കൊച്ചി: നടിയും മോഡലുമായ ട്രാൻസ്വുമൺ ഷെറിൻ സെലിൻ മാത്യു (27) വിനെ വ്യക്തിപരമായ പ്രശ്‌നങ്ങൾ അലട്ടിയിരുന്നതായി സംശയം. സെലിൻ ജീവനൊടുക്കിയത് വീഡിയോ കോൾ ചെയ്തിട്ടാണെന്ന് സുഹൃത്തുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ഷെറിൻ ആർക്കാണ് വിളിച്ചത് എന്നതിൽ വ്യക്തതയില്ല. ഹോർമോൺ ടാബ്ലറ്റുകൾ കഴിച്ചതിന്റെ അവശിഷ്ടങ്ങൾ മുറിയിലുണ്ടായിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു.

'അയൽപക്കക്കാരുമായി സംസാരിക്കുമായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ...പെട്ടെന്ന് എന്താ സംഭവിച്ചതെന്ന് അറിയില്ല. അടുത്തദിവസങ്ങളിൽ എന്തെങ്കിലും മാനസിക വിഷമം ഉള്ളതായി തോന്നിയിരുന്നില്ല. ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഏകദേശം മൂന്നുവർഷമായി താമസിക്കുന്നു. മറ്റു വലിയ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും, വീട്ടുടമസ്ഥരുടെ ചില നിലപാടുകൾ ബുദ്ധിമുട്ടിച്ചിരുന്നു. ഒരുകാരണവും കൂടാതെ വീട് ഒഴിയണമെന്ന് പറഞ്ഞിരുന്നു. വേറെ എന്തെങ്കിലും വ്യക്തിപരമായ കാര്യമുണ്ടോ എന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ല', സുഹൃത്തുക്കൾ പറഞ്ഞു.

കൊച്ചി ചക്കരപ്പറമ്പിലെ ലോഡ്ജിൽ ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ഷെറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ്. സുഹൃത്തുക്കളുമായി ഇവർക്ക് ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതിന്റെ മാനസിക വിഷമത്തിലായിരുന്നു നടി. മനോവിഷമമുണ്ടെന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു

മുൻപ് ആലപ്പുഴയിൽ ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡിൽ അംഗമായിരുന്നു. ഇപ്പോൾ ജോലിയോടനുബന്ധിച്ച് കൊച്ചിയിലായിരുന്നു താമസം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുക്കും.

അതേസമയം, ഷെറിൻ സെലിൻ മാത്യൂവിന്റെ മരണത്തിൽ പ്രതികരണവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം രംഗത്തെത്തി. കഴിഞ്ഞ കുറച്ചുകാലമായി ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്ന് ഇതുപോലുള്ള നിരന്തര ദുരൂഹമരണങ്ങളും ആത്മഹത്യകളും റിപ്പോർട്ട് ചെയ്യപ്പെടുന്നണ്ടെന്ന് വി.ടി ബൽറാം പറഞ്ഞു.കൊച്ചിയിൽത്തന്നെ ഒന്നര വർഷത്തിനകത്ത് ഇത് അഞ്ചാമത്തെ മരണമാണ്. ഗൗരവമുള്ള പഠനത്തിനും ഇടപെടലിനും ഇനിയും മടിച്ചുനിൽക്കരുതെന്നും ബൽറാം പറഞ്ഞു

ബൽറാമിന്റെ കുറിപ്പ്

കൊച്ചിയിൽ ഒരു ട്രാൻസ്‌ജെൻഡർ വ്യക്തിയേക്കൂടി മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ കുറച്ചുകാലമായി ഇതുപോലുള്ള ദുരൂഹമരണങ്ങളും ആത്മഹത്യകളും ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്ന് നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കൊച്ചിയിൽത്തന്നെ ഒന്നര വർഷത്തിനകത്ത് ഇത് അഞ്ചാമത്തെ മരണമാണ്.

കേവലം ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന് എഴുതിത്ത്തള്ളാതെ സവിശേഷമായ സാമൂഹിക ശ്രദ്ധയും പഠനവും ആവശ്യമുള്ള ഗൗരവതരമായ ഒരു വിഷയമായി ഇതിനെ കാണാൻ നമുക്ക് കഴിയേണ്ടതുണ്ട്. ട്രാൻസ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ മനോഭാവം, അധികാര സ്ഥാപനങ്ങളിലടക്കം ഇപ്പോഴും നിലനിൽക്കുന്ന സ്റ്റിഗ്മ, പലതരം ചൂഷണങ്ങൾ, വിവേചനങ്ങൾ, രൂക്ഷമായ തൊഴിലില്ലായ്മ, എന്നിങ്ങനെ പലതരം പ്രശ്‌നങ്ങളും ഇനിയും വേണ്ട രീതിയിൽ അഡ്രസ് ചെയ്യപ്പെട്ടിട്ടില്ല.

അതുകൊണ്ടുതന്നെ ഈ മരണത്തേക്കുറിച്ചുള്ള പൊലീസിന്റെ കേസന്വേഷണത്തിനപ്പുറം സാമൂഹിക നീതി വകുപ്പ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ ഇതിനെ ഒരു പൊതു വിഷയമായിക്കണ്ട് ഗൗരവമുള്ള പഠനത്തിനും അതനുസരിച്ചുള്ള ഇടപെടലുകൾക്കും ഇനിയും മടിച്ചു നിൽക്കരുത്. സമൂഹത്തിലെ ഓരോ വ്യക്തിയും പൂർണാർത്ഥത്തിൽ ഉൾക്കൊള്ളപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് നാമേവരുടേയും ഉത്തരവാദിത്തമാണ്.
മരണപ്പെട്ട ഷെറിൻ സെലിൻ മാത്യുവിന് ആദരാഞ്ജലികൾ.