണ, പ്രകൃതി വാതക മേഖലയുടെ വികസനത്തിനും, എണ്ണശുദ്ധീകരണത്തിനും വിതരണത്തിനും മാർക്കറ്റിങ്ങിനും എല്ലാമായി അദ്ദേഹം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിച്ചു.

വടക്കൻ എമിറേറ്റുകളുടെ ആവശ്യങ്ങൾ പഠിക്കാൻ രാജ്യമൊട്ടുക്ക് വിപുലമായ യാത്രകൾ നടത്തിയിരുന്നു. ഈ യാത്രകളിൽ, ഭവന, വിദ്യാഭ്യാസ, സാമൂഹിക സേവന രംഗത്ത് നിരവധി പദ്ധതികൾ തുടങ്ങാൻ അദ്ദേഹം നിർദ്ദേശം നൽകി. ഇതുകൂടാതെ, ഫെഡറൽ നാഷണൽ കൗൺസിലിലെ അംഗങ്ങളെ തിരഞ്ഞെടുക്കാൻ നാമനിർദ്ദേശ സമ്പ്രദായത്തിന് തുടക്കമിട്ടു. യുഎഇയിൽ നേരിട്ടുള്ള തിരഞ്ഞെടുപ്പിന് കളമൊരുക്കിയതിൽ ആദ്യ ചുവട് വയ്പായിരുന്നു അത്.

ഷെയ്ഖ് ഖലീഫ ജനങ്ങളുടെ പ്രശ്‌നങ്ങളിൽ നല്ലൊരു കേൾവിക്കാരനായിരുന്നു. വളരെ സൗമ്യനായ വ്യക്തിയും. യുഎഇയിൽ ഏറെ സ്‌നേഹിക്കപ്പെടുന്ന ഭരണാധികാരിയും ആയിരുന്നു. തന്റെ പിതാവും യുഎഇയുടെ ആദ്യ പ്രസിഡന്റും ആയിരുന്ന ഹിസ് ഹൈനസ് ഷെയ്ക് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പിൻഗാമിയായാണ് ഷേ്‌യ്ഖ് ഖലീഫ ചുമതലയേറ്റത്. 2004, നവംബർ രണ്ടിനായിരുന്നു ഷെയ്ഖ് സായിദിന്റെ വിയോഗം.

1948 ൽ ജനിച്ച ഷെയ്ഖ് ഖലീഫ യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും, അബുദാബിയുടെ 16 ാമത്തെ ഭറണാധികാരിയും ആയിരുന്നു.ഷെയ്ഖ് സായിദിന്റെ മൂത്ത മകനായിരുന്നു ഷെയ്ഖ്ഖലീഫ.

ഭരണഘടനപ്രകാരം, യുഎഇ വൈസ് പ്രസിഡന്റും, ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനായിരിക്കും താത്കാലിക ഭരണ ചുമതല. ഏഴ് എമിറേറ്റുകളിലെയും ഭരണാധികാരികൾ അടങ്ങിയ ഫെഡറൽ കൗൺസിൽ 30 ദിവസത്തിനകം ചേർന്ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും.

ഷെയ്ഖ് ഖലീഫയുടെ അർദ്ധ സഹോദരനും, കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആയിരിക്കും അടുത്ത അബുദാബി ഭരണാധികാരി എന്ന് പ്രതീക്ഷിക്കുന്നു. ഷെ്‌യ്ഖ് ഖലീഫയ്ക്ക് 2014 ൽ പക്ഷാഘാതം ഉണ്ടായതിനെ തുടർന്ന് മുഹമ്മദ്് ബിൻ സായിദായിരുന്നു ഭരണ ചുമതലകൾ നിർവഹിച്ചിരുന്നത്. അതിന് ശേഷം ഷെയ്ഖ് ഖലീഫ പൊതുജന മധ്യത്തിൽ കാര്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല.

ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തെ തുടർന്ന് ഇന്നുമുതൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രാലയങ്ങളും, വകുപ്പുകളും പ്രാദേശിക സ്ഥാപനങ്ങളും, സ്വകാര്യ സ്ഥാപനങ്ങളും മൂന്നുദിവസത്തേക്ക് അടച്ചിടും.